അംബാനി കുടുംബത്തെ അറിയില്ല; കടം വാങ്ങിയ മാലയിലെ ഡയമണ്ട് കാണാതായി, എല്ലാ സന്തോഷവും നഷ്ടപ്പെട്ടു; കിം കര്‍ദാഷിയാൻ

വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും ഇളയപുത്രന്‍ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹം 2024 ജൂലൈയിലായിരുന്നു . വിവാഹാഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അതിഥികളായി എത്തിയിരുന്നു. അമേരിക്കന്‍ ടെലിവിഷന്‍ താരവും സംരംഭകയുമായ കിം കര്‍ദാഷിയാനും സഹോദരി ക്ലോയി കര്‍ദാഷിയാനും ലോസ് ആഞ്ജലിസില്‍ നിന്നാണ് മുംബൈയിലെത്തിയത്.

എന്നാല്‍ അംബാനി കുടുംബത്തെ തനിക്ക് വ്യക്തിപരമായി അറിയില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കിം കര്‍ദാഷിയാന്‍. ‘യഥാര്‍ഥത്തില്‍ എനിക്ക് അംബാനിമാരെ അറിയില്ല. ഒരു പൊതുസുഹൃത്ത് വഴിയാണ് വിവാഹത്തിനെത്തിയത്. അംബാനി കുടുംബത്തിനായി ആഭരണങ്ങള്‍ രൂപകല്‍പന ചെയ്തത് ഞങ്ങളുടെ സുഹൃത്ത് ലോറെയ്ന്‍ ഷ്വാട്‌സാണ്. അവരുടെ വിവാഹത്തിന് ലോറെയ്ന്‍ പോകുന്നുണ്ടെന്ന് ഞങ്ങളോട് പറഞ്ഞു. നിങ്ങളെ ക്ഷണിക്കാന്‍ അവര്‍ക്ക് താത്പര്യമുണ്ടെന്നും ഞങ്ങളെ അറിയിച്ചു. പിന്നെന്താ പോകാം എന്ന് ഞങ്ങള്‍ മറുപടിയും നല്‍കി.’-ദി കര്‍ദാഷിയാന്‍സ് ഷോയില്‍ കിം പറയുന്നു.

വിവാഹ ക്ഷണക്കത്തിനെ കുറിച്ചും വീഡിയോയില്‍ കിം വിവരിക്കുന്നുണ്ട്. ‘ആ ക്ഷണക്കത്ത് കണ്ടപ്പോള്‍ ഞങ്ങള്‍ അമ്പരന്നുപോയി. ഞങ്ങളെ ആവേശത്തിലാഴ്ത്തുന്നതായിരുന്നു ആ കാര്‍ഡ്. ഇത്രയും വ്യത്യസ്തമായ ക്ഷണക്കത്തുള്ള ഒരു വിവാഹത്തിന് എങ്ങനെ പോകാതിരിക്കും എന്നാണ് ഞങ്ങള്‍ ആലോചിച്ചത്. അതിന് ഏകദേശം 22 കിലോയോളം ഭാരമുണ്ടായിരുന്നു. അത് തുറക്കുമ്പോള്‍ സംഗീതം പൊഴിക്കുമായിരുന്നു.’ -ക്ലോയി വ്യക്തമാക്കുന്നു.

എന്നാല്‍ ആ വിവാഹം ഇരുവര്‍ക്കും അത്ര മനോഹരമായ ഓര്‍മയല്ല സമ്മാനിച്ചത്. വിവാഹത്തിന് അണിയാന്‍ വാങ്ങിയ ഡയമണ്ട് നെക്ക്‌ളേസിലെ ഒരു ഡയമണ്ട് കാണാതായതോടെ എല്ലാ സന്തോഷവും നഷ്ടപ്പെട്ടെന്ന് കിം പറയുന്നു. ‘ഷ്വാട്‌സില്‍ നിന്ന് വിവാഹത്തിന് അണിയാനായി കടം വാങ്ങിയ നെക്ക്‌ളേസിലെ ഒരു ഡയമണ്ട് കാണാതായി. അതൊരു വലിയ മാലയായിരുന്നു. മുത്തുകളും പിയറിന്റെ ആകൃതിയിലുള്ള വലിയ ഡയമണ്ടുകളും തൂങ്ങിക്കിടക്കുന്ന ആകൃതിയിലായിരുന്നു ഡിസൈന്‍. അതില്‍ നിന്ന് ഒരു ഡയമണ്ട് വീണുപോകുകയായിരുന്നു. അത് ചിലപ്പോള്‍ ഞങ്ങളുടെ വസ്ത്രത്തില്‍ എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നിരിക്കാം. അറിയില്ല.’-കിം പറയുന്നു. ഡയമണ്ട് നഷ്ടപ്പെട്ട ദു:ഖത്തില്‍ ആരേയും ആലിംഗനം ചെയ്യാനും സംസാരിക്കാനും പറ്റിയില്ലെന്നും കിം കൂട്ടിച്ചേര്‍ക്കുന്നു.

ഗുജറാത്തിലെ ജാം നഗറിലേക്കുള്ള 48 മണിക്കൂര്‍ നീണ്ട യാത്രയുടെ ചില ദൃശ്യങ്ങളും അവര്‍ വീഡിയോയില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രശസ്ത ഇന്ത്യന്‍ ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര തയ്യാറാക്കിയ വസ്ത്രങ്ങളാണ് ഇരുവരും ആഘോഷപരിപാടികള്‍ക്ക് ധരിച്ചത്. മണിക്കൂറുകള്‍ക്കുമുമ്പ് മാത്രമാണ് തങ്ങള്‍ക്ക് ധരിക്കാനുള്ള വസ്ത്രങ്ങളെ കുറിച്ച് തങ്ങള്‍ക്ക് ധാരണയുണ്ടായതെന്നും ഇരുവരും വീഡിയോയില്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *