‘അന്നത്തെ ഡബ്ലുസിസി ലളിത ചേച്ചിയായിരുന്നു, പരാതികളില്ലാതെ വർഷങ്ങളോളം അഭിനയിച്ച് ജീവിച്ച് കടന്നുപോയ ആളാണ്’; ലാൽ ജോസ്

കെപിഎസി ലളിതയുടെ വേർപാട് മലയാളികളെ എല്ലാം ഇന്നും വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു. സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ ചലച്ചിത്രലോകത്ത് നിലനിന്ന താരം 600ലേറെ സിനിമയിലാണ് അഭിനയിച്ചത്.

നാടകത്തിലൂടെ സിനിമയിലെത്തിയ കെപിഎസി ലളിതയുടെ ആദ്യ സിനിമ 22ആം വയസിലായിരുന്നു. തോപ്പിൽ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്‌ക്കാരത്തിൽ ആയിരുന്നു ഇത്. പിന്നീട് അങ്ങോട്ട് ഒട്ടനവധി സിനിമകളിൽ ഭാഗമായി. ഇപ്പോഴിതാ സംവിധായകനും നടനുമെല്ലാമായ ലാൽ ജോസ് കെപിഎസി ലളിതയ്‌ക്കൊപ്പമുള്ള ഓർമകൾ പങ്കിട്ട് എത്തിയിരിക്കുകയാണ്.

സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ സംസാരിക്കവെ പണ്ട് മലയാള സിനിമയിലെ ഡബ്ലുസിസി കെപിഎസി ലളിതയായിരുന്നു എന്നാണ് ലാൽ ജോസ് പറഞ്ഞത്. എൽസമ്മ എന്ന ആൺകുട്ടി അടക്കമുള്ള ലാൽ ജോസ് സിനിമകളിൽ ലളിത ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

‘ലളിത ചേച്ചി അന്നൊക്കെ സെറ്റിൽ ഒരു അമ്മയുടേയോ ചേച്ചിയുടേയോ സ്ഥാനത്തുണ്ടാകും. എല്ലാവരുടെയും വിശേഷങ്ങൾ തിരക്കും. കാര്യങ്ങൾ അന്വേഷിക്കും. അതുപോലെ സെറ്റിൽ അനാവശ്യ കാര്യങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ അന്ന് ഡബ്ലുസിസി ഒന്നും ഇല്ലല്ലോ. അന്നത്തെ ഡബ്ലുസിസി ലളിത ചേച്ചിയായിരുന്നു. എന്തെങ്കിലും പരാതികൾ ആർക്കെങ്കിലുമുണ്ടെങ്കിൽ ലളിത ചേച്ചി വിളിച്ച് അതുമായി ബന്ധപ്പെട്ട ആളുകളെ വഴക്ക് പറയും. അതിനുള്ള സ്വാതന്ത്ര്യമുള്ളയാളായിരുന്നു. ചേച്ചി പറഞ്ഞാൽ പിന്നെ അതിന് അപ്പീലില്ല. അത്തരത്തിൽ ഒരു വ്യക്തിത്വമായിരുന്നു ചേച്ചി.

ലളിത ചേച്ചിയ്‌ക്കൊപ്പം അസോസിയേറ്റ് ഡയറക്ടറായിരുന്ന കാലം മുതൽ ഒരുപാട് സിനിമകളിൽ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് വധു ഡോക്ടറാണ് സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് ഭരതേട്ടനൊപ്പം അസോസിയേറ്റായി വർക്ക് ചെയ്യാൻ ചേച്ചി എന്നെ വിളിച്ചിരുന്നു. അത് എനിക്ക് വലിയ സന്തോഷം നൽകി. കാരണം ഭരതേട്ടന് പറ്റിയ അസോസിയേറ്റാണ് ഞാനെന്ന് ലളിത ചേച്ചിക്ക് തോന്നിയതുകൊണ്ടാകുമല്ലോ എന്നെ ചേച്ചി വിളിച്ചത്.

പക്ഷെ നിർഭാഗ്യവശാൽ ഭരതേട്ടനൊപ്പം പ്രവർത്തിക്കാൻ എനിക്ക് കഴിഞ്ഞില്ല. അപ്പോഴേക്കും അദ്ദേഹം മരിച്ചു. ഞാൻ സിനിമ സ്വതന്ത്ര്യമായി സംവിധാനം ചെയ്ത് തുടങ്ങിയശേഷം എന്റെ സിനിമകളിൽ കൂടുതൽ അഭിനയിച്ചത് സുകുമാരി ചേച്ചിയാണ്. കാരണം ആ സമയത്തെല്ലാം ലളിത ചേച്ചി നിരവധി സിനിമകളുമായി തിരക്കിലായിരുന്നു. പിന്നീട് എൽസമ്മ എന്ന ആൺകുട്ടിയിൽ ലളിത ചേച്ചി വന്നു അഭിനയിച്ചു. ആ കഥാപാത്രം ചേച്ചിക്ക് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു.

നീ വിളിക്കാൻ കുറച്ച് വൈകിയെങ്കിലും നല്ല വേഷത്തിനാണ് വിളിച്ചത് എനിക്ക് കഥാപാത്രം ഒരുപാട് ഇഷ്ടമായിയെന്ന് ചേച്ചി പറയുകയും ചെയ്തു. പലവിധ പ്രശ്‌നങ്ങൾ സിനിമാ മേഖലയിൽ ഉണ്ടായിരുന്ന കാലത്ത് ചോദിക്കാനും പറയാനും ആളുകൾ ഇല്ലാതിരുന്ന സമയത്ത് നാൽപ്പത് വർഷത്തോളം സിനിമയിലും അതിന് മുമ്പ് നാടകത്തിലും ഒറ്റയ്ക്ക് സുരക്ഷിതയായി യാത്ര ചെയ്ത ഒരാളാണ് ലളിത ചേച്ചി.

മരിക്കുന്നത് വരെ ലളിത ചേച്ചി ഒരാളെ പറ്റിയും പരാതി പറഞ്ഞ് ഞാൻ കേട്ടിട്ടില്ല. ചേച്ചി ഒരു അട്രോസിറ്റി ഫെയ്‌സ് ചെയ്യേണ്ടി വന്നതായി ഞാൻ കേട്ടിട്ടില്ല. പരാതികളില്ലാതെ സിനിമാ രംഗത്ത് വർഷങ്ങളോളം അഭിനയിച്ച് ജീവിച്ച് കടന്നുപോയ ആളാണ് ചേച്ചി എന്ന് പറഞ്ഞാണ് ലാൽ ജോസ് കെപിഎസി ലളിതയെ കുറിച്ചുള്ള ഓർമകൾ പറഞ്ഞ് അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *