കെ എസ് എഫ് ഡി സി യുടെ ഇരട്ടത്താപ്പ് നയം,പ്രതിഷേധവുമായി വനിതാ സംവിധായിക

2019ൽ ഇന്ത്യയിൽ ആദ്യമായി വനിതാ സംവിധായകരെ ശാക്തീകരിക്കാൻ ഇടതു പക്ഷ സർക്കാർ ആവിഷ്കരിച്ച പദ്ധതി പ്രകാരം രണ്ടു പേർക്കാണ് സർക്കാർ സഹായത്തിൽ സിനിമ നിർമ്മിച്ചു സംവിധാനം ചെയ്യാൻ അവസരമുണ്ടായത്. 62 തിരക്കഥകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് താര രാമാനുജത്തിന്റെ ‘നിഷിദ്ധോ’ , മിനി ഐ ജി യുടെ ‘ഡൈവോഴ്സ്’ എന്നീ സിനിമകളാണ്. കോവിഡിന്റെ കാലമായിരിന്നിട്ടുകൂടി സർക്കാർ ഫണ്ടിങ്ങിൽ ഇരുവരും ചിത്രങ്ങൾ പൂർത്തിയാക്കിയിട്ടു നാളുകളേറെയായി.ഇപ്പോൾ കെ എസ് എഫ് ഡി സി യുടെ പ്രത്യേക താൽപര്യ പ്രകാരം ‘നിഷിദ്ധോ ‘ മാത്രം റിലീസിന് തീരുമാനിച്ചതിരിക്കുകയാണ്.ഈ പാർശ്വവൽക്കരണത്തിനെതിരെ ‘ഡിവോഴ്സ്’ സിനിമയുടെ സംവിധായിക മിനി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

മിനിയുടെ വാക്കുകൾ

ഞാൻ എഴുതി, സംവിധാനം ചെയ്ത ഡിവോഴ്സ് എന്ന സിനിമയുടെ പ്രാരംഭ ചർച്ചകൾക്കു ശേഷം കൊറോണ സമയത്തു ഒരു ഇടവേള വേണ്ടി വന്നു.. മാർച്ച്‌ മാസമായപ്പോൾ ഒരാഴ്ചക്കുള്ളിൽ സിനിമ ചെയ്തില്ലെങ്കിൽ ഫണ്ട്‌ ലാപ്സ് ആകുമെന്നും, കൊറോണ ആയതിനാൽ എക്സ്റ്റീരിയർ ഷോട്സ് കുറക്കണമെന്നും 60% ചിത്രാഞ്ജലിയിൽ തന്നെ ഷൂട്ട്‌ ചെയ്യണം എന്നും ചെയർമാൻ എന്നോടാവശ്യപ്പെട്ടു.

ഉണ്ടായിരുന്ന പ്രൈവറ്റ് ജോലി സിനിമക്ക് വേണ്ടി ഉപേക്ഷിക്കണ്ട സാഹചര്യം വരെ അതേത്തുടർന്നുണ്ടായി. അതിനാലാണ് എന്തു റിസ്ക്കെടുത്തും സിനിമ ചെയ്യാൻ തീരുമാനിച്ചത്. കൃത്യ ദിവസങ്ങൾക്കുള്ളിൽ തന്നെ ഷൂട്ടിങ് പൂർത്തീകരിക്കുകയുംചെയ്തു .ഇത്രയും പരിചയ സമ്പന്നനായ ചെയർമാന്റെ ഉപദേശവും മേൽനോട്ടവും ഈ സിനിമയുടെ ഷൂട്ടിങ്ങിലുടനീളം പ്രതീക്ഷിച്ചേങ്കിലും ഒരു ദിവസം പോലും അദ്ദേഹം ലൊക്കേഷനിൽ വന്നതുപോലുമില്ല.

2020ൽ സിനിമ സെൻസർ ചെയ്യുകയും 2021ൽ preview നടത്തുകയും ചെയ്തു. സ്വന്തം സിനിമയുടെ പ്രീവ്യൂ നടക്കുമ്പോൾ സംസാരിക്കാനോ വേദിയിൽ ഒന്ന് ഇരിക്കുവാനോ പോലും അവസരം നൽകിയില്ല. പ്രശസ്ത അല്ലാത്ത എനിക്ക് കിട്ടിയ ഔദാര്യം ആണിതെന്ന് ചെയര്മാൻ പലപ്പോഴും പറയുകയുണ്ടായി. സിനിമയുടെ റിലീസ് ഉടൻതന്നെ ഉണ്ടാകുമെന്ന് പല വട്ടം തീരുമാനിച്ചിട്ടും മാറ്റി വെക്കുകയായിരുന്നു.

സിനിമയുടെ പ്രൊമോഷനെ കുറിച്ച് പറയുമ്പോൾ അതിനു മികച്ച ടീമിനെ സജ്ജീകരിച്ചിട്ടുണ്ടെന്നു പറഞ്ഞു തന്നെ ഒഴുവാക്കുകയായിരുന്നു.സിനിമ ചെയ്യുക എന്നത് അത്യാവശ്യം ആയതിനാൽ പല ബുദ്ധിമുട്ടുകളും നിശബ്ദം സഹിച്ചു.ഫണ്ട്‌ പലപ്പോഴും കൃത്യ സമയത്തു റിലീസ് ചെയ്തിരുന്നില്ല,അതു പോലെ തന്നെ പ്രതിഫലവും. നിരന്തരം പൈസയ്ക്കായി യാചിക്കേണ്ടി വന്നു..ഇപ്പോഴും എന്റെ പേയ്‌മെന്റ് ബാക്കി ആണ്.ഫയലുകൾ പല മേശകളിൽ എത്തി തീർപ്പാക്കേണ്ട ചിട്ടപ്പടി ശൈലി സിനിമ ചിത്രീകരണത്തിന് സഹായകരം ആകില്ലല്ലോ.അന്നത്തെ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാനെ റിലീസ് വൈകുന്ന കാര്യം ധരിപ്പിക്കുകയും അദ്ദേഹം എം ഡി യെ വിളിച്ചു ഉടനടി റിലീസ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു..അത്‌ നടപ്പിലായില്ല.(മന്ത്രി വിളിച്ചു പറഞ്ഞിട്ട് പോലും )

ഏറ്റവും അവസാനമായി 2022 സെപ്റ്റംബരിൽ സിനിമ റിലീസ് ചെയ്യുമെന്നും ഈ കാലമൊക്കെയും മറ്റു ജോലികൾ ഏറ്റെടുക്കരുതെന്ന് പറയുകയും ചെയ്തു.എല്ലാ സജ്ജീകരണങ്ങളും ചെയ്തതിന് ശേഷം ഒരു ദിവസം ഡിവോഴ്സ് അല്ല നിഷിദ്ധോ ആണ് റിലീസ് ചെയ്യുന്നതെന്ന്കെ എസ എഫ് ഡി സി അറിയിച്ചു, കാരണം തിരക്കിയപ്പോൾ ചെയർമാനോട് അന്വേഷിക്കാനാണ് പറഞ്ഞത്..പക്ഷെ എന്റെ ഇമെയിലുകൾക്കൊന്നുംഒരു മറുപടിയും തന്നില്ല. ഇന്നലെ 09/11/2022 ചെയർമാനെ നേരിട്ട് കണ്ടു സംസാരിച്ചപ്പോൾ, നിഷിദ്ധോ ആണ് കെ എസ എഫ് ഡി സി യുടെ ആദ്യ സിനിമയെന്നും അതിന്റ തിയേറ്റർ റെസ്പോൺസ് അറിഞ്ഞിട്ട് തീരുമാനിക്കുമെന്നാണ് അറിയിച്ചത്. മാത്രമല്ല ഗവണ്മെന്റ് സിനിമ ചിത്രീകരിക്കാൻ മാത്രമേ പറഞ്ഞിട്ടുള്ളു, റിലീസ് ചെയ്യാൻ പറഞ്ഞിട്ടില്ലായെന്നുമാണ് അറിയിച്ചത്.

25 ലക്ഷം പ്രൊമോഷൻ വകമാറ്റിയെങ്കിലും നിഷിദ്ധോയുടെ റിലീസ് പോലും ജനങ്ങളിൽ എത്തിക്കാനുള്ള കൃത്യമായ പ്രൊമോഷൻ ഒന്നും നൽകിയിട്ടില്ല എന്ന് ആർക്കും ബോധ്യപ്പെടും. ടീസറും ട്രെയിലറൂം ആധുനിക രീതിയിൽ റീലീസ് ചെയ്തിട്ടില്ല.സ്റ്റാഫുകളോട് ടിക്കറ്റ് വിറ്റഴിക്കാനും സമ്മാനമായി വാഷിംഗ്‌ മെഷീൻ, ലോട്ടറി എന്നീ സമ്മാനപദ്ധതികൾ ഒരുക്കി സിനിമ വിജയിപ്പിക്കാനുള്ള ഔട്ട് ഡേറ്റഡ് മാർക്കറ്റിങ് രീതികൾ നടപ്പാക്കാൻ ശ്രമിക്കുകയാണ്കെ എസ് എഫ് ഡി സി . നവമ്പറിൽപ്രാവർത്തികമാക്കുമെന്ന് പറഞ്ഞ ഒ ടിടി യെ കുറിച്ച് ഒരു അറിവും ഇല്ല..ഇടതു പക്ഷ സർക്കാർ ആവിഷ്‌കരിച്ച മഹത്തായ പദ്ധതിയെ തുരങ്കം വയ്ക്കുന്ന നടപടികളാണ് കോർപറേഷന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്

Leave a Reply

Your email address will not be published. Required fields are marked *