ബാഡ് ബോയ്സിന് നെ​ഗറ്റീവ് റിവ്യൂ പറഞ്ഞ് വീഡിയോ; വ്ളോ​ഗറെ വിളിച്ച് ഭീഷണിപ്പെടുത്തി നിർമാതാവ്

ബാഡ് ബോയ്സ് എന്ന സിനിമയ്ക്ക് നെ​ഗറ്റീവ് റിവ്യൂ പറഞ്ഞ വ്ളോ​ഗറെ വിളിച്ച് ഭീഷണിപ്പെടുത്തി നിർമാതാവ്. ബാഡ് ബോയ്സ് നിർമിച്ച എബ്ബാം മൂവീസ് ഉടമ എബ്രഹാം മാത്യുവാണ് റിവ്യൂവറെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞത്. റിവ്യൂ യൂട്യൂബിൽ നിന്നും നീക്കം ചെയ്തില്ലെങ്കിൽ പൊലീസിനെ വിളിച്ചുകൊണ്ട് വീട്ടിലെത്തുമെന്നും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുമെന്നുമാണ് എബ്രഹാം മാത്യു വ്ളോ​ഗറോട് പറഞ്ഞത്.

കഴിഞ്ഞദിവസം റിവ്യൂവർ പുറത്തുവിട്ട വീഡിയോയിലാണ് എബ്രഹാം മാത്യുവിന്റെ ഭീഷണിയുടെ ഫോൺ റെക്കോർഡിങ് ഉൾപ്പെടുത്തിയത്. റിവ്യൂ നീക്കം ചെയ്തില്ലെങ്കിൽ രാവിലെ വിവരമറിയും ഇതൊരു താക്കീത് ആണ്. തോന്നുന്നത് എഴുതിയിടാനല്ല കോടിക്കണക്കിന് കാശ് മുടക്കി സിനിമ എടുക്കുന്നത്. കാശ് മേടിച്ചാണ് ഇത്തരം റിവ്യു ചെയ്യുന്നതെന്നും ഏബ്രഹാം മാത്യു ആരോപിക്കുന്നു. നിർമാതാവിന്റെ ഭീഷണിയെത്തുടർന്ന് വ്ളോ​ഗർ റിവ്യൂ വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. തനിക്കു പേടിയും ടെൻഷനും ഉണ്ടെന്നും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്ന ഒരുപാട് കാശുള്ളവരോട് തിരിച്ചൊന്നും പറയാൻ പറ്റില്ലെന്നും പുതിയ വീഡിയോയിൽ വ്ളോ​ഗർ പറഞ്ഞു.

റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒമർ ലുലു സംവിധാനം ‘ബാഡ് ബോയ്സ്’ അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *