നടന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ് തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ നീരജ് മാധവ് ഉണ്ട്. ആമസോണ്‍ പ്രൈം സീരീസായ ദി ഫാമിലി മാനിലെ മൂസ റഹ്മാനായി ബോളിവുഡിലും അരങ്ങേറി കഴിഞ്ഞു ചുരുങ്ങിയ കാലത്തിനിടയിൽ നടൻ. മലയാള സിനിമ നീരജിനെ വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്ന പരാതി പ്രേക്ഷകർക്കുമുണ്ട്. മലയാളത്തിലെ ഫ്രീക്ക് നടന്മാരുടെ ലിസ്റ്റിലാണ് നീരജിന്റെയും സ്ഥാനം. റാപ്പറായും തിളങ്ങിയിട്ടുള്ള നീരജ് ഡ്രെസ്സിൽ അടക്കം എപ്പോഴും വ്യത്യസ്തത കൊണ്ടുവരുന്നയാളാണ്.
എന്നാൽ തുടക്കകാലത്തൊക്കെ ട്രെന്റി വസ്ത്രങ്ങൾ ധരിച്ച് താൻ എത്തുമ്പോൾ കിളിപോയ ആക്ടിവിറ്റിയായിട്ടാണ് പലർക്കും തോന്നിയിട്ടുള്ളതെന്ന് പറയുകയാണ് നീരജ്. നീരജ്, അജു വർഗീസ്, ഗൗരി കിഷൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ലവ് അണ്ടർ കൺസ്ട്രക്ഷന്റെ പ്രമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നീരജ്.
എന്റെ കോസ്റ്റ്യൂമിനെ കുറിച്ച് ആളുകൾ പറയുന്നത് കാര്യമാക്കാത്തയാളായിരുന്നു അന്ന് ഞാൻ. ട്രെന്റി വസ്ത്രങ്ങൾ ധരിക്കുക എന്നത് ഞാൻ പാഷനേറ്റായി ചെയ്യുന്ന കാര്യമാണ്. പക്ഷെ പൊതുസമൂഹത്തിന് അന്ന് ഇതൊക്കെ കിളിപോയ ആക്ടിവിറ്റിയായിട്ടാണ് തോന്നിയിരുന്നത്. ഞാനും അത് കെയർ ചെയ്തിരുന്നില്ല. പക്ഷെ സിനിമക്കാർക്ക് ഇടയിൽ ഒരു ഗ്രൂമിങ്ങുണ്ട്.
ഇന്റർവ്യൂവിന് പോകുമ്പോൾ ഓവർ ദി ടോപ്പായി ഡ്രസ് ചെയ്താൽ ജാഡയാണ്, പട്ടി ഷോയാണ് എന്നൊക്കെ കേൾക്കേണ്ടി വരുമെന്ന് പറയുമായിരുന്നു. അതുകൊണ്ട് തന്നെ കുറേക്കാലം എന്റെ വാർഡ്രോബിലുള്ള എനിക്ക് ഇഷ്ടമുള്ള ഔട്ട്ഫിറ്റ്സൊന്നും ഇടാതിരുന്ന സമയവുമുണ്ടായിരുന്നു. ഒരു പരിധി കഴിഞ്ഞപ്പോൾ പോട്ട് പുല്ലെന്ന മൈന്റായി. ഇപ്പോൾ എനിക്ക് ലൈസൻസായി എന്നാണ് നീരജ് പറഞ്ഞത്.