വരുമാനം കുറഞ്ഞു; എതിരാളിയായ മന്ത്രവാദിയെ സഹോദരങ്ങൾ കൊലപ്പെടുത്തി

ചെന്നൈയിൽ മന്ത്രവാദത്തിൽനിന്നുള്ള വരുമാനം കുറഞ്ഞതിനാൽ എതിരാളിയായ മന്ത്രവാദിയെ സഹോദരന്മാർ കൊലപ്പെടുത്തി. റാണിപ്പേട്ട് ജില്ലയിലെ വാലാജപ്പേട്ടുള്ള ശ്രീനിവാസനെയാണ് (40) സഹോദരങ്ങളായ പ്രകാശ് (35), കൃഷ്ണ (30) എന്നിവർ ചേർന്ന് തലയ്ക്കടിച്ചുകൊന്നത്.

മന്ത്രവാദത്തിനായി കൂടുതൽപ്പേർ ശ്രീനിവാസനെ സമീപിക്കുന്നതാണ് പ്രകാശിനെയും കൃഷ്ണയെയും ചൊടിപ്പിച്ചത്. കഴിഞ്ഞ മൂന്നുവർഷമായി ഇരുവർക്കും ശ്രീനിവാസനോട് വിരോധമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.

നെയ്ത്തുജോലിക്കാരായ ശ്രീനിവാസനും പ്രകാശും കൃഷ്ണയും ഇതിനൊപ്പം മന്ത്രവാദവും ചെയ്യുന്നുണ്ടായിരുന്നു. പനിപോലെയുള്ള രോഗം ബാധിക്കുന്ന ഗ്രാമവാസികൾ മന്ത്രംചൊല്ലി വെള്ളം തളിക്കുന്നതിനായി ഇവരെ സമീപിച്ചിരുന്നു. മൂന്നുവർഷംമുമ്പ് ക്ഷേത്ര ഉത്സവത്തിനിടെ ശ്രീനിവാസൻ പ്രവചനങ്ങൾ നടത്തിയതായും ഇതോടെ കൂടുതൽപ്പേർ മന്ത്രവാദത്തിനായി ഇയാളെ സമീപിച്ചു തുടങ്ങിയതായും പറയപ്പെടുന്നു. അന്നുമുതൽ സഹോദരങ്ങൾക്ക് ശ്രീനിവാസനുമായി വിരോധമായി.

അടുത്തിടെ പനിബാധിച്ച ശ്രീനിവാസനെ സഹോദരങ്ങളായ മന്ത്രവാദികൾ സമീപിച്ചു. ഇയാൾക്കുവേണ്ടി മന്ത്രവാദം ചെയ്യാമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി. വരുമാനം കുറഞ്ഞതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാകുകയും ചുറ്റിക ഉപയോഗിച്ച് ശ്രീനിവാസന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. പിന്നീട് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *