എന്റെ അച്ഛനായി സത്യന്‍മാഷ് അഭിനയിച്ചിരുന്നെങ്കില്‍, അപൂര്‍വമായ ഭാഗ്യമാകുമായിരുന്നു: മോഹന്‍ലാല്‍

അനശ്വര സാഹിത്യസൃഷ്ടികളിലെ കഥാപാത്രങ്ങള്‍ക്ക് മലയാളചിത്രങ്ങളില്‍ ജീവന്‍ നല്‍കാനുള്ള ഭാഗ്യം മധുവിനെന്നപോലെ സത്യനും ലഭിച്ചിട്ടുണ്ട്. ‘നീലക്കുയിലി’ലെ ശ്രീധരന്‍മാസ്റ്റര്‍, ‘ഓടയില്‍നിന്നി’ലെ പപ്പു, ‘ചെമ്മീനി’ലെ പളനി, ‘മുടിയനായ പുത്രനി’ലെ രാജന്‍, ‘വാഴ്‌വേമായ’ത്തിലെ സുധീന്ദ്രന്‍, ‘യക്ഷി’യിലെ പ്രൊഫ. ശ്രീനി, ‘അശ്വമേധ’ത്തിലെ ഡോക്ടര്‍, ‘കടല്‍പ്പാല’ത്തിലെ ഡബിള്‍ റോള്‍, ‘അനുഭവങ്ങള്‍ പാളിച്ചകളി’ലെ ചെല്ലപ്പന്‍…! ഇതെല്ലാം മലയാളികള്‍ ആഘോഷിച്ച സിനിമകളുമാണ്.

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ അനശ്വരനടന്‍ സത്യന്‍മാഷിനെക്കുറിച്ചു പറഞ്ഞ വാക്കുകള്‍ ചലച്ചിത്രലോകം ഏറ്റെടുത്തു.

പലപ്പോഴും ഞാന്‍ ഓര്‍ക്കാറുണ്ട,് എന്തുമാത്രം സൗഭാഗ്യങ്ങളാണ് സിനിമയും ജീവിതവും എനിക്കു നല്‍കിയത്. മലയാളത്തിലെ മാസ്റ്റേഴ്‌സ് ആയ മിക്ക നടന്മാര്‍ക്കുമൊപ്പം അഭിനയിച്ചു. നിമിത്തംപോലെ അത്തരം ഭാഗ്യങ്ങള്‍ എന്നെ തേടി വരുന്നു. എന്റെ അച്ഛനായി മലയാളത്തിലെ മഹാനടന്‍മാര്‍ പലരും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സത്യന്‍മാഷിന്റെ മകനായി അഭിനയിക്കാന്‍ എനിക്ക് വിധിയുണ്ടായില്ല. മാഷിന് പത്തു വര്‍ഷം കൂടി ആയുസ് നീട്ടിക്കൊടുത്തിരുന്നെങ്കില്‍ ഒരുപക്ഷേ, അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുള്ള മഹാഭാഗ്യവും എനിക്കുണ്ടാകുമായിരുന്നു. എന്റെ അച്ഛനായി അദ്ദേഹം അഭിനയിച്ചിരുന്നെങ്കില്‍ അത് അപൂര്‍വമായ ഒരു ഭാഗ്യമാകുമായിരുന്നു.

മദിരാശിയിലെ സ്വാമീസ് ലോഡ്ജ് സത്യന്‍ മാഷുള്‍പ്പെടെ മിക്ക സിനിമാ പ്രവര്‍ത്തകരുടെയും സ്ഥിരം താവളമായിരുന്നു. ഞാനും ഒരുപാട് ദിനരാത്രങ്ങള്‍ അവിടെ ചെലവഴിച്ചിട്ടുണ്ട്. അവിടെ മാഷിന് സ്ഥിരമായി ഒരു മുറി തന്നെയുണ്ടായിരുന്നു. പതിവായി ഉപയോഗിച്ചിരുന്ന ഒരു കസേരയും. പലപ്പോഴും ആ മുറിയില്‍ ഞാന്‍ തങ്ങിയിട്ടുണ്ട്. ആ കസേരയില്‍ ഇരുന്നിട്ടുണ്ട്. ഒരുപക്ഷേ, അറിഞ്ഞോ അറിയാതെയോ മാഷ് എന്നെ കണ്ടിട്ടുണ്ടാവും. അനുഗ്രഹം എന്റെ ശിരസില്‍ വര്‍ഷിച്ചിട്ടുണ്ടാവും- മോഹന്‍ലാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *