അന്ന് മാർക്കോയെ കുറിച്ച് പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു, ഉണ്ണിക്ക് ഞാൻ മെസേജ് അയച്ചിരുന്നു; സുരാജ്

അടുത്തിടെ നടൻ സുരാജ് വെഞ്ഞാറമൂടിന് എതിരെ വലിയ സൈബർ അറ്റാക്ക് നടക്കാൻ കാരണമായ ഒന്നായിരുന്നു ഉണ്ണി മുകുന്ദൻ സിനിമ മാർക്കോയെ കുറിച്ച് പറഞ്ഞ വാക്കുകൾ. അടുത്തിടെ റിലീസ് ചെയ്ത സുരാജിന്റെ ഇഡി എക്സ്ട്രാ ഡീസന്റ് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ സുരാജ് പറഞ്ഞ വാക്കുകളാണ് വൈറലായതും വിവാദത്തിന് വഴിവെച്ചതും. ഇഡി എക്സ്ട്രാ ഡീസന്റിൽ വെട്ടിക്കീറലുകളോ ആൾക്കാരെ കൊല്ലലോ ഒന്നുമില്ല. ധൈര്യപൂർവം പിള്ളേരുമായി പോകാം.

എല്ലാം മറന്ന് ചിരിച്ച് ഹാപ്പിയായി ചില്ലായി തീയറ്ററിൽ നിന്ന് തിരിച്ചുവരാം. കുടുംബ ചിത്രമാണിത്. എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന സിനിമയാണ് എന്നാണ് സുരാജ് പറഞ്ഞത്. വയലൻസിന് ഏറെ പ്രാധാന്യം കൊടുത്തുകൊണ്ട് ഇറങ്ങിയ ചിത്രമായിരുന്നു മാർക്കോ. അതുകൊണ്ട് തന്നെ സിനിമയ്ക്ക് എതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. അത്തരമൊരു സാഹചര്യത്തിലായിരുന്നു സുരാജിന്റെ വാക്കുകളും വൈറലായത്. അന്ന് പക്ഷെ സൈബർ അറ്റാക്ക് സുരാജിനാണ് നേരിടേണ്ടി വന്നത്. ഓരോ ഇന്റസ്ട്രിയിൽ പ്രവർത്തിക്കുന്ന മറ്റൊരു നടന്റെ സിനിമയെ സുരാജ് ഇകഴ്ത്തി കാണിച്ചുവെന്ന തരത്തിലായിരുന്നു വിമർശനം. എന്നാൽ സത്യം അതല്ലെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും പറയുകയാണിപ്പോൾ സുരാജ്.

പുതിയ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. മാർക്കോയെ കുറിച്ചുള്ള എന്റെ പ്രതികരണം നൂറ് ശതമാനവും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഞാനും അത് കണ്ടിരുന്നു. ഒരിക്കലും ഞാൻ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല. ഇഡി സിനിമയിൽ എന്റെ കഥാപാത്രം സൈക്കോ കഥാപാത്രമായിരുന്നു. അതേ കുറിച്ച് പറഞ്ഞപ്പോൾ ഫ്രണ്ടിലിരുന്നയാളുകൾ എന്നോട് ചോദിച്ചു ആഹാ… സൈക്കോയാണോയെന്ന്. അപ്പോൾ നിങ്ങളുടേതിലും ഉണ്ടോ വെട്ടും കുത്തുമെന്ന് ചോദിച്ചു. അപ്പോൾ ഞാൻ മറുപടിയായി പറഞ്ഞു. എന്റേത് സൈക്കോ കഥാപാത്രമാണെന്നേയുള്ളു അല്ലാതെ വെട്ടും കുത്തുമൊന്നുമില്ലെന്ന്. ഇങ്ങനെയാണ് പറഞ്ഞത്. പിന്നെ ഞാൻ ഉണ്ണി മുകുന്ദന്റെ മാർക്കോ കണ്ടിരുന്നു. എനിക്ക് ഭയങ്കരമായി ഇഷ്ടമായി.

ഞാൻ അദ്ദേഹത്തിന് മെസേജ് അയച്ചിരുന്നു. ആ സിനിമയുടെ സംവിധായകൻ എന്റെ സുഹൃത്താണ്. എല്ലാ സിനിമകളും ഓടണ്ടേ..?. സമീപകാലത്ത് ഇറങ്ങിയ എല്ലാ സിനിമകളും ഞാൻ കണ്ടു. റൈഫിൾ ക്ലബ്ബും കണ്ടിരുന്നു. എനിക്ക് ഇഷ്ടമായി. മാർക്കോയിൽ ഉണ്ണി മുകുന്ദൻ തകർത്തിട്ടുണ്ട്. അത് ഒരു രക്ഷയുമില്ല. മലയാളത്തിലെ ആദ്യത്തെ വയലൻസ് സിനിമ തന്നെയാണ് എന്നായിരുന്നു സുരാജിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *