ആഗോള ബോക്‌സ് ഓഫീസില്‍ 16000 കോടി; അവതാര്‍ 2 കുതിപ്പ് തുടരുന്നു

ആഗോള ബോക്സ് ഓഫീസില്‍ പുതിയ റെക്കോഡുമായി അവതാര്‍ ദ വേ ഓഫ് വാട്ടര്‍. ചിത്രത്തിന്റെ വരുമാനം 16000 കോടിയിലേറെ കവിഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌പൈഡര്‍മാന്‍ നോ വേ ഹോമിനെ മറികടന്ന് ഏറ്റവും വരുമാനം നേടിയ ചിത്രങ്ങളില്‍ ആറാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് അവതാര്‍ രണ്ടാം ഭാഗം. യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലുള്ള സ്റ്റാര്‍ വാര്‍ ദ ഫോഴ്‌സ് അവേക്കന്‍സ്, അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ തുടങ്ങിയ ചിത്രങ്ങളെ അവതാര്‍ 2 മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോക സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രമെന്ന റെക്കോഡ് അവതാര്‍ ആദ്യഭാഗത്തിനാണ്. പതിമൂന്ന് വര്‍ഷം പഴക്കമുള്ള ഈ റെക്കോഡ് ഇതുവരെ തകര്‍ന്നിട്ടില്ല. ജയിംസ് കാമറൂണിന്റെ തന്നെ ടൈറ്റാനിക് ആണ് മൂന്നാം സ്ഥാനത്ത്. അവതാര്‍ ആദ്യഭാഗം ഇറങ്ങുന്നത് വരെ ടൈറ്റാനിക് ആയിരുന്നു ഒന്നാം സ്ഥാനത്ത്. പിന്നീട് 2019 ല്‍ അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിം റിലീസ് ചെയ്തതോടെയാണ് ടൈറ്റാനിക് മൂന്നാം സ്ഥാനത്തെത്തിയത്.

നെയിത്രിയെ വിവാഹംകഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെയാണ് അവതാര്‍ 2 കഥ പുരോഗമിക്കുന്നത്. പന്‍ഡോറയിലെ ജലാശയങ്ങള്‍ക്കുള്ളിലൂടെ ജേക്കും നെയിത്രിയും നടത്തുന്ന സാഹസികയാത്രകള്‍കൊണ്ട് ‘അവതാര്‍ 2’ കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുന്നുവെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. സാം വെര്‍ത്തിങ്ടണ്‍, സോയി സാല്‍ഡാന, സ്റ്റീഫന്‍ ലാങ്, സിഗേര്‍ണ്ണി വീവര്‍ എന്നിവര്‍ക്കൊപ്പം കേറ്റ് വിന്‍സ്ലറ്റും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. നീണ്ട 23 വര്‍ഷങ്ങള്‍ക്കുശേഷമാണ് കേറ്റ് വിന്‍സ്ലറ്റ് കാമറൂണിനൊപ്പം സിനിമചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *