യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി തലയും വിരലുകളും വെട്ടി മാറ്റി; ഭർത്താവും മക്കളുമടക്കം 4 പേർ അറസ്റ്റിൽ

ഉത്തർപ്രദേശിൽ മകനുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് രണ്ടാം ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ബാന്ദ ജില്ലയിലാണ് സംഭവം. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തലയും വിരലുകളും വെട്ടി മാറ്റി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ ഭർത്താവും മക്കളുമടക്കം 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ഉത്തർപ്രദേശിലെ ബാന്ദ ജില്ലയിൽ നിന്നാണ് സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം പൊലീസ് കണ്ടെത്തിയത്. മൃതദേഹത്തിൽ നാല് വിരലുകൾ ഉണ്ടായിരുന്നുമില്ല. പൊലീസ് നടത്തിയ തെരച്ചിലിൽ മൃതദേഹം കിടന്ന സ്ഥലത്തുനിന്നും അൽപം മാറി സ്ത്രീയുടെ തല കണ്ടെത്തി. തലമുടി വെട്ടിമാറ്റി, പല്ലുകൾ പറിച്ചെടുത്ത നിലയിലായിരുന്നു.

പൊലീസ് അന്വേഷണത്തിൽ മൃതദേഹം മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ താമസിക്കുന്ന രാംകുമാർ അഹിർവാറിന്റെ ഭാര്യ മായാദേവിയുടേതാണെന്ന് കണ്ടെത്തി. തുടർ അന്വേഷണത്തിൽ യുവതിയുടെ കുടുംബാംഗങ്ങൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സൂചന ലഭിച്ചു. ഭർത്താവ് രാംകുമാർ, മക്കളായ സൂരജ് പ്രകാശ്, ബ്രിജേഷ്, അനന്തരവൻ ഉദയ്ഭൻ എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ തുടങ്ങി. ഭർത്താവിനെയും മക്കളെയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

യുവതിയെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് പ്രതികൾ സമ്മതിച്ചതായി എസ്പി അങ്കുർ അഗർവാൾ പറഞ്ഞു. മായാദേവി രാംകുമാറിന്റെ രണ്ടാം ഭാര്യയാണ്. രാംകുമാറിന്റെ ഒരു മകനുമായി അവർക്ക് അവിഹിത ബന്ധമുണ്ടെന്ന് ഇയാൾ സംശയിച്ചിരുന്നു. തുടർന്ന് നാല് പ്രതികളും ചേർന്ന് മായാദേവിയെ ചമ്രഹ ഗ്രാമത്തിലേക്ക് കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കോടാലി കൊണ്ട് തലയും നാല് വിരലുകളും വെട്ടി മാറ്റുകയും ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും മഴുവും കണ്ടെടുത്തിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *