‘അത് വിരമിക്കല്‍ പ്രഖ്യാപനമല്ല, തെറ്റായി വായിക്കപ്പെട്ടു; ഒരു നീണ്ട ഇടവേള വേണം’: നടൻ വിക്രാന്ത് മാസി

ട്വെല്‍ത്ത് ഫെയില്‍ നായകന്‍ വിക്രാന്ത് മാസി അഭിനയ ജീവിതം പൂര്‍ണമായി അവസാനിപ്പിക്കുകയാണെന്ന പോസ്റ്റ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു. പോസ്റ്റ് കണ്ട ആരാധകരും ഞെട്ടി. എന്നാല്‍ താന്‍ വിരമിക്കുന്നില്ലെന്നും ആളുകൾ താൻ ഉദ്ദേശിച്ചത് തെറ്റായി വായിച്ചതാണന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരം. താന്‍ റിട്ടയർ ചെയ്യുന്നില്ലെന്നും ഒരു നീണ്ട ഇടവേള വേണമെന്നും കുടുംബത്തെ മിസ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം ഒരു ദേശീയമാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു

‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ അങ്ങേയറ്റം സംഭവബഹുലമായിരുന്നു. നിങ്ങളുടെ എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദി. മുന്നോട്ടുള്ള യാത്രയില്‍ കുടുംബത്തിനൊപ്പം ചെലവഴിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒരു ഭര്‍ത്താവായും അച്ഛനായും മകനായും നടനായുമെല്ലാം ജീവിതം മുന്നോട്ട് പോകുന്നു. 2025 ല്‍ ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങള്‍ക്ക് മുന്നിലെത്തും. കഴിഞ്ഞ രണ്ട് സിനിമകള്‍ പറഞ്ഞുതീര്‍ക്കാനാവാത്ത സന്തോഷമാണ് നല്‍കിയത്. ഒരുപിടി ഓര്‍മകളും. ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും എല്ലാറ്റിനും നന്ദി. എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും’ എന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു പോസ്റ്റ്. പിന്നാലെ 37ാം വയസിലെ താരത്തിന്‍റെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ആരാധകരും അമ്പരന്നു.

പിന്നാലെ അഭിനയം അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് പലരും പോസ്റ്റിന് ചുവടെ കുറിച്ചു. ടെലിവിഷന്‍ താരമായാണ് വിക്രാന്ത് മാസി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. രണ്‍വീര്‍ സിങിന്‍റെ ലൂട്ടേരയിലൂടെയാണ് സിനിമയില്‍ തുടക്കം. ചാപകില്‍ ദീപികയ്ക്കൊപ്പവും ക്രൈം തില്ലര്‍ സീരിസായ മിര്‍സാപുറില്‍ ബബ്​ലു പണ്ഡിറ്റായും വന്‍ പ്രശംസ നേടി. ‘സബര്‍മതി റിപ്പോര്‍ട്ട്’ ആണ് വിക്രാന്തിന്‍റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *