‘ഞാൻ ടോക്‌സിക്കാണെന്ന് അറിയുന്നത് പങ്കാളി പറഞ്ഞപ്പോൾ, സ്നേഹവും കരുതലുമാണെന്നാണ് വിചാരിച്ചത്’; ഷൈൻ ടോം ചാക്കോ

മലയാള സിനിമയിലെ ശ്രദ്ധേയനായ താരമാണ് ഷൈൻ ടോം ചാക്കോ. കാലങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് ഷൈൻ. വർഷങ്ങളോളം അസോസിയേറ്റായും മറ്റും പ്രവർത്തിച്ചശേഷമാണ് ഷൈനിന് നല്ല കഥപാത്രങ്ങളും നായക വേഷങ്ങളും ലഭിച്ച് തുടങ്ങിയത്. ഷൈനിന്റെ സിനിമയെക്കാൾ പ്രേക്ഷക പ്രീതി താരത്തിന്റെ അഭിമുഖങ്ങൾക്കാണ്. കാരണം ഒളിയും മറയുമില്ലാതെ കാര്യങ്ങൾ വെട്ടി തുറന്ന് പറയുന്ന പ്രകൃതമാണ് ഷൈനിന്റേത് എന്നത് തന്നെയാണ്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. മോഡല്‍ തനൂജയാണ് വധു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു.

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായാണ് ഷൈനിന്റെയും തനൂജയുടെയും വിവാഹനിശ്ചയം നടന്നത്. സോഷ്യൽ മീഡിയയിലും ആക്ടീവായ ഷൈൻ ലിറ്റിൽ ഹാർട്ട്സ് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. താൻ ടോക്സിക്കാണെന്ന് പങ്കാളി പറയുമ്പോഴെ തനിക്ക് മനസിലാകൂ എന്നാണ് താരം പറയുന്നത്.

എൽജിബിറ്റിക്യൂപ്ലസ് കമ്യൂണിറ്റിയെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടിയായി സംസാരിക്കുകയായിരുന്നു താരം. നമ്മൾ ആണും പെണ്ണും തമ്മിലുള്ള ബന്ധം പോലും ശരിയായി മനസിലാക്കിയിട്ടില്ല. പിന്നെയാണ് ഇതൊക്കെ മനസിലാക്കുന്നത്. ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ള അടുപ്പം പുറത്തൊരാൾ കാണുമ്പോൾ തന്നെ അവർക്ക് അത് സഹിക്കാൻ പറ്റാത്ത അവസ്ഥയാണ്. പിന്നെ ബാക്കിയുള്ളവരുടെ കാര്യം പറയണോ. ഇത് മാറ്റിയെടുക്കണങ്കിൽ ആദ്യം നമ്മുടെ ഉള്ളിൽ തന്നെ മാറ്റം വരണം. അങ്ങനെ വരുമ്പോൾ ഞാൻ തന്നെ പലകാര്യങ്ങളിലും ഓകെ അല്ല. ഞാൻ എന്റെ പാർട്ണറുടെ കാര്യത്തിൽ പോലും ഓക്കയല്ല. കാര്യം അവർ വേറൊരാളുമായി സംസാരിക്കുകയോ കാണുകയോ നോക്കുകയോ ചെയ്യുമ്പോൾ പോലും പൂർണമായി അംഗീകരിക്കാൻ നമുക്ക് സാധിക്കാറില്ല. അതിന്റെ പേരിൽ തർക്കങ്ങൾ സംഭവിക്കും.

ആ ഞാൻ എങ്ങനെ മറ്റുള്ളവരെ കുറ്റം പറയും. തിരിച്ച് ഭാര്യ അങ്ങനെ പൊസസീവ്നസ് ആവുന്നത് ഇടക്ക് ഇഷ്ടപ്പെടുമെങ്കിലും അത് ചില സമയങ്ങളിൽ ടോക്സിക്കാകും. എന്റെ പാർട്ണർ പറയുമ്പോഴാണല്ലോ ഞാൻ ഭയങ്കര ടോക്സിക്കാണെന്ന് ഞാൻ അറിയുന്നത്. ഞാൻ വിചാരിക്കുന്നത് അത് എന്റെ സ്നേഹവും കരുതലും ആണെന്നാണ്.

അപ്പോൾ ഞാൻ എങ്ങനെ ഇതിന്റെ പേരിൽ കുറ്റം പറയും എന്നാണ് ഷൈൻ ചോദിക്കുന്നത്. സിനിമാ പ്രമോഷനും മറ്റ് ചടങ്ങുകൾക്കും കുടുംബത്തോടൊപ്പം ഭാവി വധു തനൂജയെയും ഷൈൻ ഒപ്പം കൂട്ടാറുണ്ട്. തനൂജയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിട്ടുമുണ്ട്. ഈ വർഷം തന്നെ വിവാഹം ഉണ്ടായേക്കും. നടന്റെ രണ്ടാം വിവാഹമാണിത്.

Leave a Reply

Your email address will not be published. Required fields are marked *