മലയാളികളുടെ മനസിൽ നാൽപ്പത് വർഷം മുമ്പ് ഇടംനേടിയ കലാകാരിയാണ് നാദിയ മൊയ്തു. പതിനെട്ടുകാരി പെണ്‍കുട്ടിയായിരുന്നു നോക്കെത്താദൂരത്ത് കണ്ണും നട്ടിൽ അഭിനയിക്കുമ്പോൾ നദിയ മൊയ്തു. 40 വര്‍ഷങ്ങള്‍ക്കിപ്പുറവും നോക്കെത്താദൂരത്തിലെ ഗേളിയോട് വൈകാരികമായ അടുപ്പവും സ്നേഹവും സിനിമാപ്രേമികൾക്കുണ്ട്. കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ വിവാഹിതയായി വിദേശത്തേക്ക് ചേക്കേറിയ താരം പിന്നീട് പത്ത് വർഷങ്ങൾക്കുശേഷം എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന തമിഴ് ചിത്രത്തിൽ അമ്മ വേഷം ചെയ്തുകൊണ്ടാണ് രണ്ടാം വരവ് നടത്തിയത്. മക്കൾക്കൊപ്പം അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് എം കുമരൻ സൺ ഓഫ് മഹാലക്ഷ്മിയുടെ സ്ക്രിപ്റ്റുമായി അണിയറപ്രവർത്തകർ നടിയെ സമീപിച്ചത്.
ജയംരവിയുടെ അമ്മ വേഷം ചെയ്യാൻ നദിയ തയ്യാറാകുമോയെന്ന സംശയത്തോടെയാണ് അണിയറപ്രവർത്തകർ കഥ പറയാൻ എത്തിയത്. കാരണം അതിന് മുമ്പ് വരെ നായിക റോളുകളായിരുന്നു താരം ഏറെയും ചെയ്തിരുന്നത്. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ട്രെൻഡ് സെറ്ററായി പ്രേക്ഷകരെ ഒന്നടങ്കം കൈയിലെടുത്ത മെഗാ ഹിറ്റ് സിനിമ മാർച്ച് 14 ന് റീ റിലീസിന് ഒരുങ്ങുമ്പോൾ സിനിമയുമായി ബന്ധപ്പെട്ടുള്ള ഓർമകൾ പങ്കുവെക്കുകയാണ് നാദിയ മൊയ്തു.
എഫ്ടിക്യു വിത്ത് രേഖ മേനോൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. സിനിമയിലേക്ക് തിരിച്ച് വരുമോയെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. മുപ്പതുകൊല്ലം മുമ്പാണ് ഞാൻ അമേരിക്കയ്ക്ക് പോയത്. ആ സമയത്ത് അവിടെ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തി സിനിമ ചെയ്യുക എന്നതിനെ കുറിച്ചൊന്നും ഞാൻ ആലോചിച്ചിരുന്നില്ല. കല്യാണം കഴിക്കണമെന്നുണ്ടായിരുന്നു അങ്ങനെ വിവാഹിതയായി. പിന്നീട് ശ്രദ്ധയൊക്കെ കുടുംബജീവിതത്തിലേക്ക് മാറി. ഇടയ്ക്ക് ചില സിനിമകളൊക്കെ എന്നെ തേടി വന്നിരുന്നു. മാത്രമല്ല വിവാഹം കഴിയും മുമ്പ് ഞാൻ ചെയ്ത സിനിമയായിരുന്നു വധു ഡോക്ടറാണ് എന്ന ജയറാം സിനിമ. എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന സിനിമ കമ്മിറ്റ് ചെയ്തതിന് പിന്നിൽ രസകരമായ ഒരു കഥയുണ്ട്. മക്കളുടെ കൂടെ അവധിക്കായി ഞാൻ ബോംബെയിൽ വന്നപ്പോഴാണ് എം.രാജയുടെ കോൾ എനിക്ക് വരുന്നത്.
എൻആർഐകൾ നടത്തുന്ന ലാസ്റ്റ് മിനിറ്റ് ഷോപ്പിങ്ങിന്റെ തിരക്കിലായിരുന്നു ഞാൻ. അതുകൊണ്ട് തന്നെ സിനിമയുമായി ബന്ധപ്പെട്ട സോണിലെയായിരുന്നില്ല എന്റെ ചിന്തകൾ. മക്കൾ ചെറുതാണെന്നും സിനിമയും കുടുംബവും എല്ലാം കൂടി മാനേജ് ചെയ്യാൻ കഴിയില്ലെന്നും സംവിധായകൻ എം.രാജയോട് ഞാൻ മറുപടിയായി പറഞ്ഞു. മാത്രമല്ല പിറ്റേദിവസം രാത്രി ഞാൻ അമേരിക്കയ്ക്ക് തിരിച്ച് പോവുകയായിരുന്നു.
അതുകൊണ്ട് തന്നെ പിന്നീട് എപ്പോഴെങ്കിലും സംസാരിക്കാമെന്ന് ഞാൻ രാജയോട് പറഞ്ഞു. എന്നാൽ നാളെ തന്നെ കാണാൻ വരാമെന്നായി രാജ. അങ്ങനെ ഞാൻ ഇങ്ങനൊരു പ്രോജക്ടിനായി രാജ എന്നെ സമീപിച്ച കാര്യം ഞാൻ ഫാമിലിയിൽ ഡിസ്കസ് ചെയ്തു. ഞാൻ വളരെ നേരത്തെയാണ് എന്റെ കരിയർ ഉപേക്ഷിച്ചതെന്ന് എന്റെ ഭർത്താവിനും തോന്നിയിരുന്നു. ഞാൻ എന്റെ എല്ലാ കഴിവുകളും സിനിമയിൽ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് അറിയാം.
ആളുകൾക്ക് നിന്റെ മുഖം സ്ക്രീനിൽ കാണാൻ ആഗ്രഹമുണ്ടെങ്കിൽ ഈ സിനിമ കമ്മിറ്റ് ചെയ്തോളാനും മറ്റ് കാര്യങ്ങൾ എല്ലാവർക്കും കൂടി മാനേജ് ചെയ്യാമെന്നും ഭർത്താവ് പറഞ്ഞു. ഭർത്താവും മക്കളും മാതാപിതാക്കളും ഭർത്താവിന്റെ കുടുംബവും ധൈര്യവും സപ്പോർട്ടും തന്നപ്പോഴാണ് എങ്കിൽ അഭിനയിക്കാമെന്ന് ഞാൻ തീരുമാനിച്ചത്. മക്കളുടെ അവധിക്കാലത്തെ ഡേറ്റ് തരാൻ പറ്റൂവെന്ന് സംവിധായകനോട് ഞാൻ സൂചിപ്പിച്ചിരുന്നു. കാരണം മക്കൾക്ക് എന്നെ എത്രത്തോളം ആവശ്യമുണ്ടെന്നത് എനിക്ക് അറിയാവുന്നതാണ്. അത് ഇല്ലാതാക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. അതുപോലെ കഥ പറയാൻ വന്നപ്പോൾ അമ്മ വേഷമാണെന്ന് പറയാൻ പേടിയായിരുന്നുവെന്ന് രാജ പിന്നീട് എന്നോട് പറഞ്ഞു. രാജ എന്നെ കാണാൻ വന്നപ്പോൾ ഉടുപ്പൊക്കെ ധരിച്ചായിരുന്നു ഞാൻ നിന്നത്.
ആ ലുക്കിൽ കൂടി കണ്ടപ്പോൾ അമ്മ വേഷമാണെന്ന് പറയുമ്പോൾ അടി കിട്ടുമോയെന്ന സംശയമായിരുന്നു സംവിധായകന്. പിന്നെ ഞാൻ എന്റെ ഇരുപതുകളിൽ അല്ലെന്ന് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. സമയം അനുസരിച്ച് നമ്മളെ മാറണമല്ലോ. പിന്നെ മഹാലക്ഷ്മി എന്ന കഥാപാത്രം എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടിരുന്നുവെന്നും നദിയ മൊയ്തു പറഞ്ഞു