‘ക്ലൈമാക്സ് എടുക്കുന്നതിന്റെ തൊട്ട് മുമ്പ് ആ വണ്ടി പോയി, അവസാനം പ്രശ്‌നം തീർത്തത് ഇങ്ങനെ’; മണിയൻപിള്ള രാജു

മലയാളികൾ ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മണിയൻപിള്ള രാജു. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി മണിയൻപിള്ള രാജു മലയാളസിനിമയിൽ സജീവമാണ്. നടൻ മാത്രമല്ല നിർമാതാവ് കൂടിയായ താരം കഴിഞ്ഞ ദിവസം ഹാപ്പി ഫ്രെയിംമ്‌സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ അനുഭവങ്ങൾ പങ്കിട്ടു. താരത്തിന്റെ ഉറ്റ സുഹൃത്താണ് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ. അദ്ദേഹത്തോടൊപ്പം നിരവധി സിനിമകളിൽ സഹനടൻ വേഷം ചെയ്തിട്ടുണ്ട് മണിയൻ പിള്ള രാജു.

അത്തരത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ച് ഹിറ്റായ സിനിമയാണ് പ്രിയദർശൻ സംവിധാനം ചെയ്ത ബോയിങ് ബോയിങ്. ഇന്നും റിപ്പീറ്റ് വാല്യുവുള്ള ഈ സിനിമയുടെ പിന്നണിയിൽ നടന്ന ചില രസകരമായ സംഭവങ്ങളും മണിയൻ പിള്ള രാജു വെളിപ്പെടുത്തി. താരം ഏറ്റവും പുതിയതായി അഭിനയിക്കുന്ന ചിത്രം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാലിന്റെ സിനിമയാണ്. ചിത്രത്തിൽ ശോഭനയാണ് നായിക.

ചിത്രം മികച്ചൊരു സിനിമയായിരിക്കുമെന്നും സെറ്റിൽ ഒരുമിച്ചിരിക്കുമ്പോൾ പഴയ കഥകളെല്ലാം തങ്ങൾ പറയാറുണ്ടെന്നും മണിയൻ പിള്ള രാജു പറയുന്നു. ‘സെറ്റിൽ ഒന്നിച്ചിരിക്കുമ്പോൾ ഞങ്ങൾ പഴയ കഥയൊക്കെ പറയാറുണ്ട്. തരുൺ മൂർത്തി ചെയ്യുന്നത് ഒരു ഗംഭീര സിനിമയാണ്. എന്റെ കഥാപാത്രവും നല്ലൊരു വേഷമാണ്. ശോഭനയോട് എങ്ങനെയാണ് നിങ്ങളുടെ ടൈം ടേബിളെന്ന് ഞാൻ ചോദിച്ചിരുന്നു.’

‘ശോഭന പറഞ്ഞു… അവർ എട്ട് മണിക്ക് ഉറങ്ങും. എന്നിട്ട് രാവിലെ മൂന്ന് മണിക്ക് എണീക്കുമെന്ന്. വീടിന്റെ അടുത്തുള്ള ഒരു അമ്പലത്തിലേക്ക് നടന്ന് പോയിട്ട് ആറ് മണിവരെ അവിടെ നിന്ന് തിരിച്ചുവരും. മോഹൻലാൽ പിന്നെ ഏത് സാഹചര്യവുമായും പൊരുത്തപ്പെടുന്ന ഒരാളാണ്. ഒരു പരിചയമില്ലാത്ത ആൾ വന്നാലും അയാൾ രണ്ട് മിനിറ്റ് കൊണ്ട് കമ്പനിയാവും.’

‘ഒരു ഡയറക്ടറുടെ കൂടെ അഭിനയിക്കാൻ ചെന്ന് കഴിഞ്ഞാൽ ആ സംവിധായകന് പിന്നെ വേറൊരു നടനെ വെച്ച് സിനിമ എടുത്താൽ അത്രയും സമാധാനവും തൃപ്തിയും ഉണ്ടാവില്ല. കാരണം മോഹൻലാൽ അത്രയും നന്നായി സഹകരിക്കുന്ന ഒരാളാണ്’, മണിയൻ പിള്ള രാജു പറഞ്ഞു. പിന്നീടാണ് ബോയിങ് ബോയിങ് സിനിമയെ കുറിച്ച് സംസാരിച്ചത്. ‘ബോയിങ് ബോയിങ് സിനിമയിൽ ഞാൻ ഒരു വർക്ക് ഷോപ്പൊക്കെയുള്ള ഒരാളാണല്ലോ.’

‘അന്ന് ചിത്രത്തിൽ മോഹൻലാലിന് ഓടിക്കാൻ വേണ്ടിയിട്ട് വില്യംസ് ക്യാമറമാന്റെ ഒരു ലെഫ്റ്റ് ഹാൻഡ് വണ്ടിയായിരുന്നു. മോഹൻലാലിന്റെ കൂടെ ഞാനും അതിൽ കയറി പോവുന്നൊക്കെയുണ്ട്. പക്ഷെ സിനിമയുടെ ഷൂട്ടിങ് അവസാനത്തിലേത്ത് എത്തിയപ്പോൾ അദ്ദേഹം സിനിമയുടെ നിർമാതാവുമായി തെറ്റി. ക്ലൈമാക്‌സ് എടുക്കുന്നതിന്റെ തൊട്ട് മുമ്പ് അദ്ദേഹം വണ്ടി കൊടുക്കാതെ ബാംഗ്ലൂരിലേക്ക് പോയി. പ്രിയൻ ചോദിച്ചു… എങ്ങനെ ഷൂട്ട് ചെയ്യും… എന്ത് ചെയ്യുമെന്ന്.’

‘അയാൾ ഇനി വണ്ടി തരില്ല. അതാണെങ്കിൽ സിനിമയുടെ കൺടിന്യുവിറ്റിക്ക് ആവശ്യമാണ്. ഞാൻ പറഞ്ഞു അതൊക്കെ ഒരു ഡയലോഗിൽ സെറ്റ് ചെയ്യാമെന്ന്. വാ വണ്ടിയിൽ കയറ് എന്ന് പറഞ്ഞ് അവസാനം ഞാൻ ഒരു അംബാസിഡറാണ് കൊണ്ടുവരുന്നത്. മറ്റേ വണ്ടിയെവിടെയെന്ന് മോഹൻലാലിനെ കൊണ്ട് ചോദിപ്പിക്കാമോയെന്ന് ഞാൻ ചോദിച്ചു.’

‘അങ്ങനെ ഞാൻ കാർ വന്ന് നിർത്തുമ്പോൾ ലാൽ ചോദിക്കും മറ്റേ ബെൻസ് കാർ എവിടെ പോയി എന്ന്. അപ്പോൾ ഞാൻ പറയും അതിന്റെ ഉടമസ്ഥൻ വന്ന് തള്ളയ്ക്ക് വിളിച്ച് അത് കൊണ്ടുപോയെന്ന്. സംഭവം ക്ലീനായില്ലേ. അങ്ങനെയൊക്കെയാണ് ബോയിങ് ബോയിങ് ഷൂട്ട് ചെയ്തത്’, എന്നാണ് ഷൂട്ടിങ് അനുഭവം പങ്കിട്ട് മണിയൻ പിള്ള രാജു പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *