സിനിമാ സെറ്റിൽ ലഹരിയുപയോഗിച്ച നടനിൽ നിന്നും ഉണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ നടി വിൻ സി.അലോഷ്യസിന് പിന്തുണയുമായി കൂടുതൽ സിനിമാ സംഘടനകൾ.പരാതി അന്വേഷിക്കാനും സിനിമാ സംഘടനകൾ തീരുമാനിച്ചു. വിൻസി സംഘടനയിൽ അംഗമല്ലെന്നും പരാതി കിട്ടിയിട്ടില്ലെന്നും പറഞ്ഞ താരസംഘടനയായ ‘അമ്മ’ നടിയോട് പരാതിനൽകാനും ആവശ്യപ്പെട്ടു. മയക്കുമരുന്നിന് എതിരായ പോരാട്ടത്തിൽ കൂടെ ഉണ്ടാകുമെന്ന് അമ്മ ഭാരവാഹികൾ വ്യക്തമാക്കി.
വിൻ സിയിൽനിന്ന് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് സിനിമാ മേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്ക വ്യക്തമാക്കി. വിൻ സിക്ക് പിന്തുണയുമായി ഫിലിം ചേംബറും ഡബ്ല്യുസിസിയും രംഗത്തെത്തി. വിൻ സി പരാതിയുമായി മുന്നോട്ടുപോകുകയാണെങ്കിൽ പിന്തുണ നൽകുമെന്നാണ് ഡബ്ല്യുസിസിയുടെ നിലപാട്. വിൻ സി പരാമർശിച്ച സിനിമാ സെറ്റിൽ ആഭ്യന്തര പരാതിപരിഹാര സമിതി ഉണ്ടായിരുന്നോയെന്ന് പരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
നടിയുടെ നിലപാടിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച ഫിലിം ചേംബർ വിൻസിയോട് സെറ്റിലെ ആഭ്യന്തര പരാതിപരിഹാര സമിതിയിൽ പരാതി നൽകാൻ നിർദേശിച്ചു. പരാതിയുടെ പകർപ്പ് ഫിലിം ചേംബർ മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു.