അമ്പരപ്പിച്ച് ആലിയയുടെ ഡീപ്പ് ഫേക്ക് വീഡിയോകള്‍; ആശങ്കയറിയിച്ച് ആരാധകര്‍

ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ഡീപ്പ് ഫേക്ക് വീഡിയോകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ആലിയയുടെ ഒരു ഗെറ്റ് റെഡി വിത്ത് മീ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. Sameeksha Avtr എന്ന അക്കൗണ്ടില്‍ നിന്നാണ് ആലിയയുടെ പുതിയ ഡീപ്പ് ഫേക്ക് വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. 1.7 കോടി ആളുകള്‍ ഇതിനകം വീഡിയോ കണ്ടിട്ടുണ്ട്.

ഇന്‍സ്റ്റാഗ്രാമില്‍ ഇതിനകം നിരവധി ഡീപ്പ് ഫേക്ക് അക്കൗണ്ടുകള്‍ സജീവമാണ്. എഐയുടെ സഹായത്തോടെ മറ്റുള്ളവരുടെ വീഡിയോയിലെ മുഖം മാറ്റിവെച്ചാണ് ഇത്തരം അക്കൗണ്ടുകളില്‍ പലതും ഉള്ളടക്കങ്ങളുണ്ടാക്കുന്നത്.

Sameeksha Avtr എന്ന അക്കൗണ്ടില്‍ ആലിയയുടെ നിരവധി ഡീപ്പ് ഫേക്ക് വീഡിയോകള്‍ ഉണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ മറ്റാരൊക്കെയോ പങ്കുവെച്ച വീഡിയോയില്‍ ആലിയയുടെ മുഖം എഐയുടെ സഹായത്തോടെ വെച്ചാണ് ഈ വീഡിയോകളെല്ലാം നിര്‍മിച്ചിരിക്കുന്നത്. അശ്ലീല ഉള്ളടക്കങ്ങളൊന്നും ഇതില്‍ ഇല്ല.

ആലിയയുടെ ആരാധകര്‍ നടിയുടെ ഡീപ്പ് ഫേക്ക് വീഡിയോകള്‍ പ്രചരിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പലരും വീഡിയോയില്‍ ഉള്ളത് ആലിയ തന്നെ ആണെന്നാണ് കരുതിയത്. പലരും എഐ അപകടമാണെന്ന് അഭിപ്രായപ്പെടുന്നു.

മുമ്പും ആലിയയുടെ ഡീപ്പ് ഫേക്ക് വീഡിയോകള്‍ പ്രചരിച്ചിട്ടുണ്ട്. നേരത്തെ നടി വാമിഖ ഖബ്ബിയുടെ വീഡിയോയില്‍ ആലിയയുടെ മുഖം വെച്ചുള്ള ഒരു വീഡിയോ പ്രചരിച്ചിരുന്നു.

രശ്മിക മന്ദാന, കാജോള്‍, കത്രീന കൈഫ് ഉള്‍പ്പടെയുള്ളവരുടെ ഡീപ്പ് ഫേക്കുകള്‍ മാസങ്ങള്‍ക്ക് മുമ്പ് വലിയ കോലാഹലങ്ങളാണ് സൃഷ്ടിച്ചിരുന്നത്. അടുത്തിടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചരണം നടത്തുന്ന ആമിര്‍ഖാന്റെ ഡീപ്പ് ഫേക്ക് വീഡിയോയും വൈറലായിരുന്നു. വീഡിയോയ്‌ക്കെതിരെ മുംബൈ പോലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *