ആടുജീവിതത്തിന് ഒമ്പത് സംസ്ഥാന പുരസ്‌കാരങ്ങൾ; ബ്ലെസി ചേട്ടന് ലഭിച്ച അംഗീകാരത്തിലാണ് സന്തോഷിക്കുന്നതെന്ന് പൃഥ്വിരാജ്

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ അവാർഡുകൾ വാരിക്കൂട്ടി ‘ആടുജീവിതം’. ജനപ്രിയ ചിത്രം, മികച്ച നടൻ, സംവിധായകൻ അടക്കമുള്ള പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. വലിയ സന്തോഷം തോന്നുന്നെന്ന് അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ പൃഥ്വിരാജ് പ്രതികരിച്ചു. ലഭിച്ച ഓരോ അവാർഡും സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കുമുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

‘ബ്ലെസി ചേട്ടന് ലഭിച്ച അംഗീകാരത്തിനാണ് ഞാൻ ഏറ്റവും സന്തോഷിക്കുന്നത്. പടം തീയേറ്ററിലെത്തിയപ്പോൾ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ചിത്രത്തിന് നൽകിയ സ്നേഹമാണ് ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം. ഇപ്പോൾ ഇങ്ങനെ അംഗീകാരങ്ങൾ തേടിയെത്തുമ്പോൾ വലിയ സന്തോഷം. എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദി.

എല്ലാ സിനിമയ്ക്ക് പിന്നിലും വലിയ പരിശ്രമം വേണം. എന്നെ സംബന്ധിച്ച് ആടുജീവിതത്തിന് പരിശ്രമം കൂടുതൽ വേണ്ടിവന്നു. ആ പരിശ്രമത്തിന് ഇങ്ങനെയൊരു അംഗീകാരം ലഭിക്കുമ്പോൾ വലിയ സന്തോഷം. 2008 -2009 കാലത്ത് ഒരുപാടാളുകൾ അസാദ്ധ്യമെന്ന് പറഞ്ഞ കാര്യമാണ് ആടുജീവിതം. ആ സ്വപ്നം യാഥാർത്ഥ്യമാക്കിയ ആളാണ് ബ്ലെസി ചേട്ടൻ. അദ്ദേഹത്തിനാണ് ഏറ്റവും വലിയ അംഗീകാരം കൊടുക്കേണ്ടത്. അദ്ദേഹത്തിന്റെ സിംഗിൾ മൈൻഡഡ് ഫോക്കസാണ് ഈ ചിത്രം സാക്ഷാത്കരിക്കാൻ ഏറ്റവും വലിയ കാരണം. ബ്ലെസി ചേട്ടൻ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പതിനാറ് വർഷം മാറ്റിവച്ചില്ലായിരുന്നെങ്കിൽ ആടുജീവിതത്തിനെപ്പറ്റി നമ്മളാരും ഇന്ന് സംസാരിക്കില്ലായിരുന്നു.’- പൃഥ്വിരാജ് ഒരു മാധ്യമത്തോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *