ചിമ്പുവിൻ്റെ ആ വാക്കുകൾ ജീവിതത്തിൽ മറക്കില്ല; പൃഥ്വി

റിലീസ് ചെയ്ത് അമ്പത് ദിവസത്തോടടുക്കുമ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ബ്ലെസി-പൃഥ്വിരാജ് ടീമിന്റെ ആടുജീവിതം. ബെന്യാമിന്റെ ഇതേ പേരിലുള്ള നേവലിനെ അടിസ്ഥാനമാക്കിയൊരുക്കിയ ചിത്രത്തിന് കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് അഭിനന്ദനങ്ങളുമായെത്തിയത്. ഇക്കൂട്ടത്തിൽ ഒരിക്കലും മറക്കാൻപറ്റാത്ത ഒരഭിപ്രായം പറഞ്ഞയാളേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

ഈയാഴ്ച റിലീസ് ചെയ്യുന്ന ​ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ പ്രചാരണത്തിനിടെ ക്ലബ് എഫ്.എമ്മിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് ആടുജീവിതത്തിലെ നജീബിനെ അവതരിപ്പിച്ചതിന് തനിക്ക് ലഭിച്ച അമൂല്യമായ ഒരു അഭിനന്ദനത്തേക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്. തമിഴ് നടൻ ചിമ്പുവാണ് ആ അഭിപ്രായത്തിനുപിന്നിൽ. ചിമ്പു പറഞ്ഞ അഭിപ്രായം മുൻപ് ആരും തന്നോട് പറഞ്ഞിട്ടില്ലാത്തതിനാൽ ആ വാക്കുകൾ ഒരിക്കലും മറക്കാൻ പറ്റില്ലെന്ന് പൃഥ്വി പറഞ്ഞു.

“ആടുജീവിതം കണ്ടിട്ട് നടൻ സിലമ്പരസൻ (ചിമ്പു) വിളിച്ചിരുന്നു. ചിമ്പു പറഞ്ഞ ഒരു കാര്യമുണ്ട്. ബ്രദർ, നമ്മൾ അഭിനേതാക്കൾക്ക് ചില സിനിമകളിൽ, ചില കഥാപാത്രങ്ങളിൽ, ചില രം​ഗങ്ങൾ ചെയ്യുമ്പോൾ ദൈവവുമായി നേരിട്ട് ബന്ധമുണ്ടെന്ന് തോന്നും. വേറൊരു അഭിനേതാവിനെ ഒരുസിനിമയിലുടനീളം കണ്ടിട്ട് അങ്ങനെ തോന്നിയത് ആടുജീവിതം കണ്ടിട്ടാണെന്നാണ് ചിമ്പു പറഞ്ഞത്. ഇതിനുമുമ്പ് അങ്ങനെയൊരഭിപ്രായം എന്നോടാരും പറഞ്ഞിട്ടില്ല. അതുകൊണ്ട് ചിമ്പുവിന്റെ വാക്കുകൾ ഒരിക്കലും മറക്കാൻ പറ്റില്ല.” പൃഥ്വിരാജിന്റെ വാക്കുകൾ.

ബേസില്‍ ജോസഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്,സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു, ബൈജു എന്നിവരാണ് താരനിരയിലെ മറ്റുള്ളവർ.കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. ചിത്രം ഈ മാസം 16-ന് പ്രദർശനത്തിനെത്തും.

Leave a Reply

Your email address will not be published. Required fields are marked *