പൃഥ്വിരാജിന്റെ പേര് ഷൂട്ടിംഗിന്റെ തലേ ദിവസമാണ് പുറത്ത് വിട്ടത്, അവർ വൈരാഗ്യം മനസ്സിൽ കുറിച്ചിരുന്നു: വിനയൻ

വിലക്കും അവസരങ്ങൾ നിഷേധിക്കലും നേരിട്ട ഒരു കാലഘട്ടം നടൻ പൃഥ്വിരാജിനുണ്ടായിരുന്നു. ഇതേക്കുറിച്ച് പൃഥിരാജ് ഇപ്പോൾ അധികം സംസാരിക്കാറില്ലെങ്കിലും അമ്മ മല്ലിക സുകുമാരൻ പഴയ കാര്യങ്ങൾ പലതും ഇന്നും ഓർമ്മിപ്പിക്കാറുണ്ട്. പ്രതിസന്ധി കാലത്ത് പൃഥിരാജിനൊപ്പം നിന്ന സംവിധായകൻ വിനയനാണ്.

വിനയൻ, പൃഥിരാജ്, തിലകൻ എന്നിവർ അക്കാലത്ത് വേട്ടയാടപ്പെട്ടു. വിനയനോടുള്ള നന്ദിയും ബഹുമാനവും പ്രകടമാക്കി മല്ലിക സുകുമാരൻ അടുത്തിടെ സംസാരിക്കുകയുണ്ടായി. ഇതിന്റെ പേരിൽ സിനിമാ ലോകത്തെ ചിലർക്ക് നീരസം തോന്നിയെന്നും മല്ലിക സുകുമാരൻ കഴിഞ്ഞ ദിവസം പറഞ്ഞു. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് വിനയൻ.

മല്ലികച്ചേച്ചി എന്നേപ്പറ്റി പറഞ്ഞ നല്ല വാക്കുകൾക്കു നന്ദി. ചേച്ചി പറഞ്ഞതിൽ ഒരു സിനിമയുടെ പേര് മാറിപ്പോയിട്ടുണ്ട്. പൃഥ്വിരാജിന്റെ വിലക്കു തീർക്കാൻ എടുത്ത ചിത്രം സത്യമല്ല അത്ഭുതദ്വീപ് ആണ്. പക്രു ആണ് ആ സിനിമയിലെ നായകൻ എന്ന് അനൗൺസ് ചെയ്തു കൊണ്ട് ബാക്കി എല്ലാ നടീനടൻമാരുമായും എഗ്രിമെന്റ് ഇട്ടശേഷം ഷൂട്ടിംഗിന്റെ തലേ ദിവസമാണ് പൃഥ്വിരാജിന്റെ പേര് ഞാൻ വെളിയിൽ വിട്ടത്. ബാക്കി എല്ലാവരുമായി എഗ്രിമെന്റ് ഉള്ളതുകൊണ്ട് എന്നോടെതിർക്കാൻ സംഘടനാ നേതാക്കൾ അന്നു തയ്യാറായില്ല. പക്ഷേ അതിന്റെ വൈരാഗ്യം അവർ മനസ്സിൽ കുറിച്ചിരുന്നു പിന്നീടാണല്ലോ അതു പ്രയോഗിച്ചത്. കുറേ ചിത്രങ്ങൾ വിലക്കിന്റെ പേരിൽ അന്ന് പൃഥ്വിരാജിനു പോയെങ്കിലും അത്ഭുതദ്വീപോടെ ആ വിലക്ക് പൊളിച്ചടുക്കി. യഥാർത്ഥത്തിൽ അന്നാണ് എഗ്രിമെന്റിന്റെ വില മനസ്സിലായത്.

2004 ൽ എഗ്രിമെന്റി വരുന്നതിനെതിരെ താര സംഘടനയും അവരോടൊപ്പം നിന്ന സംവിധായകരും സമരം പ്രഖ്യാപിച്ചപ്പോൾ അതിനെ ചെറുത്തു തോൽപ്പിച്ചു കൊണ്ട് സത്യം എന്ന സിനിമ ചെയ്തതും ഞാനും പൃഥ്വിരാജും തിലകൻ ചേട്ടനും ലാലു അലക്സും ക്യാപ്റ്റൻ രാജുവും ബാബുരാജും സുരേഷ്കൃഷ്ണയും ചേർന്നായിരുന്നു.

അതും ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്. അങ്ങനെയാണ് എഗ്രിമെന്റ് വന്നത്. മലയാള സിനിമയിലെ ഇത്തരം ചരിത്ര സത്യങ്ങളെ തമസ്കരിക്കാനാണല്ലോ നമ്മുടെ സിനിമാ പ്രമുഖർക്കു താല്പ്പര്യം. മല്ലികച്ചേച്ചി ഇത്രയും പറഞ്ഞതു കൊണ്ട് ഇതിപ്പോ ഓർത്തെന്നു മാത്രം. നന്ദി…, വിനയന്റെ കുറിപ്പിങ്ങനെ.

Leave a Reply

Your email address will not be published. Required fields are marked *