‘അദ്ദേഹത്തിന്റെ ശബ്ദം വളരെ മനോഹരമാണ്, മികച്ച ഗായകനാണെന്നു സ്വയം അവകാശപ്പെടാത്തയാൾ’; എ.ആർ. റഹ്മാനെക്കുറിച്ച് സോനു നിഗം

സംഗീതസംവിധായകൻ എ.ആർ.റഹ്മാനെക്കുറിച്ചു വാചാലനായി ഗായകൻ സോനു നിഗം. പരിശീലനം ലഭിച്ചിട്ടില്ലെങ്കിലും റഹ്മാൻ മികച്ച ഗായകനാണെന്നും അദ്ദേഹത്തിന്റെ ശബ്ദം ഏറെ ആകർഷണീയമാണെന്നും സോനു പറഞ്ഞു. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് റഹ്മാനെക്കുറിച്ച് സോനു നിഗം പറഞ്ഞത്.

‘എ.ആർ.റഹ്മാൻ പരിശീലനം ലഭിക്കാത്ത ഗായകനാണെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം വളരെ മനോഹരമാണ്. അക്കാര്യം അദ്ദേഹത്തിനു തന്നെ അറിയാം. എന്നാൽ താൻ ഒരു മികച്ച ഗായകനാണെന്ന് അദ്ദേഹം ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. റഹ്മാൻ ഒരു മികച്ച സംഗീതസംവിധായകനായതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ ശബ്ദത്തിന് എപ്പോഴും കൃത്യമായ താളം ഉണ്ടായിരിക്കും. തന്റെ ശബ്ദത്തിന്റെ ഘടന വളരെ മനോഹരമാണെന്ന് അദ്ദേഹത്തിനറിയാം. പക്ഷേ ഒരിക്കലും ഒരു മികച്ച ഗായകനാണെന്ന് അദ്ദേഹം അവകാശപ്പെടില്ല. പാട്ട് കമ്പോസ് ചെയ്യാനും റഹ്മാൻ എന്നെ അനുവദിച്ചിട്ടുണ്ട്. ‘‘ഇൻ ലംഹോൻ കെ ദാമൻ മേ’’ എന്ന ഗാനത്തിലെ ഒരു ഭാഗം ചിട്ടപ്പെടുത്താൻ അദ്ദേഹം എന്നോട് ആവശ്യപ്പെടുകയുണ്ടായി. ഞാനത് ചെയ്തു. എന്റെ സംഭാവനയെ റഹ്മാൻ അഭിനന്ദിക്കുകയും പാട്ടിൽ അത് ഉൾപ്പെടുത്തുകയും ചെയ്തു’, സോനു പറഞ്ഞു.

സോനു നിഗത്തിന്റെ വാക്കുകൾ ഇതിനകം ചർ‌ച്ചയായിക്കഴിഞ്ഞു. റഹ്മാൻ–സോനു കോംബോയെക്കുറിച്ചു വാചാലരായി ഇരുകൂട്ടരുടെയും ആരാധകരും രംഗത്തെത്തി. 1997 ൽ പുറത്തിറങ്ങിയ ദാവൂദിലൂടെയാണ് റഹ്മാനും സോനുവും ആദ്യമായി ഒന്നിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *