സൂരജിന്റെ മരണം ശ്വാസംമുട്ടി; കഴുത്തിനേറ്റ പരിക്കും മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കോഴിക്കോട് ചേവായൂരിൽ കൊല്ലപ്പെട്ട മായനാട് സ്വദേശി സൂരജിന്റെ (20) മരണം ശ്വാസംമുട്ടിയെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് . കഴുത്തിനേട്ട പരിക്കും മരണകാരണമായെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

കേസുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ അച്ഛനെയും മക്കളെയും ഉൾപ്പെടെ 10 പേരെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇതിൽ പ്രദേശവാസിയായ മനോജ്, മക്കളായ വിജയ്, അജയ് എന്നിവരെ ഉൾപ്പെടുന്നു.
18 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ഇന്നലെ രാത്രി രണ്ട് മണിക്കാണ് സംഭവം. പാലക്കോട്ടുകാവ് ക്ഷേത്രോത്സവത്തിന് എത്തിയതായിരുന്നു സൂരജ്. അതിനിടെ ഒരു സംഘം സൂരജിനെ കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. ആദ്യം നാട്ടുകാർ ഇടപെട്ട് പിരിച്ചു വിട്ടെങ്കിലും പിന്നീട് വീണ്ടും മർദിക്കുകയായിരുന്നു. ചാത്തമംഗലം എസ്എൻഎസ്ഇ കോളേജിൽ ഉണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ എത്തിയത്. കാർ പാർക്കിങ്ങിനെ ചൊല്ലി കോളേജിൽ ഉണ്ടായ വിദ്യാർത്ഥി സംഘർഷത്തിൽ സൂരജ് തൻറെ സുഹൃത്തിന് വേണ്ടി ഇടപെട്ടിരുന്നു. ഇതിൽ എതിർ ഭാഗത്തിന് സൂരജിനോട് എതിർപ്പ് ഉണ്ടായിരുന്നു.വിജയ് എസ്എൻഎസ്ഇ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. ഇന്നലെ ഉത്സവ പറമ്പിൽ സൂരജിനെ കണ്ട് വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ധിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൂരജിനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

അതിനിടെ സൂരജിന്റെ മരണ വിവരം അറിഞ്ഞ് സംഘടിച്ചെത്തിയവർ മനോജിന്റെ വീടിന് നേരെ ആക്രമണം നടത്തി. വീടിന്റെ വാതിൽ ചില്ലുകൾ തകർത്തു. വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന കാറും ബൈക്കും അടിച്ചുതകർത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *