തിരക്ക് പിടിച്ച് സിനിമകൾ ചെയ്യണമെന്നില്ല, നല്ല കഥാപാത്രങ്ങൾ ചെയ്യണം; വാണി വിശ്വനാഥ്

മലയാളത്തിലെ ആക്ഷൻ നായികയാണ് വാണി വിശ്വനാഥ്. നായകൻമാരിൽ സുരേഷ് ​ഗോപിക്കുള്ള മാസ് ഇമേജ് നായികമാരിൽ ലഭിച്ചത് വാണി വിശ്വനാഥിനാണ്. നായകന് ഒപ്പത്തിനൊപ്പം നിൽക്കുന്ന കഥാപാത്രങ്ങൾ വാണിക്ക് ലഭിച്ചു. നടൻ ബാബുരാജിനെ വിവാഹം ചെയ്ത ശേഷമാണ് വാണി വിശ്വനാഥ് കരിയറിൽ സജീവമല്ലാതായത്. മറ്റ് ഭാഷകളിൽ ഇടയ്ക്ക് സിനിമകൾ ചെയ്തപ്പോഴും മലയാളത്തിൽ സിനിമകളിൽ തെരഞ്ഞെടുക്കുന്നതിൽ വാണി വലിയ ശ്രദ്ധ നൽകി.

മലയാളത്തിൽ വീണ്ടും സജീവമാകുകയാണ് വാണി വിശ്വനാഥിപ്പോൾ. ഒരു അന്വേഷണത്തിന്റെ തുടക്കം ആണ് വാണിയുടെ വരാനിരിക്കുന്ന സിനിമ. സിനിമാ രം​ഗത്ത് നിന്നും മാറി നിന്നതിനെക്കുറിച്ചും തിരിച്ച് വരവിനെക്കുറിച്ചും സംസാരിക്കുകയാണ് വാണി വിശ്വനാഥിപ്പോൾ. വീണ്ടും തിരക്ക് പിടിച്ച് സിനിമകൾ ചെയ്യണമെന്നില്ല. നല്ല കഥാപാത്രങ്ങൾ ചെയ്യണം. അതിലൂടെ തിരക്കാവുകയാണെങ്കിൽ ആകട്ടെ എന്നാണ് തനിക്കാ​ഗ്രഹമെന്നും വാണി പറയുന്നു. മൂവി വേൾഡ് മീഡിയയോടാണ് പ്രതികരണം. സിനിമകളിൽ നിന്ന് മാറി നിന്ന കാലഘട്ടത്തെക്കുറിച്ചും വാണി സംസാരിച്ചു. മാറി നിന്ന സമയത്ത് സിനിമയെ മിസ് ചെയ്തിട്ടില്ല. കാരണം അതിലും സന്തോഷമുള്ള കാര്യത്തിൽ ഏർപ്പെടുമ്പോൾ അത് മിസ്സാവില്ല. ദുഖമുള്ള കാര്യത്തിൽ ഏർപ്പെടുമ്പോഴേ മിസ് ചെയ്യൂ. എന്റെ മക്കൾ എനിക്ക് സിനിമയേക്കാൾ കൂടുതൽ സന്തോഷം തന്നതാണ്.

തിരിച്ച് വരുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്തുള്ള സിനിമയിലൂ‌ടെ വരണമെന്നായിരുന്നു ആ​ഗ്രഹം. വരാനിരിക്കുന്ന തന്റെ മൂന്ന് സിനിമകളും പ്രേക്ഷകർക്കിഷ്ടപ്പെടുമെന്നും വാണി വിശ്വനാഥ് വ്യക്തമാക്കി. കിം​ഗ് എന്ന സിനിമയിലിലെ ഡയലോ​ഗിനെക്കുറിച്ചും വാണി വിശ്വനാഥ് സംസാരിച്ചു. മമ്മൂക്കയെ അടിക്കാനായോങ്ങുമ്പോൾ ഇനി നിന്റെ കൈ ഒരാണിന് നേരെയും ഉയരരുതെന്ന അദ്ദേഹത്തിന്റെ ഡയ​ലോഗുണ്ട്.

പക്ഷെ ആ പടത്തിന് ശേഷമാണ് തന്റെ കൈ ഉയർന്നതെന്നും വാണി ചിരിയോടെ ഓർത്തു. തെലുങ്കിൽ വിജയശാന്തി മാം പൊലീസ് വേഷങ്ങൾ ചെയ്യുമ്പോൾ ഞാനവിടെ ​ഗ്ലാമർ വേഷങ്ങളാണ് ചെയ്ത് കൊണ്ടിരുന്നത്. ഇങ്ങനെ എനിക്കൊക്കെ ചെയ്യാൻ പറ്റുമോ എന്ന് അന്ന് തോന്നിയിട്ടുണ്ട്. പിന്നീട് മലയാളത്തിലേക്ക് വന്നപ്പോൾ അത്തരം കഥാപാത്രങ്ങൾ ലഭിച്ചെന്നും വാണി വിശ്വനാഥ് ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *