‘ആരു പറഞ്ഞാലും അത് സിനിമയെ തകർക്കലാണ്’; സത്യൻ അന്തിക്കാടിന്റെ പരാമർശത്തെക്കുറിച്ച് രഞ്ജൻ പ്രമോദ്

‘ഒ ബേബി’ എന്ന സിനിമയെക്കുറിച്ചുള്ള സംവിധായകൻ സത്യൻ അന്തിക്കാടിന്റെ അഭിപ്രായത്തിൽ പ്രതികരണവുമായി സംവിധായകൻ രഞ്ജൻ പ്രമോദ്. ‘ഒ ബേബി’യെ 1985-ൽ കെ ജി ജോർജ്ജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഇരകൾ’ എന്ന ചിത്രവുമായി ബന്ധപ്പെടുത്തി സത്യൻ അന്തിക്കാട് സംസാരിച്ചതിലെ അനിഷ്ടമാണ് രഞ്ജൻ പ്രമോദ് പ്രകടിപ്പിച്ചത്.

ഇരകൾ എന്ന സിനിമയുമായി ഒ ബേബിയെ താരതമ്യപ്പെടുത്തുന്നത് ശരിയായ പ്രവണതയല്ലെന്ന് രഞ്ജൻ പ്രമോദ് പ്രതികരിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് ‘ഓ ബേബി’ എന്ന ചിത്രത്തെ പ്രശംസിച്ചുകൊണ്ട് സത്യൻ അന്തിക്കാട് സംസാരിച്ചത്. ഒരു അഭിമുഖത്തിലായിരുന്നു രഞ്ജൻ പ്രമോദിന്റെ പ്രതികരണം.

കെ ജി ജോർജ്, അടൂർ ഗോപാലകൃഷ്ണൻ, പത്മരാജൻ, ഐ വി ശശി, ജോൺ എബ്രഹാം തുടങ്ങിയ സംവിധായകരുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. ഇങ്ങനെ എനിക്ക് ഇഷ്ടമുള്ള ഒരുപാട് സംവിധായകരുണ്ട്. എന്നാൽ വെറുതെ ആവശ്യമില്ലാതെ ഒരു കാര്യവുമില്ലാതെ ഇരകൾ എന്ന സിനിമയുമായി ഒ ബേബിയെയോ ജോജിയെയോ ഒക്കെ താരതമ്യപ്പെടുത്തുന്നത് ഒരു നല്ല മനോഭാവമായി തോന്നുന്നില്ല. അത് ആരു ചെയ്താലും ശരി. സത്യൻ ചേട്ടൻ പറഞ്ഞാലും മറ്റാര് പറഞ്ഞാലും അത് സിനിമയെ തകർക്കലാണ്. കാരണം ഉള്ളടക്കത്തിലോ ട്രീറ്റ്‌മെന്റിലോ പശ്ചാത്തലത്തിലോ ഒന്നും ഇരകളുമായി ഓ ബേബിക്ക് ബന്ധമില്ല.

ഇരകൾ എന്ന സിനിമ ഒരു എസ്റ്റേറ്റിലാണ് നടന്നിരിക്കുന്നത് എന്ന് മാത്രമേ ഉള്ളൂ. അതും ഏലക്കാട് ഒന്നുമല്ല, ഒരു റബ്ബർ തോട്ടമാണ്. ആ റബ്ബർ തോട്ടം അതിന് ചുറ്റിലും ഉണ്ടെങ്കിലും ആ വീടിനകത്ത് നടക്കുന്ന കഥയാണ് അത്. ആ വീടിനകത്ത് നടക്കുന്ന ബന്ധങ്ങളുടെ കഥയാണ്. ഒരു തരത്തിലും ഒ ബേബിയെ ജോർജ് സാറിന്റെ സിനിമയുമായി താരതമ്യം ചെയ്യാൻ പറ്റില്ല. എന്തായാലും അത് ഒരു ക്ലാസിക് ചിത്രമാണ്.

ഒരുപക്ഷേ, ജോർജ് സാറിന് ലഭ്യമായിരുന്ന ഒരു ടെക്‌നോളജി വെച്ചിട്ട് ഒ ബേബി പോലെ ഒരു സിനിമ ഷൂട്ട് ചെയ്യാൻ പോലും പറ്റില്ല. പണ്ടത്തെ ലൈറ്റും ക്യാമറയും ഫിലിമും ഒക്കെ ആയിരുന്നെങ്കിൽ നമുക്കിത് പ്രായോഗികമായി സാധ്യമല്ല. ഇതൊക്കെ അവിടേയ്ക്ക് എത്തിക്കാൻ പ്രയാസമാണ്. ഡിജിറ്റൽ ടെക്‌നോളജി ഉണ്ടാവുന്നതുകൊണ്ടും ബാറ്ററിയിൽ പ്രവർത്തിക്കുന്ന ലൈറ്റുകൾ വന്നതു കൊണ്ടുമാണ് ആ തരത്തിലുള്ള ലൊക്കേഷനുകളിൽ ഒ ബേബി ചിത്രീകരിക്കാൻ പറ്റിയത്. ഈ സൗകര്യങ്ങളൊന്നും ജോർജ് സാറിന് ലഭിച്ചിരുന്നില്ല, രഞ്ജൻ പ്രമോദ് പറഞ്ഞു.

