നടി ഖുശ്ബു തമിഴില്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണമായ സിനിമ ഒരുക്കിയത് സംവിധായകന്‍ ഫാസിലായിരുന്നു. മലയാളത്തില്‍ നിന്നും റീമേക്ക് ചെയ്ത പടത്തിലാണ് ഖുശ്ബു നായികയായി അഭിനയിക്കുന്നത്. എന്നാല്‍ നടിയുടെ മുഖത്തിന്റെ പ്രത്യേകത കാരണം ഇവരെ നായികയായി വേണ്ടെന്ന് പലരും പറഞ്ഞിരുന്നതിനെ പറ്റി വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.
‘കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടി എന്ന സിനിമയാണ് ഫാസില്‍ ആദ്യം തമിഴിലേക്ക് ടീമിലേക്ക് ചെയ്യാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ആ സിനിമയുടെ കഥ ഇളയരാജയോട് പറഞ്ഞപ്പോള്‍ അദ്ദേഹമാണ് ഈ സിനിമ ഇവിടെ വര്‍ക്കാവില്ലെന്ന് പറയുന്നത്. തമിഴ്‌നാട്ടില്‍ ഭിഷക്കാരുടെ സിനിമകള്‍ ഒന്നും വിജയിക്കാന്‍ സാധ്യതയില്ല. നിങ്ങളുടെ സിനിമകളില്‍ റിമേക്ക് ചെയ്യാത്ത ഏതെങ്കിലും പടമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ എന്നെന്നും കണ്ണേട്ടന്‍ എന്ന സിനിമയുടെ കഥ ഫാസില്‍ പങ്കുവെച്ചു.
ഈ കഥ ഇഷ്ടപ്പെട്ട ഇളയരാജ ആ സിനിമ തമിഴ്‌നാട്ടില്‍ വിജയിക്കുമെന്ന് പറഞ്ഞു. അങ്ങനെ പുതുമുഖമായ നടന്‍ കാര്‍ത്തിക്കിനെ നായകനാക്കാന്‍ തീരുമാനിച്ചു. ഒപ്പം നായികയായി പുതുമുഖം മതിയെന്നാണ് തീരുമാനിച്ചത്. അങ്ങനെ എല്ലാവരും നടിയെ അന്വേഷിക്കാന്‍ തുടങ്ങി. ഫാസിലിന്റെ സ്ഥിരം മേക്കപ്പ്മാനായ ടി എന്‍ മണി പറഞ്ഞു ഒരു നടിയുണ്ട്. ചെറിയ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഹിന്ദിക്കാരിയാണ്, അവരിപ്പോള്‍ മദ്രാസില്‍ ഉണ്ടെന്നും സാര്‍ ഒന്ന് കണ്ടു നോക്കാന്‍ മണി പറഞ്ഞു.
എന്നാല്‍ അവരെ കൂട്ടിക്കൊണ്ടു വരാന്‍ ഫാസില്‍ പറഞ്ഞു. ആ പെണ്‍കുട്ടിയായിരുന്നു ഇന്നത്തെ പ്രമുഖ നടി ഖുശ്ബു. ഖുശ്ബു ഫാസിലിനെ കണ്ട് പോയതിനുശേഷം അവിടെയുണ്ടായിരുന്ന എല്ലാവരും ഒറ്റക്കെട്ടായി പറഞ്ഞത് ആ കുട്ടിയെ നായികയായി വേണ്ടെന്നാണ്. അവരെ കണ്ടാല്‍ ഒരു ചൈനക്കാരിയുടെ ലുക്ക് ആണെന്നും ആ കുട്ടി ശരിയാവില്ല, എന്നുമായിരുന്നു എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞത്.
പക്ഷേ ഫാസിലിനെ ആകര്‍ഷിച്ചത് അവളുടെ അഭിനയ മികവ് ആയിരുന്നു. ഫാസില്‍ ഒരു സീന്‍ അവതരിപ്പിക്കാന്‍ കൊടുത്തപ്പോള്‍ അവര്‍ മനോഹരമായി അത് അഭിനയിച്ചു കാണിച്ചു. അത് ഫാസിലിനെ ഇമ്പ്രസ്സ് ചെയ്യാനുള്ള കാരണമായി. അങ്ങനെയാണ് ഖുശ്ബു എന്ന നായികയുടെ ഉദയം. വര്‍ഷം പതിനാറ് എന്ന പേരിലാണ് അന്ന് ഫാസില്‍ സിനിമ നിര്‍മ്മിച്ചത്.
അത് വലിയ പരാജയമാകുമെന്ന് കരുതി തിയേറ്റര്‍ ഉടമകള്‍ ഈ സിനിമ അധികദിവസം ഓടിക്കില്ലെന്ന് അടക്കം പറഞ്ഞിരുന്നു. എന്നാല്‍ ആദ്യ ഷോ കഴിഞ്ഞതിന് ശേഷം തിയേറ്ററിലേക്ക് ആളുകള്‍ കൂടി വന്നു. സെക്കന്‍ഡ് ഷോ ആയപ്പോഴേക്കും തിയേറ്റര്‍ കവിഞ്ഞ് ആളായി. അങ്ങനെ ആ സിനിമ വിചാരിച്ചതിലും കൂടുതല്‍ വിജയമായി മാറി. ഖുശ്ബുവിന്റെയും കാര്‍ത്തിക്കിന്റെയും കരിയറും ഇതിലൂടെ തിളങ്ങിയതായിട്ടും’ ആലപ്പി അഷ്‌റഫ് പറയുന്നു.