താരമൊക്കെ പുറത്ത്, ദേഷ്യം വരുമ്പോള്‍ അമ്മ ഇപ്പോഴും എന്നെ അടിക്കും, ഒരുമാറ്റവും ഇല്ല- അനശ്വര രാജന്‍

ഉദാഹരണം സുജാതയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ അനശ്വര രാജന്‍ തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി മാറിയിരിക്കുന്നു. പതിനായിരക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. വെള്ളിത്തിരയില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ വിശേഷങ്ങള്‍ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. അഭിമുഖങ്ങളിലായാലും തന്റെ കാര്യങ്ങള്‍ അനശ്വര തുറന്നുപറയാറുണ്ട്.

കണ്ണൂരുകാര്‍ സ്‌നേഹവും നന്മയുമുള്ളവരാണെന്ന് അനശ്വര രാജന്‍. നാട്ടിലെല്ലാവര്‍ക്കും എന്നോട് വലിയ ഇഷ്ടമാണ്. ഇവിടുന്നൊരു കുട്ടി സിനിമയില്‍ എത്തിയതിലുള്ള സന്തോഷം അവര്‍ക്കുണ്ട്. കുട്ടികള്‍ക്ക് എന്നോട് ബഹുമാനമാണ്. കണ്ണൂര്‍ക്കാരി എന്നുപറയുന്നത് തന്നെ അഭിമാനമാണ്. കണ്ണൂരാണെന്നു പറയുമ്പോള്‍ ബോംബുണ്ടോ കൈയില്‍ എന്നൊക്കെയാണ് ചോദിക്കുന്നത്. ഞാന്‍ പറയും, ചേട്ടാ അങ്ങനൊന്നുമല്ല ഇവിടെ. ഇവിടെ എല്ലാവരും സ്‌നേഹമുള്ളവരാണ്.

കുസൃതികള്‍ കാണിച്ചാല്‍ അമ്മ ഇപ്പോഴും പഴയപോലെ വഴക്കുപറയും. ദേഷ്യം വരുമ്പോള്‍ അമ്മ ഇപ്പോഴും ചൂലെടുത്ത് എന്നെ അടിക്കും. ഒരുമാറ്റവും ഇല്ല. താരമൊക്കെ പുറത്ത്. വീട്ടില്‍ ഞാന്‍ വെറും അനശ്വരയാ.

കണ്ണൂര്‍ ആലക്കാട് കോറത്താണ് ജനിച്ചതും വളര്‍ന്നതും. പക്കാ നാട്ടിന്‍പുറം. കുട്ടിക്കാലത്തെ ഓര്‍മകള്‍ ഒരുപാടുണ്ട്. കുളത്തില്‍ കുളിക്കാന്‍ പോകും. സന്ധ്യയായാലും ഞങ്ങള്‍ തിരിച്ചുകയറില്ല. അപ്പോള്‍ അമ്മ വടിയെടുത്തുവരും. മഴയത്തും മണ്ണിലും കളിച്ചിട്ടുണ്ട്. ഊഞ്ഞാലാടും. എത്രയോ തവണ ഊഞ്ഞാലില്‍ നിന്ന് വീണിട്ടുണ്ട്. നാട്ടില്‍ കുറെ കൂട്ടുകാരുണ്ടായിരുന്നു. ഞാന്‍ കോണ്‍മെന്റ് സ്‌കൂളിലാണ് പഠിച്ചത്. അതുകൊണ്ട് സ്‌കൂളില്‍ വലിയ ഓര്‍മകളൊന്നുമില്ല. നല്ല ഓര്‍മകള്‍ എന്റെ നാട്ടില്‍ത്തന്നെയാണെന്നും താരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *