‘എന്നോട് ക്ഷമിക്കണം, താങ്കളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു’; വിജയകാന്തിന്റെ വിയോഗത്തിൽ വിശാൽ

വിജയകാന്തിന്റെ വിയോഗത്തിൽ വികാരാധീനനായി നടൻ വിശാൽ. വിദേശത്തായതിനാൽ തനിക്ക് വിജയകാന്തിനോടൊപ്പം അവസാന നിമിഷങ്ങൾ ചെലവഴിക്കാൻ സാധിച്ചില്ലെന്നും അതിന് മാപ്പ് നൽകണമെന്നും വിശാൽ പറയുന്നു. തന്റെ എക്‌സ് പേജിൽ താരം പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്.

‘എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും നല്ലവനായ മനുഷ്യരിൽ ഒരാളാണ് ക്യാപ്റ്റൻ വിജയകാന്ത്. ഈ സമയത്ത് അവിടെ ഇല്ലാത്തതിൽ എനിക്ക് വളരെ അധികം ദുഃഖമുണ്ട്. എന്നോട് ക്ഷമിക്കണം. താങ്കളിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. സാമൂഹ്യസേവനം എന്നാൽ എന്താണ് എന്നത് നിങ്ങളിൽ നിന്നാണ് ഞാൻ പഠിച്ചത്. ജനങ്ങൾക്ക് നിങ്ങൾ എത്രത്തോളം ഉപകാരം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. നിങ്ങളെ അവസാനമായി ഒരു തവണ കാണാൻ കഴിയാത്തതിൽ എനിക്ക് വളരെയധികം ദുഃഖമുണ്ട്. എനിക്ക് മാപ്പ് നൽകണം.

രാഷ്ട്രീയക്കാരനും സിനിമാനടനുമപ്പുറം താങ്കൾ ഒരു വലിയ മനുഷ്യനായിരുന്നു. നടികർ സംഘത്തിന് താങ്കൾ നൽകിയ സഹായങ്ങൾ ഒരിക്കലും മറക്കാനാകില്ല. ഒരു നടനായി പേരുകേൾക്കുന്നതിനേക്കാൾ ബുദ്ധിമുട്ട് ഒരു നല്ല മനുഷ്യനായി അറിയപ്പെടുന്നതാണ്. താങ്കൾക്ക് അതും സാധിച്ചു. എന്റെ പ്രചോദനം നിങ്ങളാണ്. ജനങ്ങളിലൂടെ വളരെക്കാലം നിങ്ങൾ ഓർമ്മിക്കപ്പെടും.- വിശാൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *