എണ്‍പത്തിയാറാം വയസില്‍ പ്രണയ ചിത്രവുമായി മുതിര്‍ന്ന സംവിധായകന്‍ സ്റ്റാൻലിജോസ്

മലയാളസിനിമാ ചരിത്രത്തിന്‍റെ ഒപ്പം നടക്കുന്ന തലമുതിര്‍ന്ന സംവിധായകന്‍ സ്‌റ്റാൻലി ജോസിന്‍റെ പുതിയ ചിത്രം ‘ലൗ ആന്‍റ് ലൈഫ്’ ഒരുങ്ങി. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സംവിധായകനാണ് സ്റ്റാൻലി ജോസ്. മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം എണ്‍പത്തിയാറാം വയസ്സിലാണ് സ്റ്റാൻലി ജോസ് തന്‍റെ പുതിയ മലയാള ചിത്രവുമായി പ്രേക്ഷകരിലേക്കെത്തുന്നത്. അദ്ദേഹത്തിന്‍റെ പത്നി കനകം സ്റ്റെല്ല കഥയും തിരക്കഥയുമെഴുതിയ ‘ലൗ ആന്‍റ് ലൈഫ്’ താമസിയാതെ പ്രേക്ഷകരിലെത്തും. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കൊച്ചിയിലെ തമ്മനം കെ സ്റ്റുഡിയോയില്‍ പൂര്‍ത്തിയായി വരുന്നു.

ഉദയായുടെ ഒട്ടുമുക്കാല്‍ സിനിമകളുടെയും അസോസിയേറ്റ് ഡയറക്ടര്‍ സ്റ്റാൻലിയായിരുന്നു. ‘മഞ്ഞില്‍ വിരിഞ്ഞ ‘ പൂക്കള്‍, തച്ചോളി അമ്പു, പടയോട്ടം തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം വിജയത്തിന് പിന്നില്‍ സ്റ്റാൻലി ജോസ് ഉണ്ടായിരുന്നു. ‘അന്തകുയില്‍ നീ താനാ എന്ന ‘തമിഴ് ചിത്രത്തിന് ശേഷം അദ്ദേഹം ഒരുക്കുന്ന പുതിയ ചിത്രമാണ് ലൗ ആന്‍റ് ലൈഫ്. പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയമെങ്കിലും മലയാളസിനിമയില്‍ ഇന്നേവരെ പരീക്ഷിക്കാത്ത പ്രണയത്തിന്‍റെ മറ്റൊരു തലമാണ് ഈ ചിത്രത്തില്‍ താന്‍ അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ സ്റ്റാൻലി ജോസ് പറഞ്ഞു. നമ്മള്‍ സിനിമകളില്‍ കണ്ടിട്ടുള്ള പ്രണയാനുഭവങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമാണ് ഈ ചിത്രം. അദ്ദേഹം വ്യക്തമാക്കി. ഭാര്യ കനകം സ്റ്റെല്ല തന്നെയാണ് ഈ ചിത്രത്തിനും കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സ്റ്റാൻലിജോസിന്‍റെ എല്ലാ ചിത്രങ്ങള്‍ക്കും കഥ ഒരുക്കിയത് ഭാര്യ കനകം സ്റ്റെല്ലയായിരുന്നു. അങ്ങനെ ഒരു വേറിട്ട പുതുമയും ഇവരുടെ അപൂര്‍വ്വമായ സിനിമാ ജീവിതത്തിലുണ്ട്.

മേരിലാന്‍റിലെ സുബ്രഹ്മണ്യം, ഉദയായിലെ കുഞ്ചാക്കോ തുടങ്ങിയ മലയാളസിനിമയിലെ പ്രതിഭകള്‍ക്കൊപ്പമാണ് സ്റ്റാൻലി ജോസ് സിനിമാജീവിതം തുടങ്ങിയത്. എം കൃഷ്ണന്‍നായര്‍, കെ എസ് സേതുമാധവന്‍, എ വിന്‍സെന്‍റ്, പി എന്‍ മേനോന്‍, തോപ്പില്‍ ഭാസി, രഘുനാഥ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. ‘ഓളവും തീരവും’ എന്ന ചിത്രത്തിന്‍റെ സഹസംവിധായകനുമായിരുന്നു. നടി ശ്രീദേവിയെ പന്ത്രണ്ടാം വയസ്സില്‍ സിനിമയിലേക്ക് പരിചയപ്പെടുത്തിയത് സ്റ്റാൻലി ജോസ് ആദ്യമായി സംവിധാനം ചെയ്ത ‘വേഴാമ്പല്‍ ‘എന്ന ചിത്രത്തിലൂടെയായിരുന്നു. ഇന്നത്തെ പ്രമുഖ സംവിധായകരായ പ്രിയദര്‍ശന്‍, സിബിമലയില്‍,

ഫാസില്‍ തുടങ്ങിയവരുടെ ഗുരു കൂടിയാണ് സ്റ്റാൻലി

ജോസ്.

വേഴാമ്പല്‍, അമ്മയും മകളും, ആ പെണ്‍കുട്ടി നീയായിരുന്നെങ്കില്‍, അന്തകുയില്‍ നീ താനാ തുടങ്ങിയ ചിത്രങ്ങളാണ് സ്റ്റാൻലി ജോസ് സ്വതന്ത്രമായി സംവിധാനം ചെയ്ത ചിത്രങ്ങള്‍. പ്രമുഖ താരങ്ങളെയും പുതുമുഖങ്ങളെയും അണിനിരത്തി ഒരുക്കിയ ചിത്രമാണ് ‘ലൗ ആന്‍റ് ലൈഫ്’.

ഡോ.പ്രേംകുമാര്‍ വെഞ്ഞാറമൂട്, അഭിനയ്, ശോഭപ്രിയ, അശ്വിന്‍ സജീവ്, ധനേശ്വരി, മജീദ്, ടോണി, സെല്‍വരാജ് കണ്ണേറ്റില്‍, മദന്‍ലാല്‍, മോളി കണ്ണമാലി, ഷിബു തിലകന്‍, ഷാജി മുഹമ്മ, സലിം കലവൂര്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ബാനര്‍ – നവോത്ഥാന ക്രിയേഷന്‍സ്, സംവിധാനം – സ്റ്റാൻലി ജോസ്, കഥ,തിരക്കഥ – കനകം സ്റ്റെല്ല, ക്യാമറ – ഷാജി ജേക്കബ്, എഡിറ്റര്‍ – എയ്ജു, പ്രൊഡക്ഷന്‍ – കണ്‍ട്രോളര്‍ ഷാജി മുഹമ്മ, കോസ്റ്റ്യൂം – ഷാജി കൂനമ്മാവ്, മേക്കപ്പ് – ബോബന്‍ ആലപ്പുഴ, ഗാനരചന – ഡോ.പ്രേംകുമാര്‍ വെഞ്ഞാറമൂട്, സെല്‍വരാജ് കണ്ണേറ്റില്‍, ഡോ.ശ്രീരഞ്ജിനി, ഡോ.ഉഷാകുമാരി. സംഗീതം -ആന്‍റേഴ്സണ്‍ ആലപ്പുഴ, പശ്ചാത്തല സംഗീതം -രഞ്ജിത്ത്, പി ആര്‍ ഒ – പി ആര്‍ സുമേരന്‍, സ്റ്റുഡിയോ -കെ സ്റ്റുഡിയോസ്, ഡിസൈന്‍ – എം ഡിസൈന്‍സ്.

Leave a Reply

Your email address will not be published. Required fields are marked *