‘ചെയ്ത കാര്യങ്ങളിൽ കുറ്റബോധമില്ല, ഒരിടവേള തീർച്ചയായും വേണമായിരുന്നു’; മീരാ ജാസ്മിൻ

ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് മീരാ ജാസ്മിൻ. തൊട്ടതെല്ലാം പൊന്നാക്കിയ താരത്തിൻറെ വിനോദയാത്ര, അച്ചുവിൻറെ അമ്മ, സ്വപ്നക്കൂട്, കസ്തൂരിമാൻ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ എന്നും പ്രേക്ഷകർ ഓർത്തിരിക്കും. അഭിനയമികവുകൊണ്ട് കൈയടി നേടിയ മീര മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡയിലും താരം സജീവമായിരുന്നു.

മികച്ച നടിക്കുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ സ്വന്തമാക്കാനും മീരയ്ക്ക് കഴിഞ്ഞു. എന്നാൽ പിന്നീട് സിനിമയിൽനിന്ന് ഇടവേളയെടുക്കുകയായിരുന്നു താരം. ആറു വർഷമാണ് മീര ചലച്ചിത്രലോകത്തുനിന്നു മാറിനിന്നത്. സത്യൻ അന്തിക്കാട് ചിത്രമായ മകൾ എന്ന സിനിമയിലൂടെ ആയിരുന്നു മീരയുടെ തിരിച്ചുവരവ്. ഇപ്പോഴിതാ മലയാളത്തിലും തമിഴിലും കൂടുതൽ സിനിമകളുടെ ഭാഗമാകുകയാണ് താരം. ക്വീൻ എലിസബത്താണ് മീരയുടെ ഏറ്റവും പുതിയ ചിത്രം.

പുതിയ സിനിമയുടെ പ്രമോഷൻറെ ഭാഗമായി മിർച്ചി മലയാളത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് സിനിമകളിലെ ഇടവേളയെക്കുറിച്ച് താരം പറഞ്ഞത്. താരത്തിൻറെ വാക്കുകൾ:

സിനിമയിൽ എടുത്ത ഇടവേളയോർത്ത് കുറ്റബോധം തോന്നിയിട്ടില്ല. കാരണം ഒരിടവേള തീർച്ചയായും വേണമായിരുന്നു. അല്ലെങ്കിൽ ഞാൻ ഇങ്ങനെ ഇരിക്കില്ല. ഇന്ന് ഞാൻ ഒരു വ്യത്യസ്തയായ ആളാണ്. എൻറെയൊരു ബെറ്റർ വേർഷൻ ആയിട്ടുണ്ടെന്ന് എനിക്ക് സ്വയം തോന്നുന്നുണ്ടെങ്കിൽ അതിനു കാരണം ആ ബ്രേക്കാണ്. എൻറെ ജീവിതത്തിനും എൻറെ ആരോഗ്യത്തിനുമെല്ലാം അത് ആവശ്യമായിരുന്നു. തുടർച്ചയായി ഒരേ കാര്യങ്ങൾ തന്നെ ചെയ്ത് ജീവിതം മുന്നോട്ടു പോകുമ്പോൾ നമ്മൾ അറിയുന്നില്ല പല കാര്യങ്ങളും. ഇടയ്ക്ക് അതിൽനിന്നു മാറി സ്വയം വിലയിരുത്തണം. എന്താണ് സംഭവിച്ചതെന്ന് അപ്പോൾ മനസിലാകും- മീര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *