‘കുട്ടിക്കാലത്ത് സിനിമാനടനാകണം എന്നു പറഞ്ഞുപോയി… എന്റമ്മോ അതിന്റെ പേരിൽ കുറെ അനുഭവിച്ചു’; സലിംകുമാർ

മലയാളസിനിമയിലെ കോമഡി രാജാവാണ് സലിംകുമാർ. കോമഡി മാത്രമല്ല, മികച്ച കാരക്ടർ റോളുകളും ഈ ദേശീയ അവാർഡ് ജേതാവ് ചെയ്തിട്ടുണ്ട്. മക്കളുടെ തോളിൽ സ്വപ്നത്തിന്റെ മല കയറ്റിവച്ച് നടത്തിക്കുന്ന മാതാപിതാക്കളുള്ള ഇക്കാലത്ത് സലിംകുമാർ വ്യത്യസ്തനാകുന്നത് ഇങ്ങനെയാണ്.

‘എന്റെ രണ്ടു മക്കളോടും ഭാവിയിൽ ആരാകണം എന്നു ഞാൻ ചോദിച്ചിട്ടില്ല. ഇനിയൊട്ടു ചോദിക്കുകയുമില്ല. കാരണം, സിനിമാ നടനാകണം എന്ന ആഗ്രഹം ചെറുപ്പത്തിൽ ഞാൻ മൂന്നാലു പേരോടു പറഞ്ഞു പോയി. അതിന്റെ ഭവിഷ്യത്തു മാരകമായിരുന്നു. ആടിനെ കൊല്ലാതെ തൊലിയുരിയുന്നതു പോലെ എന്റെ തൊലിയുരിച്ചു. എന്റെ മക്കൾക്ക് ആ ഗതി വരരുതെന്ന് എനിക്കുണ്ടായിരുന്നു.

മഞ്ഞുമൽ ബോയ്സ് ഇറങ്ങി ഒരു മാസം കഴിഞ്ഞപ്പോൾ തമിഴ് തിരക്കഥാകൃത്തും സംവിധായകനുമായ എൻ. കൃഷ്ണ വിളിച്ചു. അദ്ദേഹത്തിന്റെ നെടുംപാലയ് എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ഒരു മലയാളം സിനിമ ഹിറ്റായി ഓടുന്നു എന്ന സന്തോഷം പറയാനാണു വിളിച്ചത്. മകൻ ചന്തു അതിൽ അഭിനയിച്ചിട്ടുണ്ടെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിനു വലിയ സന്തോഷമായി.

എന്നാൽ മകൻ അഭിനയിച്ച സിനിമ ഞാനിതുവരെ കണ്ടിട്ടില്ലെന്ന് പറഞ്ഞപ്പോൾ, സ്വന്തം മകൻ അഭിനയിച്ച ഹിറ്റ് സിനിമ ഒരു മാസം കഴിഞ്ഞിട്ടും കാണാത്ത താൻ എന്തൊരു അച്ഛനാണ് എന്ന് അദ്ദേഹം ചോദിച്ചു. പിറ്റേന്നു തന്നെ താൻ പോയി സിനിമ കണ്ടു” -സലിംകുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *