‘ഞാൻ ഒരു പെരിയാറിസ്റ്റാണ്, മോദിയുടെ വേഷം എങ്ങനെ ചെയ്യും’; സത്യരാജ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന പുതിയ ചിത്രത്തിൽ സത്യരാജ് പ്രധാനവേഷത്തിൽ അഭിനയിക്കുന്നൂവെന്ന വാർത്ത പുറത്തുവന്നിരുന്നു. പ്രമുഖ അനലിസ്റ്റ് രമേശ് ബാലയാണ് സോഷ്യൽ മീഡിയയിലൂടെ വിവരം പങ്കുവച്ചത്. സത്യരാജാണ് നരേന്ദ്രമോദിയായി എത്തുന്നതെന്നും മറ്റ് വിവരങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നായിരുന്നു രമേശ് ബാലയുടെ എക്‌സ് പോസ്റ്റ്. എന്നാൽ പുതിയ വാർത്തയിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സത്യരാജ്.

‘ഒടുക്കം ദിനമലർ’എന്ന തമിഴ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം പുതിയ ചിത്രത്തിൽ താൻ അഭിനയിക്കുമെന്ന വാർത്തകൾ നിഷേധിച്ചിരിക്കുകയാണ് നടൻ. ‘മുൻപ് ഇത്തരത്തിൽ ഒരു വാർത്ത വന്നത് ലണ്ടനിലെ മ്യൂസിയത്തിൽ എന്റെ മെഴുക് പ്രതിമ വച്ചെന്ന നിലയിലായിരുന്നു. അന്ന് ഞാൻ തിരിച്ച് ചോദിച്ചത് എന്റെ അളവ് എടുക്കാതെ എങ്ങനെ പ്രതിമ നിർമിക്കും എന്നായിരുന്നു. അതോടെ ആ വാർത്ത നിന്നു. ഇതും അതുപോലെയാണ്. ഞാൻ ഒരു പെരിയാറിസ്റ്റാണ്. എനിക്ക് എങ്ങനെ ഇത്തരം ഒരു വേഷം ചെയ്യാൻ സാധിക്കും ‘സത്യരാജ് പ്രതികരിച്ചു.

2019ൽ നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡിൽ ഒരു ചിത്രം റിലീസ് ചെയ്തിരുന്നു. ‘പിഎം നരേന്ദ്രമോദി’ എന്നായിരുന്നു ചിത്രത്തിന്റെ പേര്. വിവേക് ഒബ്രോയിയാണ് മോദിയുടെ വേഷത്തിൽ എത്തിയത്. ചിത്രത്തിന്റെ സംവിധായകൻ ഒമംഗ് കുമാറായിരുന്നു. വിവേക് ഒബ്രോയിയും അനിരുദ്ധ് ചൗളയും ചേർന്നാണ് പിഎം നരേന്ദ്രമോദിയുടെ തിരക്കഥയൊരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *