അയാളുടെ കാമുകിയാകുമോയെന്ന് ചോദിച്ചു, വീടും ട്രെയ്നറെയും തരാമെന്ന് പറഞ്ഞു; മൈഥിലി പറയുന്നു

പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലൂടെയാണ് മൈഥിലി അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത്. ഏറെ ശ്രദ്ധ നേടി ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് മൈഥിലി അവതരിപ്പിച്ചത്. പിന്നീട് മലയാളത്തിലെ മുൻനിര നായിക നടിയായി മൈഥിലി മാറി. എന്നാൽ ഒരു ഘട്ടത്തിൽ നടിയെ ലൈം ലൈറ്റിൽ കാണാതായി.

ഇന്ന് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകുകയാണ് നടി. അമ്മയായ താരം ശക്തമായ കഥാപാത്രങ്ങളുമായി വീണ്ടും സിനിമാ രംഗത്തെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇപ്പോഴിതാ തനിക്ക് നേരെ ഒരു കാലത്ത് വന്ന വ്യാജ വാർത്തകളെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചും സംസാരിക്കുകയാണ് മൈഥിലി. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

ഞാൻ പടങ്ങൾ ചെയ്യുന്നുണ്ടായിരുന്നു. പടങ്ങൾ എല്ലാം ഹിറ്റായിരുന്നു. പക്ഷെ മാധ്യമങ്ങൾ എഴുതുന്നത് വേറെ കാര്യങ്ങളാണ്. പാലേരി മാണിക്യത്തിന് ശേഷം ഞാൻ ചെയ്ത എല്ലാ പടങ്ങളും ഹിറ്റാണ്. ചട്ടമ്പിനാട്, ഈ അടുത്ത കാലത്ത്, സോൾട്ട് ആന്റ് പെപ്പർ, ശിക്കാർ തുടങ്ങി എല്ലാം ഹിറ്റ് സിനിമകളാണ്.

താരങ്ങൾക്കും സ്വകാര്യ ജീവിതമുണ്ട്. എല്ലാവർക്കും തലയിൽ കയറി നിരങ്ങാൻ പറ്റില്ല. ഞാൻ വന്ന കാലഘട്ടത്തിൽ പ്രിന്റ് മീഡിയകൾ ഉൾപ്പെടെ ഫേക്ക് ന്യൂസുകൾ കൊടുത്തു. എന്തൊക്കെ കഥകളാണ്. കഞ്ഞി കുടിക്കാൻ വേണ്ടിയായിരിക്കും. എന്നാൽ പോലും നമ്മളെ വിറ്റ് കാശാക്കുന്നു. ഇങ്ങനെയുള്ള മാധ്യമങ്ങൾക്കെതിരെ ഇരുപതോളം കേസുകൾ ഞാൻ കൊടുത്തിട്ടുണ്ട്. അടുത്തിടെയാണ് ഒരു കോൾ വന്നത്. വക്കീൽ വിളിച്ച് ഈ കേസിൽ നിന്ന് ഒഴിവാക്കി തരണം എന്ന് പറഞ്ഞു. ഏത് കേസാണെന്ന് മനസിലായില്ല.

ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല, കട്ട് ആന്റ് കോപി പേസ്റ്റ് ചെയ്തിട്ടേയുള്ളൂ എന്ന് പറഞ്ഞു. കേസ് പിൻവലിക്കില്ല എന്നാണ് താൻ പറഞ്ഞത്. താൻ പ്രതികരിക്കാതായപ്പോൾ തന്നെക്കുറിച്ച് എന്തൊക്കെയോ കഥകളെഴുതാൻ തുടങ്ങിയെന്നും മൈഥിലി ചൂണ്ടിക്കാട്ടി. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമാ രംഗത്ത് നിന്നും വരുന്ന ആരോപണങ്ങളെക്കുറിച്ചും മൈഥിലി സംസാരിച്ചു.

മലയാള സിനിമയിലെ മാത്രം പ്രശ്‌നമല്ല. തെലുങ്കിൽ ഒരു അഭിമുഖത്തിന് ഞാൻ പോയി. മൂന്ന് സബ്ജക്ട് എന്നോട് പറഞ്ഞു. ഇന്ന് മുതൽ നീ എന്റെ ഗേൾ ഫ്രണ്ടാണെന്നും പറഞ്ഞു. എന്റെ കൈയിൽ ഒരു റിംഗ് ഉണ്ടായിരുന്നു. ഞാൻ കമ്മിറ്റഡാണെന്ന് പറഞ്ഞു. നിനക്ക് വീടും ജിം ട്രെയിനറെയും തരും.

ഇവിടെ താമസിക്കണം, കേരളത്തിലേക്ക് തിരിച്ച് പോകരുതെന്ന് അയാൾ. എന്നെ വിൽക്കാൻ വെച്ചതല്ല, എന്റെ ആർട്ടാണ് വിൽക്കുന്നതെന്ന് ഞാൻ മറുപടി നൽകി. സിനിമ ചെയ്യാതെ താൻ തിരിച്ച് വരികയായിരുന്നെന്നും മൈഥിലി ഓർത്തു. സിനിമാ രംഗത്തേക്ക് താൻ തിരിച്ച് വരുമെന്നും മികച്ച കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹമെന്നും മൈഥിലി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *