‘അനിമൽ സ്ത്രീവിരുദ്ധ സിനിമയാണെന്ന് തോന്നിയിട്ടില്ല, കഥാപാത്രത്തോട് താത്പര്യം തോന്നിയതിനാൽ ചെയ്യാന്‍ തീരുമാനിച്ചു’; തൃപ്തി ദിമ്രി

സ്ത്രീവിരുദ്ധതയുടെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട സിനിമയാണ് രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍. സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാനപ്പെട്ടൊരു റോളിലാണ് തൃപ്തി ദിമ്രിയെത്തിയത്. ചിത്രത്തിലെ പ്രകടനത്തിന്റെ പേരിലും ഏറെ വിമര്‍ശനം കേട്ടിട്ടുണ്ട് തൃപ്തി. സാമൂഹികമാധ്യമങ്ങളിലെ ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും നടി വിധേയമായിട്ടുണ്ട്. വിമര്‍ശനങ്ങള്‍ തന്നെ ബാധിച്ചുവെന്നും ദിവസങ്ങളോളം തുടര്‍ച്ചയായി കരഞ്ഞിട്ടുണ്ടെന്നും നടി നേരത്തേ പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ സിനിമയിലെ റോള്‍ ഏറ്റെടുത്തതിനെ സംബന്ധിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി. ഫിലിം ഫെയറിന് നൽ‌കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

എന്തുകൊണ്ടാണ് ഫെമിനിസത്തിനെതിരായ ചിത്രം തിരഞ്ഞെടുത്തതെന്ന ചോദ്യത്തിന് അനിമല്‍ സ്ത്രീവിരുദ്ധ സിനിമയാണെന്ന് തോന്നിയിട്ടില്ലെന്ന് തൃപ്തി ദിമ്രി പറഞ്ഞു. സിനിമകള്‍ക്ക് അത്തരമൊരു വിശേഷണം നല്‍കാറില്ല. ബുള്‍ബുള്‍, ഖാല എന്നീ സിനിമകള്‍ ചെയ്യുമ്പോളും അത് ഫെമിനിസ്റ്റ് സിനിമകളാണെന്ന് തോന്നിയിട്ടില്ല. ഞാൻ കഥാപാത്രങ്ങളുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. സംവിധായകരില്‍ വിശ്വാസമര്‍പ്പിച്ചാണ് സിനിമ ചെയ്യുന്നത്. – തൃപ്തി ദിമ്രി പറഞ്ഞു.

അനിമലില്‍ അവസരം വന്നപ്പോള്‍ ഞാന്‍ സംവിധായകന്‍ സന്ദീപ് റെഡ്ഡിയെ കണ്ടു. അദ്ദേഹം സിനിമയുടെ കഥയെകുറിച്ച് കൂടുതലായി പറഞ്ഞില്ലെങ്കിലും എന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞു. ഞാന്‍ നല്ല വ്യക്തിത്വം നിറഞ്ഞതും അവസാനം സഹതാപം ഏറ്റുവാങ്ങുന്നതുമായ കഥാപാത്രങ്ങളാണ് അതുവരെ ചെയ്തിരുന്നത്. അതിനാല്‍ അനിമലിലെ കഥാപാത്രം ചെയ്യുന്നത് നല്ലതായിരിക്കുമെന്ന് തോന്നി.

ഏറെ വെല്ലുവിളിനിറഞ്ഞതാണെങ്കിലും കഥാപാത്രത്തോട് താത്പര്യം തോന്നി. അതിനാല്‍ സിനിമ ചെയ്യാന്‍ തീരുമാനിച്ചു. എല്ലാവര്‍ക്കും വലിയ സിനിമകളുടെ ഭാഗമാകണമെന്ന് ഉണ്ടാകുമല്ലോ. ആ സമയത്ത് ഒരു വലിയ സിനിമ ലഭിക്കുകയെന്നത് എന്നെ സംബന്ധിച്ച് വലിയ നേട്ടമാണ്. എനിക്ക് പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കും. എങ്ങനെയാണ് ഇത്തരം സിനികളെടുക്കുന്നതെന്ന് മനസിലാക്കാനുമാകും.- തൃപ്തി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *