വിവാഹ ജീവിതത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ നടി സുഹാസിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഷൂട്ടിംഗിന് പോകുമ്പോൾ ഞാൻ എന്റെ മാതാപിതാക്കളെക്കുറിച്ചോ മകനെക്കുറിച്ചോ മണി സാറെ കുറിച്ചോ ആലോചിക്കാറില്ല. അവരവരുടെ ജോലി അവരവർ നോക്കുന്നു. പൊന്നിയിൻ സെൽവൻ ഷൂട്ട് ചെയ്യുമ്പോൾ സുഹാസിനി രാവിലെ എണീറ്റ് അവളുടെ ചുരുണ്ട മുടിയിലെ ചിക്ക് എടുത്തോയെന്ന് അദ്ദേഹം ആലോചിക്കില്ല. അത് പോലെയാണ് ഞാനും. താൻ വലിയ ആളാണെന്ന ചിന്തയോടെയല്ല ഷൂട്ടിംഗ് സ്ഥലത്ത് പെരുമാറാറെന്നും സുഹാസിനി വ്യക്തമാക്കി.
താൻ നേരത്തെ തന്നെ കാര്യങ്ങൾ പ്ലാൻ ചെയ്യുന്ന വ്യക്തിയാണെന്നും സുഹാസിനി പറയുന്നു. മണി വഴക്ക് പറയും. പത്ത് ദിവസത്തിന് ശേഷം എനിക്കൊരു ഔട്ട് ഡോർ ഷൂട്ട് ഉണ്ടെങ്കിൽ ഇന്ന് എന്റെ സ്യൂട്ട് കേസ് റെഡിയാക്കി കട്ടിലിനടിയിലുണ്ടാവും. വർഷങ്ങൾ നീണ്ട കരിയറിൽ മകന് വേണ്ടി ഒരു തവണ താൻ ഇടവേളയെടുത്തിട്ടുണ്ടെന്നും സുഹാസിനി പറയുന്നു. അവന് ഒരു വയസും രണ്ട് മാസവും ഉള്ളപ്പോൾ ശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നി.
അവന്റെ ബുദ്ധിമുട്ട് കണ്ട് എനിക്ക് വിഷമമായി. എട്ട് പത്ത് മാസം ഒരു ജോലിയും ചെയ്യാതെ മകനെ മാത്രം നോക്കി. ഗർഭിണിയായ സമയത്തും താൻ ബ്രേക്ക് എടുത്തിട്ടുണ്ടെന്നും സുഹാസിനി വ്യക്തമാക്കി. മറ്റൊരാളെ ആശ്രയിച്ച് ജീവിക്കുന്നത് തനിക്ക് ഇഷ്ടമല്ല. പ്രത്യേകിച്ചും സാമ്പത്തിക കാര്യങ്ങളിൽ ആശ്രയിക്കുന്നവരാകരുത് സ്ത്രീകൾ. പക്ഷെ വീട്ടു ചെലവുകൾ ഭർത്താവ് നോക്കണമെന്നും സുഹാസിനി അഭിപ്രായപ്പെട്ടു.
അടുക്കള കാര്യങ്ങൾക്ക് നിങ്ങളാണ് നൽകേണ്ടതെന്ന് കല്യാണമായയുടനെ ഞാൻ അദ്ദേഹത്തോട് പറഞ്ഞതാണ്. കാരണം കല്യാണം കഴിക്കണമെന്ന് ആഗ്രഹിക്കുന്നത് പുരുഷൻമാരാണ്. സ്ത്രീകളെ നിർബന്ധിച്ചാണ് വിവാഹം ചെയ്യിക്കുന്നത്. ഇപ്പോഴും മണിയാണ് അടുക്കളയ്ക്ക് വേണ്ടി ചെലവാക്കുന്നത്. പുരുഷൻമാർക്ക് ഞാനാണ് ഭക്ഷണത്തിന് ഞാൻ പണം ചെലവഴിക്കണമെന്ന ചിന്ത താഴേക്കടിയിൽ നിന്ന് വരണം.
അതിന് പകരം മദ്യപിക്കാൻ ഭാര്യമാരോട് പണം വാങ്ങുന്ന സാഹചര്യമാണെന്നും സുഹാസിനി പറഞ്ഞു. തന്റെ അഭിപ്രായം യാഥാസ്ഥിതികമായിരിക്കാം. കല്യാണം കഴിക്കുമ്പോൾ ഒരു വീട്ടിൽ ഭക്ഷണം നൽകാനുള്ള കെൽപ്പ് വേണം. അപ്പോഴാണ് കല്യാണം കഴിക്കേണ്ടത്. അല്ലെങ്കിൽ കല്യാണം കഴിക്കരുതെന്നും സുഹാസിനി അഭിപ്രായപ്പെട്ടു.