‘ബോച്ചെയെ കണ്ടപ്പോൾ വിഷമമായി’; സ്‌ത്രീകൾ നിയമം മുതലെടുക്കുന്നുവെന്ന് ടെലിവിഷൻ താരം ഷിയാസ് കരീം

സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയ കുറ്റത്തിന് ബോബി ചെമ്മണ്ണൂർ ജയിലിൽ പോയതിൽ തനിക്ക് വിഷമമുണ്ടെന്ന് ടെലിവിഷൻ താരം ഷിയാസ് കരീം. കൊലപാതക കുറ്റം ചെയ്‌തവരെ പോലും വെറുതേവിടുന്നു, കമന്റ് പറഞ്ഞു എന്നതിന് ജയിലിലടയ്‌ക്കേണ്ട ആവശ്യമുണ്ടോ എന്നും ഷിയാസ് ചോദിച്ചു. ബോഡി ഷെയിമിംഗ് കുറ്റമാണ്. ഹണി റോസിനൊപ്പമാണ് താനെന്നും രണ്ടുപേരുടെ ഭാഗത്തും തെറ്റുണ്ടെന്നും ഷിയാസ് കരീം കൂട്ടിച്ചേർത്തു.

‘എനിക്ക് വിഷമം തോന്നി. തുല്യതയ്‌ക്ക് വേണ്ടിയല്ലേ മത്സരിക്കുന്നത്. അപ്പോൾ അങ്ങോട്ടുമിങ്ങോട്ടും വിട്ടുവീഴ്‌ചകൾ ചെയ്യണം. ബോച്ചെയുടെ സ്വഭാവം അങ്ങനെയാണ്. ഒരു വ്യക്തിയെ നന്നാക്കാൻ ഈ ലോകത്ത് പറ്റില്ല. അയാൾ ജയിലിൽ പോയി. അതിനോട് ഞാൻ യോജിക്കുന്നില്ല. കൊലപാതകം ചെയ‌്തവർ ജയിലിൽ പോയിട്ടില്ല. മയക്കുമരുന്ന് ഉപയോഗിച്ചവരെ പിടിച്ചാൽ പോലും ജയിലിൽ വിടുന്നില്ല. അതൊക്കെയാണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം. ഞാൻ വിശ്വസിക്കുന്നത് അങ്ങനെയാണ്. ബോഡി ഷെയിമിംഗ് വളരെ മോശമാണ്. പക്ഷേ, അതിന് ജയിലിൽ പോകേണ്ട ആവശ്യമുണ്ടോ?.

എന്റെ പേരിലും വ്യാജ ആരോപണം വന്നതാണ്. ഒരു ദിവസം ജയിലിൽ കിടന്നാൽ 100 ദിവസം കിടന്നതിന് തുല്യമാണെന്നാണ് ഞാൻ അന്ന് വിചാരിച്ച കാര്യം. രണ്ട് വ്യക്തികളെയും വിളിച്ച് ഇനിയിത് ആവർത്തിക്കരുതെന്ന് താക്കീത് കൊടുക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളു. നിയമം കുറച്ചൊക്കെ മാറാനുണ്ട്. ചില ആനുകൂല്യങ്ങൾ സ്‌ത്രീകൾ മുതലെടുക്കുന്നു. ഹണി റോസിനെ ഞാൻ കുറ്റപ്പടുത്തില്ല. അവർക്ക് ഇഷ്‌ടമുള്ള വസ്‌ത്രം ധരിക്കാനുള്ള അവകാശമുണ്ട്. അവർക്കൊപ്പമാണ് ഞാൻ. പക്ഷേ, ജയിലിൽ പോകേണ്ട ആവശ്യമുണ്ടോ എന്നേ ഞാൻ ചോദിക്കുന്നുള്ളു. അദ്ദേഹത്തിന് നല്ല പ്രായമില്ലേ. കഴുത്തിന് പിടിച്ച് ജീപ്പിലേക്ക് തള്ളുന്നതൊക്കെ കണ്ടപ്പോള്‍ വിഷമമായി.’, ഷിയാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *