ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് പ്രിയാ വാര്യർ. സോഷ്യൽ മീഡിയയിലൂടെ താരത്തിന് നിരവധി സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിൽ അവസരങ്ങൾ കുറഞ്ഞതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് പ്രിയാ വാര്യർ. മുൻവിധികൾ കാരണമാണ് അവസരങ്ങൾ നഷ്ടപ്പെടുന്നതെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. അഭിമുഖത്തിലാണ് പ്രിയാ വാര്യർ ഇക്കാര്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.
‘മലയാളത്തിൽ മനഃപൂർവം അഭിനയിക്കാതിരിക്കുന്നതല്ല. നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നില്ല. കൂടുതലും ലഭിക്കുന്നത് തമിഴ്,ഹിന്ദി,കന്നഡ എന്നീ ഭാഷകളിൽ നിന്നാണ്. മലയാളത്തിൽ അവസരം ലഭിക്കാത്തതിന് കാരണം അറിയില്ല. ഞാൻ അഭിനയിച്ച സിനിമകൾ കാണാത്തത് കൊണ്ടാണോയെന്നറിയില്ല. അവസരങ്ങൾ കുറവാണ്. എനിക്ക് ചെയ്യാൻ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങൾ വന്നിട്ടില്ല. ഞാനൊരു ഓഡീഷൻ വഴിയല്ല സിനിമയിൽ എത്തിച്ചേർന്നത്. പെട്ടെന്നാണ് സിനിമയിൽ വളർന്നത്. സോഷ്യൽ മീഡിയയിൽ പല തരത്തിലുളള ടാഗും എനിക്ക് വന്നു. വിന്റ് ഗേൾ, ഓവർ നൈറ്റ് എന്നിങ്ങനെ.
അതുകൊണ്ട് സംവിധായകർ റിസ്‌ക് എടുത്ത് കാസ്റ്റ് ചെയ്ത് വിളിച്ചാലല്ലേ തെളിയിക്കാൻ സാധിക്കുളളൂ. ചിലപ്പോൾ റിസ്‌ക് എടുക്കാൻ ആരും തയ്യറാകുന്നില്ല. എനിക്കറിയാവുന്ന മിക്ക സംവിധായകരോടും അവസരം ചോദിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും ഓഡീഷന് പോയിട്ടുണ്ട്. സോഷ്യൽ മീഡിയയിലുണ്ടായ പല മോശം പരാമർശങ്ങളും എനിക്ക് ലഭിക്കുന്ന അവസരത്തെ ബാധിച്ചിട്ടുണ്ട്.
നമ്മളെക്കുറിച്ച് ചില മുൻവിധികൾ ഉണ്ടാകുകയാണ്. ജാഡയാണെന്ന് പറയുന്നുണ്ട്. ചിലപ്പോൾ ഞാൻ അഭിനയിച്ചാൽ ശരിയാകില്ലെന്ന തോന്നൽ പലർക്കും ഉണ്ടാകാം. എന്റെ 18 വയസ് മുതൽ ഇതുപോലുളള സംഭവങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഞാൻ ചെയ്യുന്ന ഫോട്ടോ ഷൂട്ടുകൾക്ക് വിമർശനങ്ങൾ വന്നിട്ടുണ്ട്. എന്നെ എത്രമാത്രം പ്രസന്റ് ചെയ്യാൻ പറ്റുമോ അങ്ങനെയാണ് ഫോട്ടോ ഷൂട്ട് ചെയ്യുന്നത്. അല്ലാതെ അവസരം കിട്ടാനോ ആരെയും ആകർഷിപ്പിക്കാനോ അല്ല ചെയ്യുന്നത്’- പ്രിയാ വാര്യർ പറഞ്ഞു.