എപ്പോഴും വാർത്താ പ്രാധാന്യം നേടുന്ന നടിയാണ് നിഖില വിമൽ. ഓൺസ്ക്രീനിലെ നിഖിലയേക്കാൾ ഓഫ് സ്ക്രീനിലെ നിഖിലയാണ് കൂടുതലും ചർച്ചയാകാറ്. നിഖലയുടെ നിലപാടുകൾക്ക് ആരാധകർ ഏറെയാണ്. ഇതേപോലെ വിമർശകരുമുണ്ട്. ഈയടുത്താണ് നിഖിലയുടെ ചേച്ചി അഖില വിമൽ സന്യാസം സ്വീകരിച്ചു എന്ന വാർത്ത പുറത്ത് വന്നത്.
ഏറെനാളായി ആത്മീയ പാതയിലാണ് അഖില. അച്ഛന്റെ മരണം അഖിലയുടെ മനസിനെ ഉലച്ചിരുന്നു. അഖില സന്യാസം സ്വീകരിച്ചത് വലിയ വാർത്തയാകാൻ കാരണം നിഖില സിനിമാ താരമായതാണ്. ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യം വരുന്നതും നിഖിലയ്ക്ക് നേരെയാണ്. ഇപ്പോഴിതാ ചേച്ചി സന്യാസം സ്വീകരിച്ചതിനെക്കുറിച്ച് പരാമർശിച്ചിരിക്കുകയാണ് നിഖില. സ്വന്തം ഇഷ്ടപ്രകാരം ചേച്ചിയെടുത്ത തീരുമാനത്തിൽ താൻ ഇടപെടുന്നില്ലെന്ന് നിഖില വ്യക്തമാക്കി. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
ചേച്ചി 36 വയസുള്ള ആളാണ്. അവർക്ക് ഞാൻ തീരുമാനമെടുക്കാൻ പഠിപ്പിച്ച് കൊടുക്കേണ്ട കാര്യമില്ല. ഞാൻ മാത്രമല്ല, ആരും പഠിപ്പിച്ച് കൊടുക്കേണ്ട കാര്യമില്ല. അവരുടെ ജീവിതത്തിൽ എന്താണ് വേണ്ടെന്ന് അറിയാവുന്നത് കൊണ്ടാണ് അവർ ചെയ്യുന്നത്. ഒരാളുടെ തീരുമാനത്തെ അംഗീകരിക്കണം. ഒരു കുടുംബമെന്ന നിലയിൽ അതിന്റെ കൂടെ നിൽക്കണമെന്നാണ് ഞാൻ മനസിലാക്കിയത്. ഞാനതാണ് ചെയ്യുന്നത്. അതിൽ തെറ്റ് തോന്നുന്നില്ല. ഞാൻ സിനിമയിൽ അഭിനയിക്കുന്നത് പോലെയാണ് അതും. ഞാൻ സിനിമയിൽ അഭിനയിക്കുന്നത് ചോദ്യം ചെയ്യാത്തിടത്തോളം അവളങ്ങനെ ഒരു കാര്യം ചെയ്യുമ്പോൾ ചോദ്യം ചെയ്യേണ്ടതില്ല. ഇതേക്കുറിച്ച് സംസാരിക്കാൻ താൽപര്യമില്ല. കാരണം ഞാൻ പറയുന്ന വ്യാഖ്യാനമായിരിക്കില്ല. നിങ്ങളോട് സംസാരിക്കുന്നത് പോലെയല്ല ഇത് പുറത്ത് വരികയെന്നും നിഖില വിമൽ പറഞ്ഞു.
അച്ഛന്റെ മരണം ചേച്ചിയെ ബാധിച്ചതിനെക്കുറിച്ച് മുമ്പൊരിക്കൽ നിഖില സംസാരിച്ചിരുന്നു. അപകടത്തിൽ പരിക്ക് പറ്റി ഏറെക്കാലം കിടപ്പിലായ ശേഷമാണ് നിഖിലയുടെയും അഖിലയുടെയും അച്ഛൻ മരിക്കുന്നത്. അച്ഛൻ കുട്ടിയായിരുന്നു ചേച്ചി. വായനയും ലോകവുമെല്ലാം ചേച്ചിയെ പരിചയപ്പെടുത്തിയത് അച്ഛനാണ്. അച്ഛന് വയ്യാതായപ്പോൾ അതുൾക്കൊള്ളാൻ ചേച്ചിക്ക് പറ്റിയിരുന്നില്ലെന്ന് നിഖില അന്ന് തുറന്ന് പറഞ്ഞു.