ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷപ്പെടാനായി യുവതി ഓടുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടി. 23 കാരിയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഹൈദരാബാദിന് സമീപം കൊമ്പള്ളിയിൽ ശനിയാഴ്ച രാത്രി 8.15 നാണ് സംഭവം. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലക്കാരിയായ യുവതി ഹൈദരാബാദിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയാണ്. മൊബൈൽഫോൺ ഡിസ്പ്ലേ കേടായതിനെത്തുടർന്ന് നന്നാക്കാനായി യുവതി മെഡിചലിൽ നിന്നും വൈകീട്ട് മൂന്നിന് സെക്കന്തരാബാദിലേക്ക് പോയി.
ഫോൺ നന്നാക്കിയശേഷം രാത്രി 7.15 ന് സെക്കന്തരാബാദിൽ നിന്നും മെഡ്ചലിലേക്കുള്ള ട്രെയിനിലെ ലേഡീസ് കോച്ചിൽ കയറി. കോച്ചിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾ ആൽവാൽ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. ഇതിനുശേഷം ഏകദേശം 25 വയസ്സ് പ്രായം തോന്നിക്കുന്ന, കറുപ്പ് നിറമുള്ള യുവാവ് തന്റെ അടുത്ത് വരികയും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു.
യുവതി ഇതിനെ എതിർത്തപ്പോൾ യുവാവ് ബലമായി ആക്രമിക്കാൻ ശ്രമിച്ചു. ഇതേത്തുടർന്ന് രക്ഷപ്പെടാനായി യുവതി ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. തലയിലും താടിയിലും വലതു കൈയിലും അരക്കെട്ടിലും ഗുരുതരമായി പരിക്കുണ്ട്. വഴിയാത്രക്കാരാണ് പരിക്കേറ്റ യുവതിയെ കണ്ട് ഉടൻ ആശുപത്രിയിൽ എത്തിച്ചത്. ആക്രമിക്കാൻ ശ്രമിച്ചയാളെ വീണ്ടും കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന് യുവതി പൊലീസിനോട് പറഞ്ഞു.