ബന്ധങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഞാനൊരു മണ്ടിയാണ്; എത്ര കിട്ടിയാലും പഠിക്കില്ല: ആര്യ

മലയാളികൾക്ക് പ്രിയങ്കരിയായ നടിയും അവതാരകയുമാണ് ആര്യ.  സിനിമകളിലും അവതാരക എന്ന നിലയിലും നടി തന്റേതായ ഇടം കണ്ടെത്തി. ഇമേജിനെ ഭയക്കാതെ, സ്വന്തം വ്യക്തിജീവിതത്തെപ്പറ്റിയും പല തുറന്നു പറച്ചിലുകളും നടത്തിയിട്ടുള്ള താരമാണ് ആര്യ. സിനിമാജീവിതത്തെക്കുറിച്ചും സൗഹൃദങ്ങളെ കുറിച്ചുമൊക്കെ തുറന്നുപറയുന്ന ആര്യയുടെ ഏറ്റവും പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. 

”എന്റെ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോയിട്ടുള്ളവർക്കെല്ലാം ഞാൻ എന്നെത്തന്നെ വളരെയധികം കൊടുത്തിട്ടുള്ളതാണ്. എന്റെ അറ്റാച്ച്മെന്റ് ആണെങ്കിലും, ഇമോഷൻസ് ആണെങ്കിലും എല്ലാം..അത്രമേൽ അളവില്ലാതെ ഞാൻ സ്നേഹിച്ചവരാണ് നിസാരമായ കാര്യങ്ങളുടെ പേരിൽ എന്നെ ഇട്ടിട്ടുപോയിട്ടുള്ളത്. ഞാൻ എന്ന വ്യക്തിക്ക് അവർ അത്രയേ വിലകൽപിച്ചിട്ടുള്ളൂ എന്നാണ് ഇതിൽ നിന്നെല്ലാം മനസിലായത്. എന്താണ് പ്രശ്നമെന്ന് പറഞ്ഞിട്ട് ഇറങ്ങിപ്പോകുന്നവരെ മാത്രം പരിഗണിച്ചാൽ മതി. അല്ലാത്തവരെ പരിഗണിക്കേണ്ട ആവശ്യമില്ല”, എന്ന് ആര്യ അഭിമുഖത്തിൽ പറഞ്ഞു. 

15 വർഷത്തിലധികമായി താൻ കാത്തുസൂക്ഷിക്കുന്ന സൗഹൃദങ്ങൾ ജീവിതത്തിലുണ്ടെന്നും ആര്യ പറഞ്ഞു. ”എന്റെ ജീവിതത്തിലേയ്ക്ക് വരാൻ എളുപ്പമാണ്. വിട്ടുപോകാനാണ് ബുദ്ധിമുട്ട്. എന്നാൽ വിട്ടുപോകുന്നവരുമുണ്ട്. ബന്ധങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഞാനൊരു മണ്ടിയാണ്. എത്ര കിട്ടിയാലും പഠിക്കില്ല എന്ന കൂട്ടത്തിൽപ്പെടുന്നയാളാണ് ഞാൻ. എന്നാൽ പ്രായമാകുന്തോറും കാര്യങ്ങൾ മനസിലാക്കി തുടങ്ങി. ഇപ്പോൾ ഞാൻ ഒരുപാട് മാറിയിട്ടുണ്ട്. ആ മാറ്റം എനിക്കു തന്നെ മനസിലാകുന്നുണ്ട്”, എന്നും ആര്യ കൂട്ടിച്ചേർത്തു.

സിനിമാ മേഖലയിൽ തനിക്ക് വളരെ അടുത്ത സൗഹൃദങ്ങളില്ലെന്നും ഇതുവരെ താരസംഘടനായ അമ്മയിൽ അംഗമല്ലെന്നും ആര്യ വെളിപ്പെടുത്തി. ”ഒരു സിനിമയിൽ എത്താനോ നല്ല കഥാപാത്രങ്ങൾ ചെയ്യാനോ ടാലന്റ് വേണമെന്നില്ല എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. അതിന് ഭാഗ്യമുണ്ടാവണം. നല്ല ബന്ധങ്ങൾ ഉണ്ടെങ്കിലും സിനിമയിൽ പിടിച്ചുനിൽക്കാനാവും. മീഡിയ ഇൻഡസ്ട്രി എന്ന് പറയുന്നത് കയ്യാല പുറത്തെ തേങ്ങ പോലെയാണ്”, ആര്യ അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *