പിറന്നാൾദിനത്തിൽ രേഖയോടൊപ്പം ചുവടുവച്ച് ബോളിവുഡ് ഡ്രീം ഗേൾ ഹേമമാലിനി; വീഡിയോ വൈറൽ

ബോളിവുഡിന്‍റെ ഡ്രീം ഗേൾ ആയിരുന്നു ഹേമമാലിനി. ഇന്നലെയായിരുന്നു താരത്തിന്‍റെ ജന്മദിനം. ബോളിവുഡിലെയും രാഷ്ട്രീയത്തിലെയും പ്രമുഖകരും ആരാധകരും താരത്തിനു പിറന്നാൾ മംഗളങ്ങൾ നേർന്നു. ‌ താരത്തിന്‍റെ 75-ാം ജന്മദിനം പൊലിമ ഒട്ടും ചോരാതെ ആഘോഷമാക്കി സഹപ്രവർത്തകരും കുടുംബാംഗങ്ങളും. പിറന്നാൾ ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ ചലച്ചിത്ര മേഖലയിലെ പ്രമുഖർ പങ്കെടുത്തു.

ആഘോഷങ്ങളുടെ ഫോട്ടോകളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുംബൈയിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് പിറന്നാൾ താരം ആഢംബരമായി ആഘോഷിച്ചത്. ഹേമമാലിനിയുടെ ഭർത്താവും നടനുമായ ധർമ്മേന്ദ്രയും മക്കളായ അഹാനയും ഇഷ ഡിയോളും ആഘോഷത്തിൽ പങ്കുചേർന്നു.

1981ൽ രാജേഷ് ഖന്നയ്‌ക്കൊപ്പം അഭിനയിച്ച കുദ്രത്ത് എന്ന ചിത്രത്തിലെ ഗാനത്തിന് ചുവടുകൾവച്ചാണ് ഹേമ വേദിയിലേക്കെത്തിയത്. പിന്നാലെ മുതിർന്ന താരം രേഖയും വേദിയിലേക്കെത്തി. ക്യാ ഖൂബ് ലഗ്‌തി ഹോ എന്ന പ്രശസ്‌ത ഗാനത്തിന്‍റെ ഈരടികൾക്കൊപ്പം ഇരുവരും ചുവടുകൾ വച്ചപ്പോൾ അത് ആരാധകർക്ക് ഇരട്ടി മധുരമായി. ബോളിവുഡിന്‍റെ പഴയകാല ഓർമകളിലേക്ക് കൂടിയാണ് ഇരുവരും പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയത്.

ആഘോഷ രാവിൽ ജൂഹി ചൗളയ്‌ക്കൊപ്പം പോസ് ചെയ്യുന്ന ഹേമമാലിനിയുടെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ജയ ബച്ചൻ, പദ്‌മിനി കോലാപുരെ, സൽമാൻ ഖാൻ, രാജ്‌കുമാർ റാവു, വിദ്യ ബാലൻ, ആയുഷ്‌മാൻ ഖുറാന, ശിൽപ ഷെട്ടി, രവീണ ടണ്ടൻ, മാധുരി ദീക്ഷിത് എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *