‘എന്താടാ പോകാത്തതെന്ന് മമ്മൂക്ക ചോദിച്ചു’; കാനിൽ പങ്കെടുക്കാത്തതിനെപ്പറ്റി അസീസ് നെടുമങ്ങാട് പറയുന്നു

ഇന്ത്യയുടെ അഭിമാനമായിരിക്കുകയാണ് ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം. മുംബയിൽ ജോലിക്കെത്തുന്ന മലയാളി നഴ്‌സുമാർ അവരുടെ സ്വകാര്യ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെപ്പറ്റി പറഞ്ഞ ഹിന്ദി, മലയാളം ഭാഷകളിലുള്ള ചിത്രത്തിന് കാനിലെ രണ്ടാമത്തെ ബഹുമതിയായ ഗ്രാൻപീയാണ് ലഭിച്ചത്.

കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതിയും ദിവ്യ പ്രഭയുമായതിനാൽത്തന്നെ മലയാളികൾക്കും സന്തോഷിക്കാനേറെയുണ്ട്. മലയാളി നഴ്‌സുമാരായ പ്രഭ, അനു എന്നീ കഥാപാത്രങ്ങളെയാണ് ഇവർ അവതരിപ്പിച്ചത്. ഇരുവരും കാനിലെത്തിയത് ഏറെ അഭിമാനത്തോടെയാണ് ഓരോ മലയാളിയും നോക്കിക്കണ്ടത്. പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി പകുതി മുറിച്ച തണ്ണിമത്തന്റെ രൂപത്തിലുള്ള വാനിറ്റി ബാഗുമായിട്ടാണ് കനി കുസൃതി എത്തിയത്. ഇതും ഏറെ ചർച്ചയായിരുന്നു.

സിനിമയുടെ ഭാഗമായ മറ്റൊരു മലയാളി താരത്തിന്റെ കാനിലെ അസാന്നിദ്ധ്യത്തെക്കുറിച്ചാണ് സമൂഹമാദ്ധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ച. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ഡോ. മനോജിനെയാണ് അസീസ് അവതരിപ്പിച്ചത്. ഇത്രയും പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിട്ടും എന്തുകൊണ്ട് കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്തില്ലെന്ന് നിരവധി പേർ തന്നോട് ചോദിച്ചിരുന്നുവെന്ന് അസീസ് പറയുന്നു. നീ എന്താടാ പോകാത്തതെന്ന് ചോദിച്ച് മമ്മൂക്ക മെസേജ് അയച്ചിരുന്നുവെന്ന് അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞു.

തനിക്കും കോൾ വന്നിരുന്നു. ഫോണെടുത്തപ്പോൾ ഹിന്ദിയിലായിരുന്നു സംസാരം. കസ്റ്റമർ കെയർ ആണെന്ന് കരുതി കട്ട് ചെയ്യുകയായിരുന്നു. സായിപ്പന്മാർ വന്ന് ഇംഗ്ലീഷിൽ വല്ലതും ചോദിച്ചാൽ ബബ്ബബ്ബ അടിക്കേണ്ടല്ലോ എന്ന് കരുതിയാണ് സിനിമാ സംഘത്തിനൊപ്പം പോകാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദിയോ ഇംഗ്ലീഷോ അറിയാതെ എങ്ങനെ മുംബയ് സ്വദേശിനിയായ പായൽ കപാഡിയയുടെ സിനിമയിൽ അഭിനയിച്ചുവെന്നതിനെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി.

പുതുതായി വന്ന മലയാളി ഡോക്ടറുടെ വേഷമാണ് അവതരിപ്പിച്ചത്. അതിനാൽത്തന്നെ അവർക്ക് തനിക്കറിയാവുന്ന ഹിന്ദി മതിയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി പേർ തന്നെ അഭിനന്ദിക്കാൻ വിളിക്കുന്നുണ്ടെന്ന് അസീസ് പറഞ്ഞു. പൃഥ്വിരാജ് അടക്കമുള്ള നിരവധി പേർ തന്റെ പേര് മെൻഷൻ ചെയ്തുകൊണ്ട് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇട്ടു. ഇതൊക്കെ കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ടെന്നും നടൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *