മലയാളികളുടെ പ്രിയ നടന്‍ ചാക്കോച്ചന്‍ എന്നു വിളിക്കുന്ന കുഞ്ചാക്കോ ബോബന് വിശേഷണങ്ങള്‍ ആവശ്യമില്ല. സിനിമാകുടുംബത്തില്‍ നിന്നെത്തിയ ചാക്കോച്ചന്‍ വളരെ പെട്ടെന്നു ജനഹൃദയങ്ങളില്‍ റൊമാന്റിക് ഹീറോ ആയി മാറി. പെണ്‍കുട്ടികളുടെ സ്വപ്ന നായകനായി. വിജയകൊടുമുടിയേറി നിന്ന സമയത്തുതന്നെ പരാജയത്തിന്റെ രുചികളും തിരിച്ചറിഞ്ഞു. കുറച്ചുനാള്‍ സിനിമയില്‍ നിന്നു വിട്ടുനിന്നു. തിരച്ചെത്തിയ ചാക്കോച്ചന്‍ കാമ്പുള്ള കഥാപാത്രങ്ങള്‍ ചെയ്തു വ്യത്യസ്തമായ നടനവഴിയില്‍ സഞ്ചരിക്കുന്നു. ശാലിനിയും ചാക്കോച്ചനും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് അക്കാലത്ത് ചില ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു. അതേക്കുറിച്ച് അഭിമുഖങ്ങളില്‍ ചാക്കോച്ചന്‍ തുറന്നുസംസാരിച്ചിട്ടുമുണ്ട്.
കുട്ടിക്കാലം മുതല്‍ ശാലിനിയെ അറിയാമായിരുന്നുവെന്ന് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍. ശാലിനി ആദ്യം ബാലതാരമായി അഭിനയിക്കുന്നത് എന്റെ അച്ഛന്റെ സംവിധാനത്തിലൊരുങ്ങിയ ആഴിയിലാണ്. അന്നു മുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളാണ്. അനിയത്തിപ്രാവില്‍ എത്തിയപ്പോള്‍ ആ സൗഹൃദം കൂടി.
ശാലിനിയുടെ അച്ഛന്‍ ബാബുവേട്ടനുമായും നല്ല ബന്ധമായിരുന്നു. ഹരികൃഷ്ണന്‍സ് എന്ന സിനിമയില്‍ ശ്യാമിലി ഉണ്ടായിരുന്നു. ഇതിനിടയിലായിരുന്നു അജിത്തിന്റെയും ശാലിനിയുടെയും പ്രണയവും വിവാഹവും. അതേക്കുറിച്ചും എനിക്കറിയാമായിരുന്നു. എന്നാല്‍, ആളുകളുടെ ധാരണ മറ്റൊന്നായിരുന്നു. ഞാന്‍ ശാലിനിയെ വിവാഹം കഴിക്കും എന്നായിരുന്നു എല്ലാവരും വിചാരിച്ചിരുന്നത്. ശ്യാമിലിയുടെ കൂടെ അഭിനയിക്കുമ്പോഴും ശാലിനിയുമായി സംസാരിക്കാറുണ്ടായിരുന്നു. ചില ഫംഗ്ഷനുകളില്‍ അജിത്തിനെയും കാണാറുണ്ട്. ഇപ്പോഴും ശാലിനിയുമായി നല്ല സൗഹൃദമാണുള്ളതെന്നും താരം പറഞ്ഞു.