ട്രെയിലറിന് എതിരെ എക്സൈസ് കേസെടുത്ത പശ്ചാത്തലത്തില്‍ ‘നല്ല സമയം’ എന്ന തന്റെ ചിത്രം തിയറ്ററില്‍ നിന്നും പിന്‍വലിക്കുന്നുവെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച് ചെയ്യുമെന്ന് ഒമര്‍ ലുലു ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം എക്സൈസില്‍ നിന്നും നോട്ടീസ് ലഭിച്ച വിവരം ഒമര്‍ ലുലു അറിയിച്ചിരുന്നു.
ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് നല്ല സമയത്തിന്റെ ട്രെയിലറെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് എക്സൈസ് കേസ് എടുത്തത്. ട്രെയിലറിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കേരള അബ്കാരി ആക്ടിലെ 55-ാം ചട്ടപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
അതേസമയം, ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നിരവധി സിനിമകള്‍ ഇതിനു മുമ്പും മലയാളത്തിലുണ്ടായിട്ടുണ്ടെന്നും തന്റെ സിനിമയ്ക്കെതിരെ ഇപ്പോള്‍ നടക്കുന്നത് എന്തൊക്കെയോ ലക്ഷ്യം വച്ചുള്ള ആക്രമണമാണെന്നുമാണ് ഒമര്‍ ലുലു കഴിഞ്ഞദിവസം പ്രതികരിച്ചത്. ഭീഷ്മപര്‍വത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ടെന്നും അവര്‍ക്കെതിരെ എന്തുകൊണ്ട് കേസ് എടുത്തില്ലെന്നും ഒമര്‍ ചോദിച്ചിരുന്നു.
ഡിസംബര്‍ 30നാണ് നല്ല സമയം റിലീസിന് എത്തിയത്. പിന്നാലെ ആയിരുന്നു എക്സൈസ് കേസ്. ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണ് നല്ല സമയം. ഇര്‍ഷാദ് അലിക്കൊപ്പം പുതുമുഖ നായികമാരാണ് നല്ല സമയത്തില്‍ അഭിനയിക്കുന്നത്.