ചേട്ടൻറെ കല്യാണം കഴിഞ്ഞതിൻറെ തൊട്ടടുത്ത ദിവസം ഞാൻ കാമുകിയെയും കൊണ്ട് ഒളിച്ചോടി: സാജു നവോദയ

സാജു നവോദയ എന്നു പറഞ്ഞാൽ പെട്ടെന്ന് ആർക്കും മനസിലായെന്നു വരില്ല. പാഷാണം ഷാജി എന്നു പറഞ്ഞാൽ എല്ലാവരും അറിയും. ഒരു ടെലിവിഷൻ ചാനലിലെ റിയാലിറ്റി ഷോ കോമഡി ഫെസ്റ്റിവലിൽ സാജു ചെയ്തൊരു കഥാപാത്രത്തിൻറെ പേരാണ് പാഷാണം ഷാജി. ആ കഥാപാത്രവും ഹിറ്റ് ആയി പിന്നീട് സാജുവിൻറെ ജീവിതവും ഹിറ്റ് ആയി. തൻറെ പ്രണയത്തെക്കുറിച്ചും ഒളിച്ചോടി കല്യാണം കഴിച്ചതിനെക്കുറിച്ചും തുറന്നുപറയകയാണ് താരം.

ഇരുപത്തിനാലാം വയസിലായിരുന്നു എൻറെ പ്രണയവും ഒളിച്ചോട്ട വിവാഹവും. ചേട്ടൻറെ കല്യാണം കഴിഞ്ഞതിൻറെ തൊട്ടടുത്ത ദിവസമാണ് ഞാൻ രശ്മിയെയുംകൊണ്ട് ഒളിച്ചോടുന്നത്. നാട്ടിൽ അതു വലിയ സംഭവമായി. എൻറെ ഒളിച്ചോട്ടത്തിൽ ചേട്ടൻറെ കല്യാണം കുളമായി.

കല്യാണം കഴിച്ചെങ്കിലും അതിൻറെ ഒരു ഉത്തരവാദിത്വവും അന്ന് എനിക്കുണ്ടായിരുന്നില്ല. രാവിലെ ഏതെങ്കിലും സുഹൃത്ത് വിളിച്ചാൽ കൂടപ്പോകും. ഉച്ചയാവുമ്പോൾ കയറി വന്ന് ഊണു കഴിക്കും. വീണ്ടും ആരെങ്കിലും വിളിച്ചാൽ പോകും. രാത്രി കയറി വരും… അതല്ലെങ്കിൽ മിമിക്രി. പ്രോഗ്രാമിന് 75 രൂപ കിട്ടിയാൽ വീട്ടിൽ വരുമ്പോൾ 30 രൂപ കൈയിലുണ്ടെങ്കിൽ ഉണ്ട്. അതായിരുന്നു അവസ്ഥ. ഒന്നര വർഷത്തോളം അങ്ങനെ പോയി.

പിന്നീട് ഞങ്ങൾക്കു വാടകവീട്ടിലേക്കു മാറി. അതൊരു ഒറ്റ മുറി വീടായിരുന്നു. സൗകര്യങ്ങൾ ഒന്നും തന്നെയില്ല. എന്നാലും ഞങ്ങളവിടെ കഴിഞ്ഞു. വീടിനു വാടക കൊടുക്കേണ്ടതു കാരണം പെയിൻറിംഗിൻറെ പണിക്കു പോയിത്തുടങ്ങി. അങ്കമാലി ആലുക്കാസിൻറെ പെയിൻറിംഗ് പണി നടക്കുന്ന സമയത്താണ് മിമിക്രി കലാകാരനായ പ്രശാന്ത് കാഞ്ഞിരമറ്റം എന്നെ വിളിക്കുന്നത്. മനോജ് ഗിന്നസ് പുതിയ ട്രൂപ്പ് തുടങ്ങാൻ പോകുകയാണ് നീ വാ എന്നു പറഞ്ഞു. അങ്ങനെ വീണ്ടും സ്റ്റേജിലേക്ക് എത്തുകയായിരുന്നു- സാജു നവോദയ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *