മലയാള സിനിമാ ലോകത്തിന് തുടക്ക കാലം മുതൽ പ്രിയാമണി പ്രിയങ്കരിയാണ്. തിരക്കഥ, പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ്, പുതിയമുഖം തുടങ്ങി ശ്രദ്ധേയമായ ഒരുപിടി മലയാള സിനിമകൾ പ്രിയാമണി മലയാളത്തിൽ ചെയ്തിട്ടുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് തിരക്കഥയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥയിൽ അവിസ്മരണീയ പ്രകടനം പ്രിയാമണി കാഴ്ച വെച്ചു. പിന്നീട് നടി ചെയ്ത രഞ്ജിത്ത് ചിത്രം പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ് ആണ്. താരതമ്യേന പ്രാധാന്യം കുറഞ്ഞ റോളായിരുന്നു ഈ ചിത്രത്തിൽ. മമ്മൂട്ടിയായിരുന്നു നായകൻ.
ഇപ്പോഴിതാ പ്രാഞ്ചിയേട്ടനിലെ അനുഭവം പങ്കുവെക്കുകയാണ് പ്രിയാമണി. ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. രഞ്ജിത്ത് സർ വിളിച്ചപ്പോൾ എനിക്ക് നോ പറയാൻ പറ്റില്ലായിരുന്നു. കാരണം തിരക്കഥ പോലെ വലിയൊരു സിനിമ എനിക്ക് തന്നതാണ്. ആ സമയത്ത് ഞാൻ ഒരു തെലുങ്ക് പടത്തിന്റെ ഷൂട്ടിലായിരുന്നു. രഞ്ജിത്ത് സർ വിളിച്ച്, മമ്മൂക്കയുടെ കൂടെ ഒരു സിനിമ ചെയ്യുന്നുണ്ട്, ഹീറോയിൻ എന്നില്ല പക്ഷെ ഒരു പ്രധാന കഥാപാത്രമാണെന്ന് പറഞ്ഞു. ഞാൻ ചെയ്യാമെന്ന് പറഞ്ഞു.
മമ്മൂക്കയും രഞ്ജിത്ത് സാറും നല്ല കോംബിനേഷനല്ലേ. വന്ന ശേഷം ആദ്യം രഞ്ജിത്ത് സർ എന്നോട് പറയുന്നത് എനിക്ക് തെലുങ്ക് ആക്ടിംഗ് വേണ്ട, മലയാളം ആക്ടിംഗ് വേണമെന്നാണ്. മമ്മൂക്ക സാറുടെ കൂടെ ചെയ്യുന്ന സീനുകളൊക്കെ വളരെ നല്ലതായിരുന്നു. വളരെ നല്ല മനുഷ്യനാണ് മമ്മൂക്ക. വിശദീകരിക്കാൻ വാക്കുകളില്ല. ഷൂട്ട് ചെയ്യുമ്പോൾ ഭയങ്കരമായി എന്നെ സഹായിച്ചു.
പ്രിയാമണി, ഇങ്ങനെ വേണ്ട ഇങ്ങനെ പറയൂ എന്നൊക്കെ നിർദ്ദേശിച്ചു. ഞാനങ്ങോട്ട് ചോദിക്കുമായിരുന്നു. തൃശൂർ ശൈലിയായതിനാൽ എനിക്ക് ബുദ്ധിമുട്ടായിരുന്നു. അർത്ഥം ചോദിക്കുമ്പോൾ മമ്മൂക്ക പറഞ്ഞ് തരും. ചവിട്ടുന്ന സീനിൽ അദ്ദേഹം വളരെ റെസ്പെക്ട്ഫുൾ ആയിരുന്നു. ക്ഷമിക്കണം, ഇങ്ങനെ ചെയ്യുകയാണ് സീനിന്റെ ഭാഗമാണെന്ന് പറഞ്ഞു.
നമുക്ക് കോർഡിനേറ്റ് ചെയ്യാമെന്ന് പറഞ്ഞു. കുറച്ച് ഫോഴ്സെങ്കിലും താ ഇല്ലെങ്കിൽ സിങ്ക് ചെയ്യാൻ പറ്റില്ലല്ലോയെന്ന് ഞാൻ പറഞ്ഞു. ആ തരത്തിൽ അദ്ദേഹം വളരെ ജെന്റിൽമാനാണ്. ഏഴ് ദിവസം മുതൽ പത്ത് ദിവസം വരെയേ ഷൂട്ടുണ്ടാകൂ എന്ന് രഞ്ജിത്ത് സാറിന് ഉറപ്പായിരുന്നു. അദ്ദേഹത്തോടുള്ള കടപ്പാട് കൊണ്ട് ചെയ്ത സിനിമയാണ്. ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് പ്രിയാമണി വ്യക്തമാക്കി. ഓഫീസർ ഓൺ ഡ്യൂട്ടിയാണ് പ്രിയാമണിയുടെ പുതിയ സിനിമ.