‘ഡേറ്റിങ്ങിൽ നിന്ന് ഇടവേള, ആരോടും ഇപ്പോൾ താത്പര്യമില്ല’; സുസ്മിത സെൻ

മിസ് യൂണിവേഴ്സ് കിരീടം ചൂടി ബോളിവുഡിലെത്തിയ സുസ്മിത സെൻ അഭിനയത്തിലും സ്വന്തമായി മേൽവിലാസമുണ്ടാക്കി. രണ്ട് പെൺകുട്ടികളെ ദത്തെടുത്ത 48-കാരിയായ അവർ ഇപ്പോൾ തന്റെ പ്രണയത്തേയും ബന്ധങ്ങളേയും കുറിച്ച് തുറന്ന് സംസാരിക്കുകയാണ്.

ഡേറ്റിങ്ങിൽ നിന്ന് താൻ ഇടവേള എടുത്തിരിക്കുകയാണെന്നും ആരോടും ഇപ്പോൾ താത്പര്യമില്ലെന്നും സുസ്മിത പറയുന്നു. അഞ്ച് വർഷത്തോളം നീണ്ടുനിന്ന ബന്ധം 2021-ൽ അവസാനിച്ചശേഷം പുതിയൊരു കാമുകനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു. കൂട്ടില്ലാത്തതിന്റെ സ്വാതന്ത്ര്യം ഇപ്പോൾ പൂർണാർഥത്തിൽ അനുഭവിക്കുകയാണെന്നും നടി കൂട്ടിച്ചേർത്തു. നടി റിയ ചക്രബർത്തിയുടെ പോഡ്കാസ്റ്റ് ഷോയിലാണ് സുസ്മിത ഈ തുറന്നുപറച്ചിൽ നടത്തിയത്.

‘ഇപ്പോൾ ആരോടും താത്പര്യമില്ല. അഞ്ചുവർഷത്തോളം ഞാൻ ഒരു ബന്ധത്തിലായിരുന്നു. അത് എന്നെ സംബന്ധിച്ച് വലിയൊരു കാലയളവാണ്. ഒരു ഇടവേളയെടുക്കുന്നത് നല്ലതാണ്. എന്റെ പ്രായത്തിൽ ബ്രേക്കഅപ് എന്ന അവസ്ഥയില്ല. ഞാൻ ഒരു ബന്ധത്തിലായാൽ അതിന് ഞാൻ എല്ലാ പരിചരണവും നൽകും. എന്റെ സ്നേഹവും ഊർജവുമെല്ലാം അതിനായി സമർപ്പിക്കും. അതിനെ പരമാവധി സംരക്ഷിക്കും. എന്നാൽ എന്തെങ്കിലും തരത്തിൽ അത് ടോക്സിക്കായാൽ ആരെക്കാളും മുമ്പെ ഞാൻ അതിൽ നിന്ന് പുറത്തുകടക്കും. അതിൽ ഞാൻ സമയം കളയില്ല.’ സുസ്മിത അഭിമുഖത്തിൽ പറയുന്നു.

നടനും മോഡലുമായ റോഹമാൻ ഷോളുമായി സുസ്മിത മുൻപ് പ്രണയത്തിലായിരുന്നു. 2021-ൽ ഇരുവരും വേർപിരിഞ്ഞു. തങ്ങൾ വേർപിരിഞ്ഞെന്നും എന്നാൽ സുഹൃത്തുക്കളായി തുടരുമെന്നും സുസ്മിത അന്ന് ആരാധകരോടു പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *