മലയാളത്തിൽ ഏറ്റവും നല്ല സിനിമകൾ ചെയ്യുന്ന നടന്മാരിൽ ഒരാളാണ് ആസിഫ് അലി. അവസാനം റിലീസ് ചെയ്ത ആസിഫ് അലിയുടെ രേഖചിത്രം പോലും വലിയ വിജയമായിരുന്നു. നായകൻ റോളുകളിൽ മാത്രമല്ല വില്ലൻ, നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങൾ എല്ലാം ചെയ്യാൻ ആസിഫ് അലി തയ്യാറാണ്.
അതുകൊണ്ട് തന്നെ കരിയർ ഗ്രാഫ് ഉയർത്താനും നടന് സാധിക്കുന്നുണ്ട്. ആസിഫ് അലി പലർക്കൊപ്പവും കോമ്പോയായി പെർഫോമൻസുകൾ കാഴ്ചവെച്ചിട്ടുണ്ടെങ്കിലും ആസിഫ് അലി-ബിജു മേനോൻ കോമ്പോ പ്രേക്ഷകർ ഏറ്റെടുത്ത ഒന്നായിരുന്നു. തലവനിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.
അതിന് മുമ്പ് ഓർഡിനറി, വെള്ളിമൂങ്ങ, അനുരാഗ കരിക്കിൻ വെള്ളം, മേരാ നാം ഷാജി തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആസിഫ് അലിയെ പോലെ തന്നെ ബിജു മേനോനൊപ്പം വരുമ്പോൾ ഏറ്റവും കൂടുതൽ കെമിസ്ട്രി വർക്കാവുന്ന മറ്റൊരു നടൻ കുഞ്ചാക്കോ ബോബനാണ്. ഒരു സമയത്ത് ബിജു മേനോൻ-കുഞ്ചാക്കോ ബോബൻ കോമ്പോ നിരവധി ഹിറ്റുകൾ സൃഷ്ടിച്ചിട്ടുണ്ട്.
ഓർഡിനറി, മല്ലുസിങ്, ഭയ്യ ഭയ്യ, മധുര നാരങ്ങ എന്നിവയാണ് അവയിൽ ചിലത്. ഇപ്പോഴിതാ താനും ബിജു മേനോനും ഒരുമിച്ച് തുടരെ തുടരെ സിനിമകൾ ചെയ്ത് തുടങ്ങിയപ്പോൾ പ്രിയ സുഹൃത്ത് കുഞ്ചാക്കോ ബോബനിൽ നിന്നും കിട്ടിയ ഒരു കമന്റിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ ആസിഫ് അലി.
എന്റെ ബെസ്റ്റ് പെയറിനെ നീ അടിച്ച് മാറ്റുന്നുവെന്ന് കരക്കമ്പിയുണ്ടെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞുവെന്നാണ് ആസിഫ് അലി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ചാക്കോച്ചൻ എന്നെ വിളിച്ചിട്ട് എന്റെ ബെസ്റ്റ് പെയറിനെ നീ അടിച്ച് മാറ്റുന്നുവെന്ന് കരക്കമ്പിയുണ്ടെന്ന് പറഞ്ഞു. അപ്പോഴും ഞാൻ ആലോചിച്ചത് നായികമാരെ പറ്റിയാണ്. ഏതോ നായികയെ പറ്റിയാണ് ചാക്കോച്ചൻ പറയാൻ പോകുന്നതെന്ന് കരുതി.
അതുകൊണ്ട് തന്നെ ആരാണ് ആ പെയർ എന്നാണ് ഞാൻ ആലോചിച്ചത്. അപ്പോഴാണ് ചാക്കോച്ചൻ പറഞ്ഞത് ബിജുവും നീയുമായിട്ട് കുറേ പടങ്ങൾ ആയല്ലോയെന്ന്. മാത്രമല്ല ആ സമയത്ത് ചാക്കോച്ചനും ബിജു ചേട്ടനും നിരന്തരമായി ഒരുമിച്ച് പടങ്ങൾ ചെയ്യുന്ന സമയവുമായിരുന്നു. അതൊരു ഹിറ്റ് കോമ്പോയായിരുന്നു ആ സമയത്തെന്നും ആസിഫ് അലി പറഞ്ഞു.
വീഡിയോ വൈറലായതോടെ ബിജു മേനോൻ ആർക്കൊപ്പം കോമ്പോയായാലും സോളായായി സിനിമ ചെയ്താലും സൂപ്പറാണെന്നാണ് കമന്റുകൾ ഏറെയും. ഇപ്പോൾ മലയാളത്തിലുള്ള താരങ്ങളിൽ ജനപ്രിയനായ നടന്മാരിൽ ഒരാൾ കൂടിയാണ് ബിജു മേനോൻ.