‘ദീലിപിനെതിരെ പരാതിപ്പെടാന്‍ അന്ന് നിര്‍ബന്ധിച്ചത് നടന്‍ സിദ്ധീഖും സംവിധായകന്‍ കെ മധുവും’; തുളസീദാസ്

വലിയ വിവാദമായി മാറിയ സംഭവമായിരുന്നു സംവിധായകന്‍ തുളസീദാസ് നടന്‍ ദിലീപിനെതിരെ പരാതി നല്‍കിയ സംഭവം. തന്റെ പക്കല്‍ നിന്നും അഡ്വാന്‍സ് വാങ്ങിയ ശേഷം മറ്റൊരു സിനിമയില്‍ അഭിനയിക്കാന്‍ പോയെന്നായിരുന്നു പരാതി. ഈ സംഭവത്തെ തുടര്‍ന്ന് മലയാള സിനിമയില്‍ സംഘടനകള്‍ പിളരുക വരെ സംഭവിച്ചു. ഇപ്പോഴിതാ ഈ സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് തുളസീദാസ്. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അ്‌ദേഹം മനസ് തുറന്നത്.

ഒരു സിനിമയ്ക്ക് വേണ്ടി ബോംബെയിലുള്ള മലയാളിയായ നിര്‍മ്മാതാവില്‍ നിന്നും 40 ലക്ഷം രൂപ വാങ്ങി എഗ്രിമെറ്റ് ചെയ്തിരുന്നു. ഷൂട്ട് തുടങ്ങാനുള്ള ഡേറ്റ് തീരുമാനിച്ചു. കഥ എന്റേതാണ്. അത് പുള്ളി കേട്ട് ഓക്കെ പറഞ്ഞതാണ്. സിബി-ഉദയനെക്കൊണ്ട് എഴുതിക്കാനും തീരുമാനിച്ചതാണ്. ഒന്ന് രണ്ട് സജഷന്‍സ് ദിലീപ് പറഞ്ഞു, എനിക്കത് ഇഷ്ടപ്പെട്ടില്ല. തീരുമാനം എന്റേതാണെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ഒന്ന് രണ്ട് അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഞങ്ങള്‍ തമ്മിലുണ്ടായെന്നും അദ്ദേഹം പറയുന്നു.

ആ സമയത്ത് ഞാന്‍ മോഹന്‍ലാലിന്റെ കോളേജ് കുമാരന്‍ ഷൂട്ട് ചെയ്യാന്‍ പോയി. ദിലീപിനോട് പറഞ്ഞിട്ടാണ് പോയത്. നിങ്ങള്‍ക്ക് ഇപ്പോള്‍ ഡേറ്റില്ലെങ്കില്‍ ഞാനിത് ചെയ്തിട്ട് വരാമെന്ന് പറഞ്ഞു. ദിലീപ് സമ്മതിച്ചതാണ്. പക്ഷെ ഇത് പരാതിയാക്കാന്‍ എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. നടന്‍ സിദ്ധീഖും സംവിധായകന്‍ കെ മധുവുമാണ് പരാതിപ്പെടാന്‍ എന്നെ നിര്‍ബന്ധിച്ചത് എന്നാണ് തുളസീദാസ് പറയുന്നത്.

സിദ്ധീഖ് എന്റെ സിനിമകളില്‍ ആദ്യം മുതലേ അഭിനയിക്കുന്ന നടനാണ്. മിക്ക സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സിദ്ധീഖിനോട് ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നു. പുള്ളി വേറെ സിനിമയില്‍ ആ നിര്‍മ്മാതാവിനേയും കൊണ്ടു പോയെന്ന് പറഞ്ഞു. തുളസി പോയി പരാതിപ്പെടാന്‍ പറഞ്ഞു. അതിന്റെ ആവശ്യമില്ലെന്ന് ഞാന്‍ പറഞ്ഞു. മറ്റ് ആര്‍ട്ടിസ്റ്റുകള്‍ പ്രശ്‌നമുണ്ടാക്കിയേക്കും എന്നു പറഞ്ഞപ്പോള്‍ ഒരു ആര്‍ട്ടിസ്റ്റും ഒരു കുഴപ്പവുമുണ്ടാക്കില്ല, തുളസി ന്യായമായ കാര്യത്തിനാണ് പരാതി കൊടുക്കുന്നതെന്ന് സിദ്ധീഖ് പറഞ്ഞുവെന്നും അദ്ദേഹം പറയുന്നു.

കെ മധുവും അതുപോലെ എന്നെ നിര്‍ബന്ധിച്ചു. കെ മധുവാണ് വിനയനോട് ഇങ്ങനൊരു പ്രശ്‌നമുണ്ടെന്നും ഏറ്റെടുക്കണമെന്നും പറയുന്നത്. അല്ലാതെ വിനയനായിട്ട് ഇങ്ങോട്ട് വന്നതല്ല. പാവം വിനയന് പുലിവാല് പിടിക്കേണ്ടി വന്നു. സിദ്ധീഖാണ് ഏറ്റവും കൂടുതല്‍ നിര്‍ബന്ധിച്ചത്. അങ്ങനെ ഞാന്‍ എ്‌ന്റെ സംഘടനയില്‍ പരാതിപ്പെട്ടു. അത് വലിയൊരു പ്രശ്‌നമായി. സംഘടനകള്‍ പിളര്‍ന്നു. മാക്ട പിളര്‍ന്നു. ഫെഫ്കയുണ്ടായി. ഇതുവരെ ഞാന്‍ എവിടേയും സിദ്ധീഖിന്റെ പേര് പറഞ്ഞിട്ടില്ലെന്നും തുളസീദാസ് പറയുന്നു.

ഈയ്യടുത്ത് ദിലീപിനോട് പറയേണ്ടി വന്നു. അതുകൊണ്ട് ഇനി വെളിപ്പെടുത്തുന്നതില്‍ എന്താണ് കുഴപ്പം? ജോണി ആന്റണിയ്ക്കും അറിയാം. എന്റെ ശിഷ്യനാണ്. എന്റെ കൂടെ പത്തിരുപത് സിനിമകളില്‍ കൂടെയുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. 

Leave a Reply

Your email address will not be published. Required fields are marked *