30 ലക്ഷം രൂപ കൈക്കലാക്കാൻ ദത്ത് പുത്രൻ മാതാവിനെ കൊലപ്പെടുത്തി; പ്രതി ദീപക് പച്ചൗരി അറസ്റ്റിൽ

30 ലക്ഷം ഫിക്സഡ് ഡിപ്പോസിറ്റ് കൈക്കലാക്കാൻ മാതാവിനെ കൊലപ്പെടുത്തി കുളിമുറിയിൽ കുഴിച്ചിട്ട് ദത്തുപുത്രൻ. മധ്യപ്രദേശിലെ ഷോപൂർ ജില്ലയിലെ കോട്വാലിയിലാണ് സംഭവം. 65കാരിയായ ഉഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 24കാരനായ ദീപക് പച്ചൗരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മാതാവിനെ ഒരാഴ്ചയായി കാണാനില്ലെന്ന് കാട്ടി ഈ ആഴ്ചയാദ്യം പ്രതി കോട്വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായി എസ്.പി അഭിഷേക് ആനന്ദ് പറഞ്ഞു. അന്വേഷണ ഭാ​ഗമായി ദീപക്കിനെയും ബന്ധുക്കളേയും അയൽക്കാരേയും പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ദീപക് പരസ്പരവിരുദ്ധമായ മൊഴിയാണ് പൊലീസിന് നൽകിയത്.

എന്നാൽ, ഷെയർ മാർക്കറ്റിൽ യുവാവിന് 15 ലക്ഷം രൂപ നഷ്ടമായതായും പണം ആവശ്യമുണ്ടായിരുന്നതായും അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. വീട്ടിൽ നടത്തിയ പരിശോധനയിൽ, പ്രതി കുളിമുറിയിൽ പുതിയൊരു ഭാഗം നിർമിച്ചതായി പൊലീസ് സംഘം കണ്ടെത്തി. ഇവിടം പരിശോധിച്ചപ്പോൾ ഉഷയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

തുടർന്ന്, നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മാതാവ് ബാങ്കിൽ സ്ഥിരനിക്ഷേപമായി ഇട്ടിരുന്ന 30 ലക്ഷം രൂപ കൈക്കലാക്കാനാണ് താൻ അവരെ വകവരുത്തിയതെന്ന് ഇയാൾ പറഞ്ഞു. 23 വർഷം മുമ്പ് ഒരു അനാഥാലയത്തിൽ നിന്നാണ് ഉഷയും ഭർത്താവ് ഭുവേന്ദ്ര പച്ചൗരിയും ദീപക്കിനെ ദത്തെടുത്തത്. ഭുവേന്ദ്ര 2021ൽ മരിച്ച ശേഷം ഇരുവരും മാത്രമായിരുന്നു വീട്ടിൽ താമസം.

Leave a Reply

Your email address will not be published. Required fields are marked *