കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയ് യുടെ ജീവിതം വെബ് സിരീസ് ആവുന്നു

കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്‍ണോയ്യുടെ ജീവിതത്തെ ആസ്പദമാക്കി വെബ് സിരീസ് ഒരുങ്ങുന്നു. ജാനി ഫയര്‍ ഫോക്സ് പ്രൊഡക്ഷന്‍ ഹൗസ് ആണ് വെബ് സിരീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോറന്‍സ്- എ ഗ്യാങ്സ്റ്റര്‍ സ്റ്റോറി എന്ന പേരിലായിരിക്കും സിരീസ് എത്തുക. ഈ ടൈറ്റിലിന് ഇന്ത്യന്‍ മോഷന്‍ പിക്ചേഴ്സ് അസോസിയേഷന്‍റെ അനുമതി ലഭിച്ചു. 

യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രങ്ങള്‍ ഒരുക്കുന്നതിലൂടെ ശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനിയാണ് ജാനി ഫയര്‍ ഫോക്സ്. ഒരു പൊലീസ് കോണ്‍സ്റ്റബിളിന്‍റെ മകനില്‍ നിന്ന് അന്തര്‍ദേശീയ തലത്തില്‍ കുപ്രസിദ്ധി നേടിയ ഗ്യാങ്സ്റ്റര്‍ എന്ന നിലയിലേക്കുള്ള ലോറന്‍സ് ബിഷ്ണോയ്യുടെ മാറ്റത്തെ ആഴത്തില്‍ പരിശോധിക്കുന്ന സിരീസ് ആയിരിക്കും ഇതെന്ന് അണിയറക്കാര്‍ പറയുന്നു.

അതേസമയം ലോറന്‍സ് ബിഷ്ണോയ് ആയി ക്യാമറയ്ക്ക് മുന്നിലെത്തുക ആരായിരിക്കുമെന്ന് അറിയാനുള്ള കൗതുകത്തിലാണ് സിനിമാപ്രേമികള്‍. ദീപാവലിക്ക് ശേഷം സിരീസിന്‍റെ ഫസ്റ്റ് ലുക്കും കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ ആരെന്നതും പുറത്തുവിടും.

എ ടെയ്ലര്‍ മര്‍ഡര്‍ സ്റ്റോറി, കറാച്ചി ടു നോയ്ഡ എന്നിവയാണ് ജാനി ഫയര്‍ ഫോക്സ് നേരത്തെ പ്രഖ്യാപിച്ച ചിത്രങ്ങള്‍. രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന കനയ്യ ലാല്‍ എന്ന തയ്യല്‍ക്കാരന്‍റെ കൊലപാതകത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ടെയ്ലര്‍ മര്‍ഡര്‍ സ്റ്റോറി. കാമുകന്‍ സച്ചിന്‍ മീണയ്ക്കൊപ്പം കഴിയാന്‍ അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന പാകിസ്ഥാൻ യുവതി സീമ ഹൈദറിന്‍റെ കഥ പറയുന്ന ചിത്രമാണ് കറാച്ചി ടു നോയ്ഡ. 

Leave a Reply

Your email address will not be published. Required fields are marked *