ദിവസങ്ങൾക്ക് മുൻപാണ് ഒ ബേബിയെന്ന ചിത്രത്തെ പ്രശംസിച്ച് സത്യൻ അന്തിക്കാട് കുറിപ്പ് പങ്കുവെച്ചത്.

സത്യൻ അന്തിക്കാടിന്റെ പോസ്റ്റിന്റെ പൂർണരൂപം

കാലാവസ്ഥയിലെ ന്യൂനമർദ്ദം പോലെയാണ് രഞ്ജൻ പ്രമോദ്. വിചാരിക്കാത്ത നേരത്ത് ആർത്തലച്ചങ്ങ് പെയ്യും. പിന്നെ മഷിയിട്ട് നോക്കിയാൽ ആളെ കാണില്ല. തിയ്യേറ്ററിൽ കാണാൻ പറ്റാതെ പോയ സിനിമയായിരുന്നു ‘ഓ ബേബി’. ഇന്നലെ ആമസോൺ പ്രൈമിൽ ആ പടം കണ്ടു.

നമുക്ക് പരിചയമുള്ള സിനിമകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ചിത്രം. സിനിമക്ക് വേണ്ടി എഴുതിയുണ്ടാക്കിയതാണെന്ന് ഒരിക്കലും തോന്നാത്ത രംഗങ്ങൾ. പടം തുടങ്ങി അവസാനിക്കും വരെ നമ്മൾ ആ കാട്ടിലും ഏലത്തോട്ടത്തിലുമാണെന്ന് തോന്നിപ്പോകും. എസ്റ്റേറ്റിനകത്തെ ഇരുണ്ട ജീവിതം നമ്മളെ ആദ്യം കാണിച്ചു തന്നത് കെ.ജി. ജോർജ്ജാണ്. ഇരകളിൽ. അദ്ദേഹം ഇന്നുണ്ടായിരുന്നെങ്കിൽ, ‘എടാ മോനേ ! ‘ എന്നും പറഞ്ഞ് രഞ്ജൻ പ്രമോദിനെ നെഞ്ചോട് ചേർത്ത് അഭിനന്ദിച്ചേനേ.

സിനിമ കണ്ട ആഹ്ലാദത്തിൽ രഞ്ജനെ ഞാൻ വിളിച്ചിരുന്നു. ഔട്ട്‌ഡോർ യൂണിറ്റും കാരാവാനും ജനറേറ്ററും കടന്നു ചെല്ലാത്ത ലൊക്കേഷനിൽ വച്ച് ഈ സിനിമ എങ്ങനെയെടുത്തുവെന്ന് ഞാൻ ചോദിച്ചു. ദിലീഷ് പോത്തനടക്കമുള്ള എല്ലാ നടീനടന്മാരും ക്യാമറാമാനും മറ്റു സാങ്കേതിക പ്രവർത്തകരും ഒരേ മനസ്സോടെ കൂടെ നിന്നതു കൊണ്ടാണെന്ന് രഞ്ജൻ പറഞ്ഞു. അവരെയെല്ലാം ഞാൻ മനസ്സ് കൊണ്ട് നമിക്കുന്നു. സിനിമയുടെ ആർഭാടങ്ങളിൽ അഭിരമിക്കാത്തവരുണ്ടെങ്കിലേ വ്യത്യസ്തമായ സിനിമകളുണ്ടാക്കാൻ കഴിയൂ.

സ്വാഭാവികമായി സംഭവിക്കുന്നു എന്ന് തോന്നുന്ന രംഗങ്ങളാണ് സിനിമയിൽ മുഴുവൻ. ഒരു കൗമാരക്കാരിയുടെ മനസ്സിനെ പ്രണയം വന്ന് കുത്തി നോവിക്കുന്ന അനുഭവമൊക്കെ എത്ര മനോഹരമായാണ് രഞ്ജൻ ആവിഷ്‌കരിച്ചിരിക്കുന്നത്. എനിക്ക് തട്ടാൻ ഭാസ്‌കരനേയും സ്‌നേഹലതയേയും തന്ന രഘുനാഥ് പലേരിയടക്കം എല്ലാവരും അനായാസമായി അഭിനയിച്ചു.

രഞ്ജൻ പ്രമോദിന്റെ അടുത്ത പെയ്ത്തിനായി ഞാൻ കാത്തിരിക്കുന്നു.

രഞ്ജൻ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘ഒ.ബേബി’യിൽ ദിലീഷ് പോത്തനാണ് പ്രധാന വേഷത്തിൽ എത്തിയത്. രഘുനാഥ് പലേരി, ഹാനിയ നഫീസ, സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്ണൻ, വിഷ്ണു അഗസ്ത്യ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *