ഒരുപാട് നായികമാരോടൊപ്പം അഭിനയിച്ചിട്ടുണ്ട്; ഏത് നായികയെയാണ് ഇഷ്ടം എന്നുപറയുന്നത് ബുദ്ധിമുട്ടുളള ഒരു കാര്യമാണ്: നടൻ മധു

മലയാളത്തിലെ ഒട്ടുമിക്ക പഴയകാല നായികമാരോടൊപ്പവും അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്ന് നടൻ മധു. ഏത് നായികയാണ് മികച്ചത് എന്ന് പറയാൻ സംശയമാണെന്നും മധു പറഞ്ഞു. മലയാള സിനിമയിലെ ഒരു നടൻമാർക്കും കഴിയാത്ത കാര്യം ചെയ്ത വ്യക്തിയാണ് സുരേഷ്ഗോപിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു അഭിമുഖത്തിലാണ് മധു ഇക്കാര്യങ്ങൾ പങ്കുവച്ചത്.

‘ഒരുപാട് നായികമാരോടൊപ്പം അഭിനയിച്ചിട്ടുണ്ട്. അതിൽ ഏത് നായികയെയാണ് ഇഷ്ടം എന്നുപറയുന്നത് ബുദ്ധിമുട്ടുളള ഒരു കാര്യമാണ്. കൂടുതൽ ആളുകളും ഉദ്ദേശിക്കുന്നത് ഷീല, ജയഭാരതി, ശാരദ, ശ്രീവിദ്യ എന്നിവരെയാണ്.

എല്ലാവരോടും എനിക്ക് സ്‌നേഹവും ബഹുമാനവുമാണ്. ഷീല ചെയ്ത വേഷങ്ങൾക്ക് പകരമാകാൻ ഒരു നായികമാർക്കും സാധിക്കില്ല. ശാരദ അഭിനയിച്ച വേഷങ്ങളും അതുപോലെ തന്നെയാണ്. നല്ല പ്രായമായതിനുശേഷമാണ് ഞാൻ ശ്രീവിദ്യയോടൊപ്പം അഭിനയിച്ച് തുടങ്ങിയത്.

ആ സമയത്ത് ഞങ്ങൾ നല്ലൊരു ജോഡിയാണെന്ന് പൊതുജനങ്ങൾക്ക് തോന്നിയിരുന്നു. അന്ന് ഞങ്ങൾ ലഭിച്ച കഥാപാത്രങ്ങളും മികച്ചവയായിരുന്നു. ശ്രീവിദ്യ ഭംഗിയായി അഭിനയിച്ചു. മ​റ്റുളള നായികമാരുമായി താരതമ്യം ചെയ്യുമ്പോൾ ശ്രീവിദ്യ നല്ലൊരു ഗായികയായിരുന്നു. ഏത് ഭാഷയിലും അഭിനയിക്കും. സംസാരിക്കും. നൃത്തം ചെയ്യും, ആരും ഡബ് ചെയ്യണ്ട.

മ​റ്റുളള നടിമാർക്ക് നന്നായി മലയാളം കൈകാര്യം ചെയ്യാൻ അറിയില്ല. അതുകൊണ്ട് അവർക്ക് ഡബ് ചെയ്താണ് മനോഹര ശബ്ദം നൽകുന്നത്. പക്ഷെ ശ്രീവിദ്യയ്ക്ക് ഡബ്ബിംഗിന്റെ ആവശ്യം വന്നിട്ടില്ല. നർത്തകിയുമാണ്, പ്രസംഗിക്കും. അവർ എല്ലാം സ്വന്തം സഹോദരങ്ങളെ പോലെയാണ് എന്നോട് പെരുമാറിയിട്ടുളളത്. ശ്രീവിദ്യയോട് ഇഷ്ടവും ബഹുമാനവും ഉണ്ടായിരുന്നു.

സുരേഷ്‌ഗോപിയെ ഓർക്കാതിരിക്കാൻ പ​റ്റില്ലല്ലോ. മലയാള സിനിമാനടൻമാരിൽ ആരും തന്നെ എംപിമാരോ കേന്ദ്രമന്ത്രിമാരോ ആയിട്ടില്ല. മലയാള സിനിമയുടെ അഭിമാനമാണ് സുരേഷ്ഗോപി.സ്‌നേഹവും കുടുംബവും മറക്കാത്ത വ്യക്തിയാണ് സുരേഷ്‌ഗോപി, വികാരജീവിയാണ്. അയാളുടെ മനസ് നിറയെ നൻമയാണ്. മനസിലുളള കാര്യങ്ങൾ അതുപോലെ പ്രകടിപ്പിക്കും’- മധു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *